കോഴിക്കോട്: മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഒരു മാസം നേരത്തെ എൽഎൽ.എം പ്രവേശനം നടത്തുന്നത് എം.ജി, കാലിക്കറ്റ് സർവകലാശാലകളിലെ എൽഎൽ.ബി വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് തടസ്സം സൃഷ്ടിക്കുന്നതായി പരാതി. എം.ജിയും കാലിക്കറ്റും ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ് എൻട്രൻസ് കമീഷൻ പ്രവേശന നടപടികളിലേക്ക് നീങ്ങിയതാണ് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ വർഷം ഡിസംബർ 19നായിരുന്നു എൽഎൽ.എം ആദ്യ അലോട്ട്മെന്റ് തുടങ്ങിയത്.
എന്നാൽ, ഇത്തവണ ഈ മാസം നാലു മുതൽ എട്ടു വരെയാണ് ആദ്യ അലോട്ട്മെന്റ് നടക്കുന്നത്. ഇതോടെ റാങ്ക് പട്ടികയിൽ മുന്നിലെത്തിയിട്ടും എം.ജി, കാലിക്കറ്റ് വിദ്യാർഥികൾക്ക് പ്രവേശനം നേടാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോൾ പ്രവേശനം നേടിയില്ലെങ്കിൽ അടുത്ത അധ്യയനവർഷം എൻട്രൻസ് എഴുതിയശേഷം മാത്രമേ ഇവർക്ക് പഠനം തുടരാനാവൂ. കേരള സർവകലാശാല ജൂണിൽ എൽഎൽ.ബി ഫലം പ്രഖ്യാപിച്ചിരുന്നു.
എം.ജി സർവകലാശാലയിൽ പരീക്ഷ പൂർത്തിയായെങ്കിലും ഫലം പ്രഖ്യാപിച്ചിട്ടില്ല. കാലിക്കറ്റിൽ പരീക്ഷ ആരംഭിച്ചത് ഇക്കഴിഞ്ഞ നാലിനാണ്. കാലിക്കറ്റ് വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 18ന് ഫലം പ്രഖ്യാപിച്ചാൽ മതി. ഇക്കാര്യങ്ങൾ മുഖവിലക്കെടുക്കാതെ എൽഎൽ.എം പ്രവേശനം ആരംഭിച്ചതാണ് വിദ്യാർഥികൾക്ക് തിരിച്ചടിയായത്.
നിലവിൽ കേരളയിലെ വിദ്യാർഥികൾക്കു മാത്രമേ എൽഎൽ.എം പ്രവേശനം നേടാൻ സാധിക്കൂ. ചട്ടപ്രകാരം എൽഎൽ.ബി അവസാന സെമസ്റ്റർ വിദ്യാർഥികൾക്കും എൽഎൽ.എം പ്രവേശന പരീക്ഷ എഴുതാം. പ്രവേശനം നേടുന്ന സമയത്ത് മാർക്ക് ലിസ്റ്റോ സർട്ടിഫിക്കറ്റോ ഹാജരാക്കിയാൽ മതി. കാലിക്കറ്റ്, എം.ജി സർവകലാശാലകളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികൾ പ്രവേശന പരീക്ഷ എഴുതി ആദ്യ റാങ്കിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ, അലോട്ട്മെന്റ് നടപടി തുടങ്ങിയിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഇവർക്ക് പ്രവേശനം നേടാനാവില്ല. എൻട്രൻസ് എക്സാമിനേഷൻ കമീഷൻ കലണ്ടറും സർവകലാശാലകളുടെ കലണ്ടറും യോജിച്ചുപോകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥികൾ എല്ലാവർഷവും ഈ പ്രശ്നം അനുഭവിക്കുന്നുണ്ട്. എന്നിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയാറായിട്ടില്ല. പ്രവേശന നടപടികൾക്കെതിരെ കോടതിയെ സമീപിക്കാനിരിക്കുകയാണ് ഒരുകൂട്ടം വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.