കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള കൊൽക്കത്തയിലെ നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം 2024 ജനുവരിയിലാരംഭിക്കുന്ന എം.ടെക് സയൻസ് കമ്യൂണിക്കേഷൻ ദ്വിവത്സര ഫുൾടൈം കോഴ്സ് പ്രവേശനത്തിന് ഓൺലൈനായി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
ജെ.എൻ.യു ന്യൂഡൽഹിയുടെ അംഗീകാരത്തോടെ ഓഫ് കാമ്പസ് സംവിധാനത്തിലാണ് കോഴ്സ് നടത്തുന്നത്. വിദ്യാർഥികൾക്ക് 12,000 രൂപ പ്രതിമാസം ഫെലോഷിപ്പ് ലഭിക്കും. സൗജന്യമായി ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം. അപേക്ഷാഫീസില്ല. അഡ്മിഷൻ ഫീസായി 2000 രൂപ നൽകണം. എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ/തേർഡ് ജൻഡർ / ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് 1000 രൂപ മതി. ജനറൽ വിഭാഗത്തിൽപെടുന്നവർ ട്യൂഷൻ ഫീസായി പ്രതിമാസം 2000 രൂപ അടക്കണം.
പ്രവേശനയോഗ്യത: മ്യൂസിയോളജി ഉൾപ്പെടെ ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ എം.എസ്സി അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക് ബിരുദം. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/തേർഡ് ജൻഡർ/ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി. പ്രായപരിധി 30 വയസ്സ്. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.ncsm.gov.inൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം അപേക്ഷിക്കേണ്ടതാണ്.
ദേശീയതലത്തിൽ അഡ്മിഷൻ ടെസ്റ്റും ഇന്റർവ്യൂവും നടത്തിയാണ് സെലക്ഷൻ. വിവിധ സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിലും സ്കൂൾ, കോളജുകളിലും മറ്റും ജോലി ചെയ്യുന്നവർക്ക് സ്പോൺസേർഡ് വിഭാഗത്തിൽ നിർദേശാനുസരണം അപേക്ഷിക്കാം.വിജയകരമായി എം.ടെക് സയൻസ് കമ്യൂണിക്കേഷൻ പഠനം പൂർത്തിയാക്കുന്നവർക്ക് വിവിധ സയൻസ് മ്യൂസിയങ്ങളിലും മറ്റും ‘ക്യുറേറ്റർ’ തസ്തികയിൽ അപേക്ഷിക്കാൻ അർഹതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.