തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടിയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും നീക്കം ചെയ്ത പാഠഭാഗങ്ങൾ കേരള എൻജിനീയറിങ് എൻട്രൻസിന്റെ സിലബസിൽ ഉൾപ്പെടുത്തി വിദ്യാർഥികളോട് പ്രവേശന പരീക്ഷ കമീഷണറേറ്റിന്റെ വെല്ലുവിളി.
പഠനഭാരം ചൂണ്ടിക്കാട്ടി ആദ്യം എൻ.സി.ഇ.ആർ.ടിയും പിന്നീട്, വിദ്യാഭ്യാസ വകുപ്പും നീക്കം ചെയ്യുകയും പഠിപ്പിക്കാതിരിക്കുകയും ചെയ്തവയാണ് ജൂൺ ഒന്നു മുതൽ ഒമ്പതു വരെ നടത്താൻ നിശ്ചയിച്ച കേരള എൻട്രൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരാതിയുമായി സമീപിച്ച വിദ്യാർഥികളോട് ഇത് മത്സരപ്പരീക്ഷയാണെന്നും മുഴുവൻ പാഠഭാഗങ്ങളും പഠിക്കണമെന്നുമുള്ള മറുപടിയാണ് പ്രവേശന പരീക്ഷാ കമീഷണറേറ്റിൽ നിന്ന് നൽകിയത്.
ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ നിന്നാണ് പാഠഭാഗങ്ങൾ ഒഴിവാക്കിയത്. ഇക്കാര്യം എസ്.സി.ഇ.ആർ.ടി പ്രവേശന പരീക്ഷ കമീഷണറേറ്റിനെ രേഖാമൂലം അറിയിക്കുകയും പ്രോസ്പെക്ടസ് പരിഷ്കരണത്തിന്റെ ഭാഗമായുള്ള യോഗത്തിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതൊന്നും പരിഗണിക്കാതെ സ്കൂളുകളിൽ പഠിപ്പിക്കാതെ ഒഴിവാക്കിയ പാഠഭാഗങ്ങൾ മാറ്റമില്ലാതെ പകർത്തിവെച്ച സിലബസ് സഹിതമാണ് പ്രവേശന പരീക്ഷ പ്രോസ്പെക്ടസ് തയാറാക്കിയതും ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച് ഉത്തരവിറക്കിയതും.
പിന്നാക്ക വിദ്യാർഥികളുടെ സീറ്റ് തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഫ്ലോട്ടിങ് സംവരണം അട്ടിമറിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കളമൊരുക്കുന്നതിനിടെയാണ് ഇത്. എന്നാൽ, നിലവിൽ ഹയർ സെക്കൻഡറി സിലബസിന്റെ പാഠഭാഗമല്ലാത്ത പാഠഭാഗങ്ങൾ എന്തടിസ്ഥാനത്തിലാണ് പ്രവേശന പരീക്ഷയുടെ സിലബസിൽ ഉൾപ്പെടുത്തിയതെന്ന ചോദ്യത്തിന് പ്രവേശന പരീക്ഷ കമീഷണറേറ്റിന് മറുപടിയില്ല.
എൻ.സി.ഇ.ആർ.ടി തീരുമാനത്തെ തുടർന്ന് ജെ.ഇ.ഇ മെയിൻ, നീറ്റ്-യു.ജി പരീക്ഷകളുടെ സിലബസിൽ നിന്ന് ഇവ ഒഴിവാക്കിയെങ്കിലും കേരള എൻട്രൻസിൽ നിന്ന് ഒഴിവാക്കാൻ തയാറായില്ലെന്നതാണ് വിചിത്രം. പ്രവേശന പരീക്ഷ കമീഷണറേറ്റിന്റെ തീരുമാനം എൻട്രൻസ് പരിശീലനത്തിന് പോകാൻ കഴിയാത്ത പാവപ്പെട്ട വിദ്യാർഥികളെയായിരിക്കും പ്രധാനമായും ബാധിക്കുക. പ്രവേശന പരീക്ഷയിലെ ഓരോ മാർക്കും റാങ്കിനെ സ്വാധീനിക്കും.
ഹയർ സെക്കൻഡറി ക്ലാസുകളുടെ ബലത്തിൽ മാത്രം പ്രവേശന പരീക്ഷ എഴുതാനെത്തുന്ന ഈ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരോട് ‘കൊലച്ചതി’യാണ് പ്രവേശന പരീക്ഷ കമീഷണറേറ്റും ഉന്നത വിദ്യാഭ്യാസ വകുപ്പും ചെയ്തിരിക്കുന്നതെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.