കാസർകോട്: കാസര്‍കോടിനെ ഉന്നത വിദ്യാഭ്യാസത്തിെൻറ കേന്ദ്രമാക്കാന്‍ ഉതകുന്നതായിരിക്കും കണ്ണൂര്‍ സര്‍വകലാശാലയുടെ മഞ്ചേശ്വരം കാമ്പസെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ എട്ടാമത് കാമ്പസ് മഞ്ചേശ്വരത്ത് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഈ വര്‍ഷംതന്നെ ഇവിടെ എല്‍എല്‍.എം കോഴ്സ് ആരംഭിക്കുന്നതിെൻറ ഭാഗമായി കോഴ്സിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത വര്‍ഷം എല്‍എല്‍.ബി കോഴ്സും ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. മഞ്ചേശ്വരം കാമ്പസിനെ അക്കാദമികമികവിെൻറ കേന്ദ്രമാക്കി മാറ്റും. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ഇതിനെ ഭാഷാവൈവിധ്യ പഠനകേന്ദ്രമായി വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്ഥിരം അധ്യാപകരുടെ കുറവുമൂലം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ച് പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ തന്നെ വിദ്യാർഥികള്‍ക്ക് ഉന്നത പഠനത്തിന് മികച്ച വിദ്യാഭ്യാസ സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. 72 സ്ഥിരം അധ്യാപകരാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉള്ളത്. അതിൽ 113 അധ്യാപകര്‍ കരാര്‍ വേതനത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമായ അധ്യാപക തസ്തിക സൃഷ്ടിച്ച് നിലവിലെ പരിമിതികള്‍ മറികടക്കുന്നതിന് ആവശ്യമായ പരിഗണന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
എ.കെ.എം. അഷ്റഫ് എം.എല്‍.എ ഉദ്ഘാടന ശിലാഫലകം അനാച്ഛാദനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന് സ്വാഗതം പറഞ്ഞു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, സബ് ജഡ്ജ് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി എം. ഷുഹൈബ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സിൻഡിക്കേറ്റ് മെംബര്‍ ഡോ. എ. അശോകന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. സരിത, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷമീല ടീച്ചര്‍, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജീന്‍ ലവീന് മോന്താരോ, ജില്ല പഞ്ചായത്തംഗം കെ. കമലാക്ഷി, സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍. അബ്ദുൽ ഹമീദ്, മഞ്ചേശ്വരം പഞ്ചായത്തംഗം യാദവ ബഡാജെ, കാമ്പസ് ഡയറക്ടര്‍ ഡോ. ഷീനാ ഷുക്കൂര്‍, യൂനിവേഴ്സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ.വി. ശില്പ, സിന്‍ഡിക്കേറ്റ് അംഗം രാഖി രാഘവന്, രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി കെ.ആര്. ജയാനന്ദ, സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പ്രോ-വൈസ് ചാന്‍സലര്‍ എ. സാബു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.