മെഡിക്കൽ, ഡെൻറൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) 2023നുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു. ഏപ്രിൽ ആറിന് രാത്രി ഒമ്പതുവരെ അപേക്ഷ സമർപ്പിക്കാം.
അന്നുതന്നെ രാത്രി 11.50 വരെ ഫീസടക്കാം. https://neet.nta.nic.in/ വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാനാകൂ. മേയ് ഏഴിന് ഉച്ചക്കുശേഷം രണ്ടുമുതൽ 5.20വരെയാണ് (200 മിനിറ്റ്) പരീക്ഷ. ഒരു അപേക്ഷ മാത്രമേ ഒരു വിദ്യാർഥി സമർപ്പിക്കാവൂ. അപേക്ഷ സമർപ്പണത്തിന് മുമ്പ് വെബ്സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിൻ പൂർണമായും വായിച്ചിരിക്കണം.
അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാനുള്ള സമയം വെബ്സൈറ്റിലൂടെ അറിയിക്കും. വെബ്സൈറ്റിലുള്ള ഇൻഫർമേഷൻ ബുള്ളറ്റിൻ വായിച്ച് മനസ്സിലാക്കിയശേഷം സൂക്ഷ്മതയോടെയായിരിക്കണം അപേക്ഷ സമർപ്പണം. ഒരുമാസം സമയമുള്ളതിനാൽ മതിയായ സമയമെടുത്ത് മാത്രം അപേക്ഷ സമർപ്പണം പൂർത്തിയാക്കുക.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മുഴുവൻ കാറ്റഗറികളിലും അപേക്ഷ ഫീസിൽ 100 രൂപയുടെ വർധനയുണ്ട്. വിദേശത്തുള്ള കേന്ദ്രങ്ങളിൽ പരീക്ഷയെഴുതുന്നവരുടെ ഫീസിൽ 1000 രൂപയുടെ വർധനയുമുണ്ട്. ഫീസ് നിരക്ക്:
ജനറൽ വിഭാഗം: 1700 രൂപ
ജനറൽ ഇ.ഡബ്ല്യു.എസ്/ഒ.ബി.സി (നോൺക്രീമിലെയർ): 1600 രൂപ.
എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാർ/ ട്രാൻസ്ജെൻഡർ: 1000 രൂപ.
ഇന്ത്യക്ക് പുറത്തുള്ളവർ 9500 രൂപ.
ഒഴിവാക്കിയ പാഠഭാഗത്തിൽനിന്നുള്ള ചോദ്യങ്ങൾക്ക് ചോയ്സ്
പഠനഭാരം കുറക്കാൻ ഹയർസെക്കൻഡറി സിലബസിൽനിന്ന് വിവിധ പഠനബോർഡുകൾ ഒഴിവാക്കിയ പാഠഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങൾക്ക് നാല് വിഷയങ്ങൾക്കും ‘ബി’ പാർട്ടിൽ ചോയ്സ് നൽകാൻ എൻ.ടി.എ തീരുമാനിച്ചിട്ടുണ്ട്. ‘ബി’ പാർട്ടിലെ 15 ചോദ്യങ്ങളിൽ പത്തെണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത്.
നീറ്റ് (യു.ജി) പരീക്ഷക്കായി ദേശീയ മെഡിക്കൽ കമീഷൻ നേരത്തേ വിജ്ഞാപനം ചെയ്ത സിലബസ് വെബ്സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിന്റെ അനുബന്ധം മൂന്നായി ചേർത്തിട്ടുണ്ട്. https://www.nmc.org.in/neet/neet-ug എന്ന ദേശീയ മെഡിക്കൽ കമീഷൻ വെബ്സൈറ്റ് ലിങ്കിലും സിലബസ് ലഭ്യമാണ്.
• അപേക്ഷകർ 2006 ഡിസംബർ 31നോ അതിന് മുമ്പോ ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല.
• 2023ൽ 12ാം തരം പരീക്ഷ ഫലം പ്രതീക്ഷിക്കുന്നവർ അപേക്ഷിക്കാൻ യോഗ്യരാണ്.
• ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി എന്നിവ മെയിൻ വിഷയങ്ങളായി പഠിച്ചിരിക്കണം. അഡീഷനൽ വിഷയമായി ബയോളജി പഠിച്ച് 12ാംതരം വിജയിച്ചവർക്കും അപേക്ഷിക്കാം.
• 12ാംതരത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി, ഇംഗ്ലീഷ് എന്നിവയിൽ വിജയിക്കുകയും ഇതിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി എന്നിവക്ക് ഒന്നിച്ച് 50 ശതമാനം മാർക്കും നേടിയിരിക്കണം. എസ്.സി/ എസ്.ടി, ഒ.ബി.സി (നോൺക്രീമിലെയർ) എന്നീ വിഭാഗങ്ങൾക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി വിഷയങ്ങളിൽ ഒന്നിച്ച് 40 ശതമാനം മാർക്ക് മതി. ഭിന്നശേഷിക്കാർക്കും ഇത് 40 ശതമാനമായിരിക്കും.
• നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ് / സ്റ്റേറ്റ് ഓപൺ സ്കൂൾ/ അംഗീകൃത പരീക്ഷ ബോർഡുകളിൽനിന്ന് പ്രൈവറ്റായി പഠിച്ച് പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായവരും ബയോളജി/ ബയോടെക്നോളജി അധിക വിഷയമായി പഠിച്ച് യോഗ്യത നേടിയവരും കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാൻ യോഗ്യരാണ്.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ/ ചെങ്ങന്നൂർ, കോട്ടയം, ഇടുക്കി, എറണാകുളം/ മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവയായിരിക്കും പരീക്ഷ നടക്കുന്ന നഗരകേന്ദ്രങ്ങൾ.
ലക്ഷദ്വീപിൽ കവരത്തിയിലായിരിക്കും പരീക്ഷ. ഗൾഫിൽ കുവൈത്ത് സിറ്റി, ദുബൈ, അബൂദബി, ദോഹ, മനാമ, റിയാദ്, ഷാർജ എന്നീ നഗരങ്ങളിലും ബാങ്കോക്ക്, കൊളംബോ, കാഠ്മണ്ഡു, ക്വാലാലംപുർ, ലാഗോസ്, സിംഗപ്പൂർ എന്നീ വിദേശ നഗരകേന്ദ്രങ്ങളിലും പരീക്ഷയുണ്ടാകും. അപേക്ഷയിൽ തെരഞ്ഞെടുത്ത പരീക്ഷ കേന്ദ്രം പിന്നീട് മാറ്റാനാകില്ല.
രാജ്യത്തെ മെഡിക്കൽ യു.ജി (എം.ബി.ബി.എസ്) പ്രവേശനം പൂർണമായും നീറ്റ് റാങ്ക് പട്ടികയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. അഖിലേന്ത്യ ക്വോട്ട, സംസ്ഥാന ക്വോട്ട, കേന്ദ്ര സർവകലാശാലകൾ, എയിംസ്/ ജിപ്മെർ, സ്വകാര്യ കൽപിത സർവകലാശാലകൾ ഉൾപ്പെടെ മുഴുവൻ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള ഏക പ്രവേശന പരീക്ഷ നീറ്റ് യു.ജി മാത്രമായിരിക്കും.
കേരളത്തിൽ സർക്കാർ/ സ്വാശ്രയ മെഡിക്കൽ, ഡെൻറൽ കോളജുകളിൽ മുഴുവൻ എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റുകളിലേക്കും (അഖിലേന്ത്യ ക്വോട്ട ഒഴികെ) പ്രവേശന പരീക്ഷ കമീഷണർ ആയിരിക്കും അലോട്ട്മെൻറ് നടത്തുക. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന സംസ്ഥാന റാങ്ക് പട്ടികയിൽ നിന്നായിരിക്കും ഈ സീറ്റുകളിലേക്കുള്ള അലോട്ട്മെൻറ്.
കേരളത്തിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നിർബന്ധമായും നീറ്റ് പരീക്ഷ എഴുതി യോഗ്യത നേടിയിരിക്കണം. നീറ്റ് അപേക്ഷക്ക് പുറമെ ഈ വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണർക്ക് പ്രത്യേക അപേക്ഷയും സമർപ്പിക്കണം. ഇതിനായുള്ള വിജ്ഞാപനം (കീം 2023) പ്രവേശന പരീക്ഷ കമീഷണർ പ്രത്യേകം പുറപ്പെടുവിക്കും.
മെഡിക്കൽ, ഡെൻറൽ സീറ്റുകൾക്ക് പുറമെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി ബിരുദ കോഴ്സുകളിലേക്കും ബി.എസ്സി അഗ്രികൾച്ചർ (ഓണേഴ്സ്), ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, ബി.എസ്സി കോഓപറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് കോഴ്സുകളിലേക്കും നീറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള കേരള റാങ്ക് പട്ടികയിൽനിന്നായിരിക്കും അലോട്ട്മെൻറ്.
പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷ നൽകാത്ത വിദ്യാർഥികളെ സംസ്ഥാനത്തെ മെഡിക്കൽ, അനുബന്ധ കോഴ്സ് പ്രവേശനത്തിന് പരിഗണിക്കില്ല. അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്ക് https://mcc.nic.in/ വെബ്സൈറ്റ് വഴി മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് അലോട്ട്മെന്റ് നടത്തുക.
മൂന്ന് മണിക്കൂർ 20 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷ മേയ് ഏഴിന് ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടിന് ആരംഭിക്കും. ഒന്നരവരെ മാത്രമേ പരീക്ഷ കേന്ദ്രങ്ങളിൽ പ്രവേശനമുണ്ടാകൂ. ഒരു ചോദ്യത്തിന് നാല് മാർക്ക് എന്ന രീതിയിൽ മൊത്തം 720 മാർക്കിന്റെ ചോദ്യങ്ങൾ. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽനിന്നായിരിക്കും ചോദ്യങ്ങൾ. ഓരോ വിഷയത്തിൽനിന്നും രണ്ട് വിഭാഗങ്ങളിലായി ചോദ്യങ്ങളുണ്ടാകും.
‘എ’ വിഭാഗത്തിൽനിന്ന് 35 ചോദ്യങ്ങളും ‘ബി’ വിഭാഗത്തിൽനിന്ന് 15 ചോദ്യങ്ങളുമുണ്ടാകും. 15 ചോദ്യങ്ങളിൽനിന്ന് പത്തെണ്ണം തെരഞ്ഞെടുത്ത് ഉത്തരമെഴുതാം. പത്തിൽ കൂടുതൽ ഉത്തരമെഴുതിയാൽ ആദ്യ 10 ഉത്തരങ്ങളായിരിക്കും പരിഗണിക്കുക. നാല് വിഷയങ്ങളിൽനിന്നുമായി 200 ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.
ഓരോ ചോദ്യത്തിനും നാല് മാർക്കായിരിക്കും. തെറ്റായ ഓരോ ചോദ്യത്തിനും ഒരു മൈനസ് മാർക്ക് വീതമുണ്ടാകും. 35 ചോദ്യമുള്ള ഭാഗത്തിന് 140 മാർക്കും 15ൽ പത്തെണ്ണം തെരഞ്ഞെടുത്ത് എഴുതേണ്ട ഭാഗത്തിന് 40 മാർക്കുമായിരിക്കും. നാല് വിഷയങ്ങളിൽനിന്നുമായി മൊത്തം 720 മാർക്കിനായിരിക്കും ചോദ്യങ്ങൾ. മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും ചോദ്യം.
മലയാളം ഉൾപ്പെടെ 13 ഭാഷകളിലായിരിക്കും ചോദ്യങ്ങൾ ഉണ്ടാകുക. ചോദ്യപേപ്പറിന്റെ മീഡിയം അപേക്ഷയിൽ രേഖപ്പെടുത്തണം. ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മറാത്തി, ഒഡിയ, തമിഴ്, തെലുങ്ക്, ഉറുദു, പഞ്ചാബി എന്നീ ഭാഷകളിലും ചോദ്യങ്ങളുണ്ടാകും.
ഇംഗ്ലീഷ് ഒഴികെ ഭാഷ തെരഞ്ഞെടുക്കുന്നവരുടെ ചോദ്യപേപ്പറിൽ ആ ഭാഷക്ക് പുറമെ ഇംഗ്ലീഷ് വേർഷനിലുള്ള ചോദ്യങ്ങളും ചേർത്തിട്ടുണ്ടാകും. മലയാളം തെരഞ്ഞെടുക്കുന്നവർക്ക് മലയാളത്തിനൊപ്പം ഇംഗ്ലീഷിലുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയിരിക്കും. ഇംഗ്ലീഷ്, ഹിന്ദി ചോദ്യപേപ്പർ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാകും. മലയാളം ചോദ്യം കേരളത്തിലെയും ലക്ഷദ്വീപിലെയും കേന്ദ്രത്തിലായിരിക്കും ലഭ്യമാവുക.
പരീക്ഷ നടത്തിപ്പ് വിഡിയോയിൽ പകർത്തും. പരീക്ഷാർഥികൾ വിഡിയോഗ്രാഫി സമയത്ത് തല ഉയർത്തി കാമറയെ അഭിമുഖീകരിക്കണം. അപേക്ഷാർഥികളുടെ ഐഡൻറിറ്റി രേഖപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടി.
പരീക്ഷക്ക് ഷൂസ് ധരിച്ചെത്താൻ പാടില്ല. സ്ലിപ്പർ, ഉയരമില്ലാത്ത ഹീലുള്ള ചെരിപ്പ് എന്നിവയാകാം. കട്ടിയുള്ള സോളുള്ള പാദരക്ഷകൾ പാടില്ല. വസ്ത്രങ്ങളിൽ വലിയ ബട്ടണുകൾ പാടില്ല. അയഞ്ഞതും നീണ്ട സ്ലീവ് ഉള്ളതുമായ വസ്ത്രങ്ങൾ പാടില്ല. വിശ്വാസപരമായ വസ്ത്രങ്ങൾ/ സാമഗ്രികൾ ധരിക്കുന്നവർ പരിശോധനക്കായി റിപ്പോർട്ടിങ് സമയത്തിന്റെ രണ്ട് മണിക്കൂർ മുമ്പ് പരിശോധനക്കായി പരീക്ഷ കേന്ദ്രത്തിൽ എത്തണം.
പേപ്പർ കഷ്ണങ്ങൾ, ജോമട്രി/പെൻസിൽ പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാൽക്കുലേറ്റർ, പേന,സ്കെയിൽ, റൈറ്റിങ് പാഡ്, പെൻഡ്രൈവ്, ഇറേസർ, കാൽക്കുലേറ്റർ, ലോഗരിഥം ടേബിൾ, ഇലക്ട്രോണിക് പെൻ/ സ്കാനർ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, കൂളിങ് ഗ്ലാസ്, ഇയർ ഫോൺ , മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, വാലറ്റ്, ഹാൻഡ് ബാഗ്, ബെൽറ്റ് , തൊപ്പി, വാച്ച്, റിസ്റ്റ് വാച്ച്, ബ്രേസ്ലെറ്റ്, കാമറ, ആഭരണങ്ങൾ, ലോഹസാമഗ്രികൾ, ആഹാര പദാർഥങ്ങൾ.
• അപേക്ഷ സമർപ്പണം -മാർച്ച് ആറുമുതൽ ഏപ്രിൽ ആറിന് രാത്രി ഒമ്പതുവരെ
• ഓൺലൈനായി ഫീസടക്കൽ -ഏപ്രിൽ ആറിന് രാത്രി 11.50 വരെ (ഇന്ത്യൻ സമയം)
• പരീക്ഷ തീയതി -മേയ് ഏഴ് (ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടുമുതൽ 5.20 വരെ).
ഒന്നാം ഘട്ടം: https://neet.nta.nic.in/വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്സൈറ്റിലെ ‘NEET(UG) 2023 Registration’ലിങ്ക് വഴി പ്രവേശിച്ച് ‘New Registration’മെനുവിലൂടെയാണ് രജിസ്ട്രേഷൻ ആരംഭിക്കേണ്ടത്. വിദ്യാർഥിയുടെ പേര്/ മാതാവിന്റെയും പിതാവിന്റെയും പേര്, അപേക്ഷകന്റെ ജനന തീയതി എന്നിവ പത്താംതരം പരീക്ഷ രേഖയിലുള്ളതുപോലെ രേഖപ്പെടുത്തണം.
12ാം ക്ലാസിലെ ഫോട്ടോ പതിച്ച അഡ്മിറ്റ് കാർഡ്/ സ്കൂൾ ഐ.ഡി കാർഡ് നമ്പർ/ തെരഞ്ഞെടുപ്പ് ഐ.ഡി കാർഡ് (ഇ.പി.ഐ.സി നമ്പർ)/ റേഷൻ കാർഡ് നമ്പർ/ ഫോട്ടോയുള്ള ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് / പാസ്പോർട്ട് നമ്പർ/ സർക്കാർ ഇഷ്യൂ ചെയ്ത ഏതെങ്കിലും തിരിച്ചറിയൽ കാർഡിന്റെ നമ്പർ എന്നിവയിൽ ഏതെങ്കിലുമൊന്ന് തിരിച്ചറിയൽ രേഖയായി അപേക്ഷയിൽ ഉൾപ്പെടുത്തണം.
എൻ.ആർ.ഐ അപേക്ഷാർഥികൾ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തണം. വിദേശ പൗരന്മാർ/ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ പാസ്പോർട്ട് നമ്പർ/ പൗരത്വ സർട്ടിഫിക്കറ്റ് നമ്പർ എന്നിവയിൽ ഏതെങ്കിലുമൊന്ന് രേഖപ്പെടുത്തണം. അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും നിർബന്ധമായും അപേക്ഷാർഥിയുടെയോ രക്ഷാകർത്താവിന്റെയോ ആയിരിക്കണം.
അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും ഓൺലൈൻ ട്രാൻസാക്ഷൻ പാസ്വേഡ് (ഒ.ടി.പി) വഴി ഉറപ്പുവരുത്തും. ഒ.ടി.പിക്ക് 15 മിനിറ്റ് സമയപരിധിയേ ഉണ്ടാകൂ. ഇതിനുശേഷം ആവശ്യമെങ്കിൽ ‘RESEND OTP’ക്ലിക്ക് ചെയ്ത് പുതിയ ഒ.ടി.പി ജനറേറ്റ് ചെയ്യണം. പിൻകോഡ് സഹിതമുള്ള പൂർണമായ തപാൽ വിലാസം നൽകണം.
രണ്ടാം ഘട്ടം: ഈ ഘട്ടത്തിലാണ് സമ്പൂർണ വിവരങ്ങൾ നൽകേണ്ടത്. അപേക്ഷകന്റെ കാറ്റഗറി ഈ ഘട്ടത്തിൽ തെരഞ്ഞെടുത്ത് രേഖപ്പെടുത്തണം. പൗരത്വം, ഭിന്നശേഷി വിഭാഗം, പരീക്ഷയെഴുതാൻ ഉദ്ദേശിക്കുന്ന നഗരം, ചോദ്യപേപ്പർ ഏത് ഭാഷയിൽ വേണം എന്നിവയും ഈ ഘട്ടത്തിൽ രേഖപ്പെടുത്തണം.
12ാം തരം ഫലം പ്രതീക്ഷിക്കുന്നവർ ‘01’ കോഡ് സെലക്ട് ചെയ്ത് വിവരങ്ങൾ നൽകണം. 12ാം തരം വിജയിച്ചവർ 02 മുതൽ 07 വരെയുള്ള കോഡുകളിൽ ബാധകമായത് തെരഞ്ഞെടുത്ത് വിവരങ്ങൾ നൽകണം. അപേക്ഷാർഥിയുടെ പുതിയ കളർ/ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ (പാസ്പോർട്ട്, പോസ്റ്റ് കാർഡ് സൈസിൽ, 10 കെ.ബി -200 കെ.ബി, ജെ.പി.ജെ ഫോർമാറ്റിൽ) അപ്ലോഡ് ചെയ്യണം. തൊപ്പിയോ സൺ ഗ്ലാസോ മാസ്കോ ധരിച്ച ഫോട്ടോ പാടില്ല.
പതിവായി കണ്ണട ധരിക്കുന്നവർക്ക് അത്തരത്തിലുള്ള ഫോട്ടോ അനുവദനീയം. വെളുത്ത പശ്ചാത്തലമുള്ള ഫോട്ടോയിൽ മുഖത്തിന്റെ 80 ശതമാനവും രണ്ട് ചെവിയും വ്യക്തമായിരിക്കണം. ഒപ്പ് (വെള്ള പേപ്പറിൽ കറുത്ത മഷിയുടെ പേന ഉപയോഗിച്ച്, 4-30 കെ.ബി), ഇടത് കൈയുടെയും വലത് കൈയുടെയും വിരലുകളുടെ അടയാളം (10 -200 കെ.ബി) എന്നിവയും ജെ.പി.ജെ ഫോർമാറ്റിൽ സമർപ്പിക്കണം.
ഇവയുടെ മാതൃക വെബ്സൈറ്റിലെ ഇന്ഫർമേഷൻ ബുള്ളറ്റിനിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്. കാറ്റഗറി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), സിറ്റിസൺഷിപ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവ പി.ഡി.എഫ് ഫോർമാറ്റിലാണ് (50-300 കെ.ബി) സമർപ്പിക്കേണ്ടത്. അവ്യക്തമായ ഫോട്ടോ, സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിച്ചാൽ അപേക്ഷ നിരസിക്കും.
മൂന്നാം ഘട്ടം: ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കിയശേഷം പരീക്ഷ ഫീസ് അടയ്ക്കണം. നെറ്റ് ബാങ്കിങ്/ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്/ യു.പി.ഐ സേവനങ്ങൾ വഴി മാത്രമേ ഫീസടക്കാനാകൂ. ബാധകമായ പ്രോസസിങ് ചാർജ്/ ജി.എസ്.ടി എന്നിവ അപേക്ഷാർഥി ഒടുക്കണം.
ഫീസ് അടയ്ക്കൽ വിജയകരമായി പൂർത്തിയായാൽ മാത്രമേ അപേക്ഷയുടെ കൺഫർമേഷൻ പേജ് ജനറേറ്റ് ചെയ്യൂ. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക.
അപേക്ഷയുടെ മൂന്ന് ഘട്ടം ഒന്നിച്ചോ വ്യത്യസ്ത സമയത്തോ പൂർത്തിയാക്കാം. കൺഫർമേഷൻ പേജും പരീക്ഷക്ക് ശേഷമുള്ള ഒ.എം.ആർ ഷീറ്റിന്റെ സ്കാൻ ചെയ്ത കോപ്പിയും നീറ്റ് സ്കോർ കാർഡും അപേക്ഷയിൽ നൽകുന്ന ഇ-മെയിൽ വിലാസത്തിലൂടെ വിദ്യാർഥികൾക്ക് നൽകും.
അപേക്ഷയിൽ ഒരുതവണ രേഖപ്പെടുത്തി സമർപ്പിച്ച വിവരങ്ങൾ പിന്നീട് തിരുത്താനാകില്ല. അപേക്ഷ സമർപ്പിച്ചവർ ഇടക്കിടെ എൻ.ടി.എ വെബ്സൈറ്റും അപേക്ഷയിൽ നൽകിയ ഇ-മെയിലും പരിശോധിക്കണം. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്ന സമയം വെബ്സൈറ്റിലൂടെ അറിയിക്കും. അപേക്ഷ നടപടികൾ പൂർണമായും ഓൺലൈൻ ആയതിനാൽ രേഖകൾ തപാൽ, ഇ-മെയിൽ ഉൾപ്പെടെ മാർഗങ്ങളിൽ എൻ.ടി.എക്ക് സമർപ്പിക്കേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.