തിരുവനന്തപുരം: കുടിശ്ശിക 30 കോടി രൂപ കവിഞ്ഞതോടെ എൽ.എസ്.എസ്, യു.എസ്.എസ് കോളർഷിപ്പിന്റെ എണ്ണം വെട്ടിക്കുറക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് ശിപാർശ സമർപ്പിച്ചു. എൽ.എസ്.എസിന് 60 ശതമാനം മാർക്ക് നേടുന്നവർക്കും യു.എസ്.എസിന് 70 ശതമാനം മാർക്ക് നേടുന്നവർക്കും സ്കോളർഷിപ് നൽകുന്ന രീതിക്കു പകരം, സ്കോളർഷിപ് നിശ്ചിത എണ്ണമായി കുറക്കാനാണ് ശിപാർശ. രണ്ട് സ്കോളർഷിപ്പുകളും പരമാവധി 5000 എണ്ണം വീതമായി പരിമിതപ്പെടുത്തും. പ്രതിവർഷം ഒന്നേമുക്കാൽ ലക്ഷത്തിലധികം കുട്ടികളാണ് രണ്ടു പരീക്ഷകൾക്കുമായി ഹാജരാകുന്നത്. എൽ.എസ്.എസിന് 1000 രൂപയും യു.എസ്.എസിന് 1500 രൂപയും മൂന്ന് വർഷത്തേക്കാണ് നൽകുന്നത്. 2019 മുതൽ സ്കോളർഷിപ് നേടിയവരുടെ എണ്ണത്തിലുണ്ടായ വൻ വർധനയാണ് തുക വിതരണം ചെയ്യാൻ കഴിയാത്ത രൂപത്തിലുള്ള പ്രതിസന്ധിയായതെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.
സർക്കാറിന് സാമ്പത്തിക പ്രതിസന്ധി വന്നതോടെ 2019 -20, 2020-21, 2021-22 അധ്യയന വർഷങ്ങളിലെ സ്കോളർഷിപ് തുക നൽകിയിട്ടില്ല. 31 കോടി രൂപയുടെ കുടിശ്ശിക ഉണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടിതന്നെ വ്യക്തമാക്കിയിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ വിഷയം ചർച്ചയായതോടെ നിർദേശം സമർപ്പിക്കാൻ പരീക്ഷാഭവൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സെക്രട്ടറിയുടെ നിർദേശം പരിശോധിച്ചാണ് ഡയറക്ടറുടെ ശിപാർശ. എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി നടത്തുന്ന നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് നൽകുന്നത് എല്ലാവർഷവും 3473 കുട്ടികൾക്കാണ്. ഇതേരീതിയിൽ എൽ.എസ്.എസ്/യു.എസ്.എസ് സ്കോളർഷിപ് ജില്ലകളിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി നിശ്ചയിച്ച് പരിമിതപ്പെടുത്തണമെന്നാണ് ശിപാർശ.
നിലവിൽ പരീക്ഷയിൽ 60/70 ശതമാനം മാർക്ക് നേടിയാൽ സ്കോളർഷിപ്പിന് അർഹരാണ്. നിശ്ചിത ശതമാനം മാർക്കുള്ളവർക്കെല്ലാം പരീക്ഷയിൽ യോഗ്യത നേടിയെന്ന റിസൾട്ട് നൽകുകയും ഉയർന്ന മാർക്കുള്ള നിശ്ചിത എണ്ണം കുട്ടികൾക്ക് സ്കോളർഷിപ് നൽകാനുമാണ് ശിപാർശ. ഇതിനു പുറമെ, സ്കോളർഷിപ് നേടാനുള്ള കട്ട് ഓഫ് മാർക്ക് ഉയർത്താനുള്ള നിർദേശവും പരിഗണനയിലുണ്ട്. ശിപാർശ സർക്കാർ അംഗീകരിച്ചാൽ അടുത്ത വർഷം മുതൽ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ ഘടനയിൽ ഉൾപ്പെടെ മാറ്റം വരുത്തും. ഏപ്രിൽ 26ന് നടക്കുന്ന ഈ വർഷത്തെ പരീക്ഷ പഴയരീതിയിൽതന്നെ നടത്തിയാൽ മതിയെന്നാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.