തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ സ്കൂൾ പ്രവേശനത്തിന് തുടക്കമായി. ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ കുട്ടികളെ കൊണ്ടുവരാതെയുള്ള പ്രവേശനമാണ് നടക്കുന്നത്. ആദ്യദിവസമായ തിങ്കളാഴ്ച തന്നെ പ്രമുഖ സർക്കാർ സ്കൂളുകളിൽ എല്ലാം പ്രവേശനത്തിനായി ഒേട്ടറെ പേർ എത്തി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും പഠിക്കുന്ന കുട്ടികളെ കേരളത്തിലേക്ക് മാറ്റാനായി എത്തിയ രക്ഷിതാക്കളും ഇതിൽ ഉൾപ്പെടുന്നു.
തലസ്ഥാനത്ത് കോട്ടൺഹിൽ ഗവ. സ്കൂളിെൻറ പ്രൈമറി വിഭാഗത്തിൽ 200ലധികം വിദ്യാർഥികളാണ് ആദ്യദിനം പ്രവേശനം തേടി രജിസ്റ്റർ ചെയ്തത്. 22 പേർക്ക് പ്രവേശനം നൽകുകയും മറ്റുള്ളവർക്ക് അടുത്ത ദിവസങ്ങളിൽ പ്രവേശനത്തിന് എത്തേണ്ട സമയം നിശ്ചയിച്ചുനൽകുകയും ചെയ്തു. സാമൂഹിക അകലം പാലിക്കുന്നതിെൻറ ഭാഗമായി ആൾക്കൂട്ടം ഒഴിവാക്കാൻ വേണ്ടിയാണ് രക്ഷിതാക്കൾ രേഖകളുമായി സ്കൂളിൽ എത്തേണ്ട സമയം നിശ്ചയിച്ചുനൽകിയത്.
പ്രവേശനത്തിന് രജിസ്റ്റർ ചെയ്തതിൽ നൂറിലധികം കുട്ടികളും ഒന്നാം ക്ലാസിലേക്കാണ്. ഗൾഫിലും മറ്റ് സംസ്ഥാനങ്ങളിലും പഠിക്കുന്ന കുട്ടികളും സ്കൂൾ മാറാൻ വേണ്ടി രജിസ്റ്റർ ചെയ്തവരിൽ ഉൾപ്പെടുന്നു. ഒന്നാം ക്ലാസിന് പുറമെ മറ്റ് ക്ലാസുകളിലേക്കും പ്രവേശനത്തിന് ആദ്യ ദിവസം തന്നെ കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമ്പൂർണ പോർട്ടൽ (sampoorna.kite.kerala.gov.in) വഴിയുള്ള ഒാൺലൈൻ പ്രവേശന നടപടികൾ ഇൗ മാസം 25ന് ആരംഭിക്കും.
ഒന്നര മാസത്തിലേറെയായി അടച്ചിട്ട സ്കൂളുകൾ ശുചിയാക്കിയാണ് വിദ്യാർഥി പ്രവേശനത്തിനായി തുറന്നത്. കമ്യൂണിറ്റി കിച്ചണുകളായി പ്രവർത്തിച്ച സ്കൂളുകളും ഇക്കൂട്ടത്തിലുണ്ട്. കുട്ടികളുടെ പ്രവേശനത്തിനായി എത്തുന്ന രക്ഷാകർത്താക്കൾക്ക് കൈ അണുമുക്തമാക്കാനും സ്കൂളുകളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.