തിരുവനന്തപുരം: മെഡിക്കൽ യു.ജി, പി.ജി കോഴ്സുകളിലെ മുഴുവൻ സീറ്റുകളിലേക്കും ഏകീകൃത കൗൺസലിങ് വഴി പ്രവേശനം നടത്താൻ ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി)റെഗുലേഷൻ കൊണ്ടുവന്നെങ്കിലും ഇത്തവണ പഴയ രീതിയിൽതന്നെ പ്രവേശനം തുടർന്നേക്കും. മെഡിക്കൽ യു.ജി കോഴ്സുകളിൽ സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം സീറ്റ് അഖിലേന്ത്യ ക്വോട്ടയിൽതന്നെ നികത്തുമെന്നാണ് സൂചന. മെഡിക്കൽ യു.ജി പ്രവേശനത്തിനുള്ള നീറ്റ് യു.ജി പരീക്ഷഫലം പ്രസിദ്ധീകരിച്ചുള്ള വിജ്ഞാപനത്തിൽ പ്രവേശനം കഴിഞ്ഞ വർഷത്തെ രീതിയിലായിരിക്കുമെന്നാണ് പറയുന്നത്.
15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകൾ, എയിംസ്, ജിപ്മെർ, ബനാറസ് ഹിന്ദു സർവകലാശാല, അലീഗഢ് മുസ്ലിം സർവകലാശാല, ഡൽഹി സർവകലാശാല, കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിലെ എം.ബി.ബി.എസ് സീറ്റുകൾ എന്നിവ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവിസസിലെ (ഡി.ജി.എച്ച്.എസ്) മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) വഴി നികത്തുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. സർക്കാർ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റ് സംസ്ഥാനങ്ങളിലെ പ്രവേശന ഏജൻസികൾ വഴി നികത്തുന്നതാണ് നിലവിലുള്ള രീതി. കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സംസ്ഥാന ഏജൻസി എന്നനിലയിൽ പ്രവേശന പരീക്ഷ കമീഷണറേറ്റാണ് അലോട്ട്മെന്റ് നടത്തുന്നത്. ഇതിനു പകരം സംസ്ഥാനങ്ങൾ അലോട്ട്മെന്റ് നടത്തുന്ന സീറ്റുകൾ ഉൾപ്പെടെ ഏറ്റെടുത്ത് മുഴുവൻ സീറ്റുകളിലേക്കും എം.സി.സി വഴി ഏകീകൃത അലോട്ട്മെന്റ് നടത്താനാണ് ദേശീയ മെഡിക്കൽ കമീഷൻ റെഗുലേഷൻ കൊണ്ടുവന്നത്. ഇതു നടപ്പാകുന്നതോടെ മെഡിക്കൽ യു.ജി, പി.ജി കോഴ്സുകളിലെ മുഴുവൻ സീറ്റുകളിലേക്കും എം.സി.സി വഴി മാത്രമേ കൗൺസലിങ് നടത്താനാകൂ. ഇതുസംബന്ധിച്ച് കഴിഞ്ഞ മാർച്ച് 13ന് ഡി.ജി.എച്ച്.എസ് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പു സെക്രട്ടറിമാർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാർക്കും കത്തയച്ചിരുന്നു.
സംസ്ഥാനങ്ങളിലെ സംവരണ രീതിയും പി.ജി കോഴ്സുകളിലെ സർവിസ് ക്വോട്ട സംവരണവും ഉൾപ്പെടെ ചൂണ്ടിക്കാട്ടി കേരളവും തമിഴ്നാടും ഉൾപ്പെടെ സംസ്ഥാനങ്ങൾ ഇതിൽ ആശങ്ക അറിയിച്ചിരുന്നു. പിന്നാലെയാണ് ഏകീകൃത കൗൺസലിങ്ങിന് നിയമപ്രാബല്യം നൽകാൻ കേന്ദ്രസർക്കാർ റെഗുലേഷൻ കൊണ്ടുവന്നത്.
ഈ വർഷം ഏകീകൃത കൗൺസലിങ്ങിന് പകരം കഴിഞ്ഞ വർഷത്തെ രീതിയിലുള്ള പ്രവേശനമാണ് നീറ്റ് യു.ജി ഫലം പ്രസിദ്ധീകരിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിലുള്ളത്. 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലെയും കേന്ദ്ര/ കൽപിത സർവകലാശാലകളിലെയും ഉൾപ്പെടെ സീറ്റുകളിലേക്കും പ്രവേശനം ഡി.ജി.എച്ച്.എസിന് കീഴിലുള്ള എം.സി.സി വഴിയാകുമെന്നും വിദ്യാർഥികൾ വെബ്സൈറ്റ് പരിശോധിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
എന്നാൽ, മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള നീറ്റ് -പി.ജി ഫലം പ്രസിദ്ധീകരിച്ച് മൂന്നുമാസം പിന്നിട്ടിട്ടും കൗൺസലിങ് രീതി സംബന്ധിച്ച് ഡി.ജി.എച്ച്.എസ് വ്യക്തത നൽകിയിട്ടില്ല.
കേരള റാങ്ക് പട്ടിക തയാറാക്കാൻ കത്ത് നൽകും
തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് -യു.ജി പരീക്ഷാഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ കേരള റാങ്ക് പട്ടിക തയാറാക്കാൻ സംസ്ഥാനത്തുനിന്ന് യോഗ്യത നേടിയ വിദ്യാർഥികളുടെ വിവരം ലഭ്യമാക്കാൻ പ്രവേശന പരീക്ഷ കമീഷണർ കത്ത് നൽകും. നീറ്റ് പരീക്ഷ നടത്തിപ്പ് ഏജൻസിയായ നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് (എൻ.ടി.എ) ഉടൻ കത്ത് നൽകുക.
കേരളത്തിൽ മെഡിക്കൽ പ്രവേശനത്തിന് കമീഷണർക്ക് അപേക്ഷ സമർപ്പിച്ചവരിൽനിന്ന് നീറ്റ് യോഗ്യത നേടിയവരെ സ്കോർ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തി കേരള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ഇതിന് മുമ്പായി നീറ്റ് സ്കോർ ഓൺലൈനായി കൺഫേം ചെയ്യാൻ പ്രവേശന പരീക്ഷ കമീഷണറേറ്റ് അവരമൊരുക്കും.
ഇതിനുശേഷം തയാറാക്കുന്ന റാങ്ക് പട്ടികയിൽനിന്നാകും കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റുകളിലേക്കും സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം നടത്തുക. ഇതിനു പുറമെ ഡെന്റൽ, ആയുർവേദ, ഹോമിയോ, യൂനാനി, സിദ്ധ. വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് കോഴ്സുകളിലേക്കും മറ്റ് അനുബന്ധ കോഴ്സുകളിലേക്കും കേരള റാങ്ക് പട്ടികയിൽനിന്നാകും പ്രവേശനം. നീറ്റ് യോഗ്യത നേടിയ, പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കായി ഒരു അവസരം കൂടി നൽകും. ഇതിനുള്ള വിജ്ഞാപനം പ്രവേശന പരീക്ഷ കമീഷണർ ഉടൻ പ്രസിദ്ധീകരിക്കും.
നീറ്റ് യോഗ്യത: കേരളത്തിൽ വർധന
തിരുവനന്തപുരം: കേരളത്തിൽനിന്ന് നീറ്റ് യു.ജി പരീക്ഷയിൽ യോഗ്യത നേടിയവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11,328 പേർ ഇത്തവണ അധികമായി യോഗ്യത നേടി. ഇത്തവണ 1,37,396 പേർ അപേക്ഷിച്ചതിൽ 1,33,450 പേർ പരീക്ഷക്ക് ഹാജരായി. ഇതിൽ 75,363 പേർ യോഗ്യത നേടി. 2022ൽ 1,28,053 പേർ അപേക്ഷിക്കുകയും 1,16,395 പേർ പരീക്ഷ എഴുതുകയും ചെയ്തതിൽ 64,034 പേരാണ് യോഗ്യത നേടിയത്. 2021ൽ 1,15,480 പേർ അപേക്ഷിച്ചപ്പോൾ 92,911 പേർ പരീക്ഷ എഴുതി. ഇതിൽ 59,404 പേർ യോഗ്യത നേടി. പരീക്ഷ എഴുതിയവരുടെയും യോഗ്യത നേടിയവരുടെയും എണ്ണത്തിൽ വർധനയുണ്ടെങ്കിലും മുൻനിര റാങ്കുകളിൽ കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ നേട്ടത്തിന്റെ വ്യക്തമായ വിവരം പ്രവേശന പരീക്ഷ കമീഷണർ സംസ്ഥാന റാങ്ക് പട്ടിക തയാറാക്കുമ്പോഴേ വ്യക്തമാകൂ. കഴിഞ്ഞ വർഷം ആദ്യ 100 റാങ്കിൽ നാലുപേരും 1000 റാങ്കിൽ 49 പേരും 5000 റാങ്കിൽ 361പേരും 10000 റാങ്കിൽ 721 പേരുമാണ് കേരളത്തിൽനിന്ന് ഉൾപ്പെട്ടത്. മുൻനിര റാങ്കിന്റെ അടിസ്ഥാനത്തിലാകും മെഡിക്കൽ പ്രവേശന സാധ്യത വ്യക്തമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.