തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസത്തിന്റെ ലയന നടപടികൾ പൂർത്തിയാകുന്നതോടെ സ്കൂളുകളുടെ പേരിൽ മാറ്റം വരുകയും ഹെഡ്മാസ്റ്റർ തസ്തിക ഇല്ലാതാവുകയും ചെയ്യും. ഹെഡ്മാസ്റ്റർ തസ്തികക്ക് പകരം വിവിധ ശ്രേണിയിലുള്ള പ്രിൻസിപ്പൽ തസ്തിക സൃഷ്ടിക്കാനാണ് വിദഗ്ദ സമിതി റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.
12ാം ക്ലാസ് വരെയുള്ള ഗവ. ഹയർസെക്കൻഡറി സ്കൂളുകളുടെ പേര് ഗവ. സെക്കൻഡറി സ്കൂൾ എന്നാക്കി മാറ്റും. ഈ സ്കൂളിലെ മേധാവി ഗവ. സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയിരിക്കും. 10ാം ക്ലാസ് വരെയുള്ള സ്കൂളുകളുടെ പേര് ഹൈസ്കൂൾ എന്നതിനു പകരം ലോവർ സെക്കൻഡറി സ്കൂൾ എന്നാക്കി മാറ്റും. ഇവിടത്തെ ഹെഡ്മാസ്റ്റർ തസ്തിക ലോവർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എന്നാകും. ഏഴാം ക്ലാസ് വരെയുള്ള അപ്പർ പ്രൈമറി (യു.പി) സ്കൂളുകളുടെ പേര് പ്രൈമറി സ്കൂൾ എന്നായി മാറും. ഇവിടത്തെ ഹെഡ്മാസ്റ്റർ തസ്തിക അപ്പർ പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ എന്നായി മാറും. നാലാം ക്ലാസ് വരെയുള്ള ലോവർ പ്രൈമറി സ്കൂളുകൾ അതേപേരിൽതന്നെ തുടരും. ഇവിടത്തെ ഹെഡ്മാസ്റ്റർ ലോവർ പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ ആയി മാറും.
നിലവിലുള്ള ഹയർസെക്കൻഡറി, ഹൈസ്കൂൾ വേർതിരിവ് പൂർണമായും ഇല്ലാതാക്കുന്നതാണ് പരിഷ്കാരം. ഇതിനായി എട്ട് മുതൽ 12 വരെ ക്ലാസുകളെ സെക്കൻഡറിതലം എന്നാക്കി മാറ്റും. ഹൈസ്കൂൾ, ഹയർസെക്കൻഡറി അധ്യാപക തസ്തികകൾ ഇല്ലാതാകും. പകരം സെക്കൻഡറി അധ്യാപക തസ്തികകൾ മാത്രം. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെയുള്ള പി.ജിയും ബി.എഡും സെറ്റും. സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ തസ്തിക ഹൈസ്കൂൾ അധ്യാപകരുടെ പ്രമോഷൻ തസ്തികയാകും. ഹൈസ്കൂൾ അധ്യാപക തസ്തിക ഇല്ലാതാകുന്നതോടെ ഇതിലേക്ക് സെക്കൻഡറി അധ്യാപകരിൽനിന്ന് സീനിയോറിറ്റി അടിസ്ഥാനത്തിൽ നിയമനം നടത്തും.
ഹയർസെക്കൻഡറി അധ്യാപക തസ്തിക സെക്കൻഡറി സ്കൂൾ ടീച്ചർ (ഗ്രേഡ് വൺ) എന്നാക്കി മാറ്റും. ഇവർക്ക് എട്ട് മുതൽ 12 വരെ ക്ലാസുകളിൽ പഠിപ്പിക്കാം. എന്നാൽ, നിലവിൽ ഹയർസെക്കൻഡറികളിൽ പഠിപ്പിക്കുന്നവർ വിരമിക്കുന്നതു വരെ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിപ്പിച്ചാൽ മതി. ഹൈസ്കൂൾ അധ്യാപകരിൽ സെക്കൻഡറി സ്കൂൾ അധ്യാപക യോഗ്യതയുള്ളവരെ സെക്കൻഡറി സ്കൂൾ ടീച്ചർ (ഡീംഡ്) ആക്കിമാറ്റും.
സെക്കൻഡറി സ്കൂൾ യോഗ്യത ഇല്ലാത്തവർ ഹൈസ്കൂൾ അധ്യാപക തസ്തികയിൽ തുടരും. ഇവർ വിരമിക്കുന്നതോടെ ബന്ധപ്പെട്ട തസ്തിക ഇല്ലാതാകും. തുടർന്നുള്ള നിയമനങ്ങൾ സെക്കൻഡറി ടീച്ചർ തസ്തികയിൽ.
തിരുവനന്തപുരം: ഹയർസെക്കൻഡറികളിലെ ലാബ് അസിസ്റ്റന്റ് തസ്തിക രണ്ടുള്ളത് ഒന്നാക്കാനും പകരം ഒരു ലൈബ്രേറിയനെ നിയമിക്കാനും റിപ്പോർട്ടിൽ നിർദേശിക്കുന്നു. നിലവിലെ ലാബ് അസിസ്റ്റന്റുമാരിൽ ഒരാൾ വിരമിക്കുന്ന മുറക്ക് ഈ ക്രമീകരണം നടത്താം. ഹയർസെക്കൻഡറി സ്പെഷ്യൽ റൂൾസിൽ ലൈബ്രേറിയൻ തസ്തിക ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സൃഷ്ടിക്കാനോ നിയമനം നടത്താനോ സർക്കാർ തയാറായിരുന്നില്ല. സ്കൂളുകളുടെ ഏകീകരണം നടക്കുന്നതോടെ ലൈബ്രേറിയൻ തസ്തിക അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലയനം പൂർത്തിയാകുന്നതോടെ നിലവിൽ ഹൈസ്കൂൾ തലത്തിലുള്ള ക്ലാർക്ക്, പ്യൂൺ, ഫുൾടൈം/ പാർട് ടൈം മീനിയൽ തസ്തികകളുടെ സേവനം പുതിയ സെക്കൻഡറി സ്കൂൾ തലത്തിലേക്ക് വ്യാപിപ്പിക്കും. വി.എച്ച്.എസ്.ഇകളിലെ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റൻറ് തസ്തിക നിർത്തലാക്കാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.