കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽ ഇക്കൊല്ലം നടത്തുന്ന മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി ജൂലൈ 19 വരെ സമർപ്പിക്കാം. എൽ.ബി.എസ് സെൻററാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.lbscentre.kerala.gov.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. എം.സി.എ നാല് സെമസ്റ്ററുകളായുള്ള രണ്ടു വർഷത്തെ റഗുലർ കോഴ്സാണ്.
അപേക്ഷ ഫീസ് 1000 രൂപ. പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് 500 രൂപ മതി. ചലാൻ ഡൗൺലോഡ് ചെയ്ത് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഫീസ് അടക്കാം.50 ശതമാനം മാർക്കിൽ കുറയാതെ ബി.സി.എ/ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/എൻജിനീയറിങ് ബിരുദമെടുത്തിരിക്കണം. അല്ലെങ്കിൽ പ്ലസ് ടു/ഡിഗ്രി തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് 50 ശതമാനം മാർക്കോടെ ബി.എ/ബി.എസ്സി/ബി.കോം ബിരുദമുണ്ടാകണം. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് 45 ശതമാനം മാർക്ക് മതി. ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.
എൽ.ബി.എസ് സെൻറർ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലായി നടത്തുന്ന പ്രവേശന പരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ് അഡ്മിഷൻ. എൻട്രൻസ് പരീക്ഷ തീയതി പിന്നീട് അറിയിക്കും. രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെയാണ് പരീക്ഷ. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ലോജിക്കൽ എബിലിറ്റി, ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവയിൽ ഒബ്ജക്ടിവ് മാതൃകയിൽ 120 ചോദ്യങ്ങളുണ്ടാവും.
റാങ്ക് ലിസ്റ്റിൽ സ്ഥാനം പിടിക്കുന്നവർക്ക് ഓപ്ഷൻ രജിസ്ട്രേഷന് പ്രത്യേകം സമയം അനുവദിക്കും. എൽ.ബി.എസ് സെൻററാണ് സീറ്റ് അലോട്ട്മെൻറ് നടത്തുക. 50 ശതമാനം സ്റ്റേറ്റ് മെറിറ്റിലും ശേഷിച്ച സീറ്റുകളിൽ സാമുദായിക സംവരണക്രമം പാലിച്ചുമാണ് അഡ്മിഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.