തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലെ അഖിലേന്ത്യ ക്വോട്ട സീറ്റുകളിലെ രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്തെ പത്ത് സർക്കാർ മെഡിക്കൽ കോളജുകളിൽ ഇനി ബാക്കിയുള്ളത് 59 എം.ബി.ബി.എസ് സീറ്റുകൾ.
കേരളത്തിൽ അഖിലേന്ത്യ ക്വോട്ടയിൽ ആകെയുള്ള 232 സീറ്റുകളിൽ 172 വിദ്യാർഥികൾ പ്രവേശനം നേടി. അവശേഷിക്കുന്ന സീറ്റുകൾ മോപ് അപ് റൗണ്ട് കൗൺസലിങ്ങിലൂടെ നികത്തും. കഴിഞ്ഞ വർഷം വരെ രണ്ട് റൗണ്ട് അലോട്ട്മെന്റുകൾക്ക് ശേഷം ബാക്കിയുള്ള സീറ്റുകൾ സംസ്ഥാന ക്വോട്ടയിലേക്ക് തിരിച്ചുനൽകിയിരുന്നു. ഇത്തവണ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മുഴുവൻ സീറ്റുകളും നാല് റൗണ്ട് കൗൺസലിങ്ങിലൂടെ അഖിലേന്ത്യ ക്വോട്ടയിൽതന്നെ നികത്തും.
കോഴിക്കോട് മെഡിക്കൽ കോളജിൽ അഖിലേന്ത്യ ക്വോട്ടയിലെ മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം നടന്നു. തിരുവനന്തപുരത്ത് നാലും കോട്ടയത്ത് രണ്ടും തൃശൂരിൽ എട്ടും ആലപ്പുഴയിൽ 11ഉം എറണാകുളത്ത് അഞ്ചും മഞ്ചേരിയിൽ എട്ടും കണ്ണൂരിൽ ഏഴും കൊല്ലത്ത് പത്തും പാലക്കാട് അഞ്ചും വീതം സീറ്റുകളാണ് ബാക്കിയുള്ളത്.
അഖിലേന്ത്യ ക്വോട്ടയിൽ രണ്ടാംഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും പ്രവേശനം നേടുകയും ചെയ്തവർക്ക് സംസ്ഥാന കൗൺസലിങ് പ്രവേശന നടപടികളിൽ തുടർന്ന് പങ്കെടുക്കാനാകില്ല. സംസ്ഥാന റാങ്ക് പട്ടികയിൽനിന്ന് അഖിലേന്ത്യ ക്വോട്ടയിൽ രണ്ടാം ഘട്ടത്തിൽ പ്രവേശനം നേടുകയും സംസ്ഥാനത്തെ പ്രവേശന നടപടികളിൽനിന്ന് ഒഴിവാക്കുകയും ചെയ്തവരുടെ പട്ടിക പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: മെഡിക്കൽ/ ഡെന്റൽ -യു.ജി അഖിലേന്ത്യ ക്വോട്ട സീറ്റുകളിലെ മോപ് അപ് റൗണ്ട് കൗൺസലിങ്ങിൽ പങ്കെടുക്കാനുള്ള ചോയ്സ് ഫില്ലിങ്ങും ലോക്കിങ്ങും 14ന് രാത്രി 11.55 വരെ നടത്താം. 19ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് 20 മുതൽ 27വരെ കോളജുകളിൽ പ്രവേശനം നേടാം.
മോപ് അപ് റൗണ്ടിന് ശേഷം ബാക്കിവരുന്ന സീറ്റുകൾ സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടിലൂടെ നികത്തും. ഈ റൗണ്ടിലേക്ക് പ്രത്യേകമായി ചോയ്സ് ഫില്ലിങ് ഉണ്ടായിരിക്കില്ല. മോപ് അപ് റൗണ്ടിലെ ചോയ്സ് തന്നെയായിരിക്കും സ്ട്രേ വേക്കൻസി റൗണ്ടിലേക്ക് പരിഗണിക്കുക. 29ന് സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ മാർച്ച് 30 മുതൽ ഏപ്രിൽ നാലുവരെ കോളജുകളിൽ പ്രവേശനം നേടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.