തിരുവനന്തപുരം: അശാസ്ത്രീയമായ കൗൺസലിങ്ങിൽ അഖിലേന്ത്യ ക്വോട്ട മെഡിക്കൽപ്രവേശനത്തിൽ അർഹരായ വിദ്യാർഥികൾ േപാലും പ്രവേശനം ലഭിക്കാതെ പുറത്ത്.
രാജ്യത്തെ മുഴുവൻ സർക്കാർ മെഡിക്കൽ കോളജുകളിലെയും 15 ശതമാനം സീറ്റെടുത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) നടത്തുന്ന അലോട്ട്മെൻറിലാണ് നൂറുകണക്കിന് ഒഴിവുണ്ടായിട്ടും മെറിറ്റുള്ള വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നത്.
അഖിലേന്ത്യ ക്വോട്ട പ്രവേശനം രണ്ട് റൗണ്ടിൽ ഒതുക്കുകയും ബാക്കി വരുന്നവ പുറത്തുനിൽക്കുന്നവരെ പരിഗണിക്കാതെ അതത് സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്നതുമാണ് നീതിനിഷേധത്തിന് വഴിവെക്കുന്നത്. തിരികെ നൽകുന്നതോടെ ഇൗ സീറ്റുകൾ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് മാത്രം അവകാശപ്പെട്ടതായി മാറുന്നു.
നീറ്റ് മെറിറ്റിൽ ഏറെ മുന്നിൽ വരുന്ന കേരളത്തിലേത് ഉൾപ്പെടെ വിദ്യാർഥികൾക്കാണ് ഇത് തിരിച്ചടിയായി മാറുന്നത്. നിലവിലുള്ള രണ്ട് റൗണ്ടിന് പകരം ഒരു റൗണ്ട് കൂടി അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിൽ ഉൾപ്പെടുത്തിയാൽ ഒേട്ടറെ വിദ്യാർഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ സംസ്ഥാന വ്യത്യാസമില്ലാതെ പ്രവേശനം ലഭിക്കും.
നിലവിൽ രണ്ട് റൗണ്ട് അലോട്ട്മെൻറിന് ശേഷം എയിംസ്, ജിപ്മെർ, കേന്ദ്ര/ കൽപിത സർവകലാശാലകളിലെ ഒഴിവുള്ള മെഡിക്കൽ സീറ്റുകളിലേക്ക് എം.സി.സി മോപ് അപ് അലോട്ട്മെൻറ് നടത്തുന്നുണ്ട്. ഇൗ റൗണ്ടിലേക്ക് അഖിലേന്ത്യ ക്വോട്ടയിലെ അവശേഷിക്കുന്ന സീറ്റുകൾ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. ഇൗ ആവശ്യവുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർഥികളും രക്ഷാകർത്താക്കളും.
അശാസ്ത്രീയമായ കൗൺസലിങ് രീതിയിൽ മാറ്റം വരുത്തി മെറിറ്റുള്ള വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കുന്ന രീതിയിൽ പരിഷ്കരിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞവർഷം രണ്ട് റൗണ്ട് അലോട്ട്മെൻറിന് ശേഷം ആയിരത്തിൽ അധികം എം.ബി.ബി.എസ് സീറ്റുകളാണ് അഖിലേന്ത്യ ക്വോട്ടയിൽ നിന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് തിരികെ നൽകിയത്.
അപ്പോഴും നീറ്റ് മാർക്കിലും റാങ്കിലും മുന്നിലുള്ള ഒേട്ടറെ വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ പുറത്തുണ്ടായിരുന്നു. തിരികെ നൽകുന്ന അഖിലേന്ത്യ സീറ്റുകളിൽ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് മാത്രമായി നീക്കിവെക്കുന്നതോടെ മെറിറ്റിൽ മുന്നിലാണെങ്കിലും ഇതര സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ കാഴ്ചക്കാരായി മാറുന്നു.
നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ വിദ്യാർഥികൾക്ക് സംസ്ഥാന വ്യത്യാസമില്ലാതെ രാജ്യത്താകെയുള്ള ഗവ. മെഡിക്കൽ കോളജിൽ കുറഞ്ഞ ഫീസിൽ പഠനം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് അഖിലേന്ത്യ ക്വോട്ട പ്രവേശന സമ്പ്രദായം കൊണ്ടുവന്നതെങ്കിലും നടത്തിപ്പിലെ അശാസ്ത്രീയത കാരണം ആയിരക്കണക്കിന് അർഹരായ വിദ്യാർഥികളെ പുറന്തള്ളുന്നതാണ് കൗൺസലിങ് രീതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.