കോട്ടയം: എം.ജി സർവകലാശാലയിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത എം.എ സോഷ്യോളജി വിദ്യാർഥികളുടെ വൈവ പുനഃപരീക്ഷ വൈകുന്നു. 2018 അഡ്മിഷൻ മൂന്ന്, നാല് സെമസ്റ്റർ പരീക്ഷ എഴുതിയ വിദ്യാർഥികളാണ് നാലാം സെമസ്റ്ററിലെ വൈവയിൽ കൂട്ടത്തോടെ തോറ്റത്. പാരലൽ കോളജ് അസോസിയേഷൻ നൽകിയ പരാതിയിൽ ഒരാഴ്ചക്കകം പരീക്ഷ നടത്തുമെന്നാണ് സർവകലാശാല അറിയിച്ചിരുന്നത്. എന്നാൽ, ഒരു മാസമായിട്ടും സർവകലാശാലയുടെ ഭാഗത്തുനിന്ന് അനക്കമില്ല.
ഫെബ്രുവരിയിൽ ഫലം വന്നപ്പോൾ പരീക്ഷ എഴുതിയ 74 പേരിൽ 54 പേരും പരാജയപ്പെട്ടു. തോറ്റ 54 പേരിൽ 50 പേർക്കും കിട്ടിയത് 35 മാർക്ക്. ജയിക്കാൻ വേണ്ടത് 40 മാർക്കാണ്. 23 കുട്ടികൾ വൈവയിൽ മാത്രം പരാജയപ്പെട്ടു. ഒരു കുട്ടിക്ക് മാത്രമാണ് 60 ശതമാനത്തിൽ കൂടുതൽ മാർക്കുള്ളത് (65 മാർക്ക് ).
ജയിച്ച മറ്റുള്ളവരിൽ ഒരാൾക്ക് വൈവക്ക് 50ഉം ഏഴു പേർക്ക് 45ഉം ബാക്കിയുള്ളവർക്ക് മിനിമം മാർക്ക് ആയ 40ഉം ആണ് ലഭിച്ചത്. 2018ൽ ആരംഭിച്ച പി.ജി കോഴ്സ് 2020 ജൂലൈയിൽ പൂർത്തീകരിക്കേണ്ടതായിരുന്നു. ഏകദേശം രണ്ടു വർഷം താമസിച്ചാണ് പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ചത്. അതിനിടെയാണ് ഇപ്പോൾ വൈവ പരീക്ഷയിലൂടെ തോൽപിച്ച് കുട്ടികളുടെ അക്കാദമിക വർഷം വീണ്ടും നഷ്ടപ്പെടുത്തുന്നത്.
മാർച്ച് നാലിന് ഫലം വന്ന 2018 അഡ്മിഷൻ എം.കോം (പ്രൈവറ്റ് ) പരീക്ഷയിലും കൂട്ടത്തോൽവിയായിരുന്നു. 2100 പേർ എഴുതിയതിൽ 125 പേർ മാത്രമാണ് വിജയിച്ചത്. ഇവരിൽ ഭൂരിപക്ഷവും മൂന്ന്, നാല് സെമസ്റ്ററിലെ പേപ്പറുകളിലാണ് പരാജയപ്പെട്ടത്. ഫലം പ്രഖ്യാപിച്ചുകൊണ്ടുള്ള സർവകലാശാല വിജ്ഞാപനത്തിൽ ആകെ എഴുതിയവരുടെ എണ്ണവും ജയിച്ചവരുടെ എണ്ണവും നൽകാറുണ്ട്. എന്നാൽ, എം.കോം പരീക്ഷഫലത്തിൽ ഈ എണ്ണം കൊടുത്തിട്ടില്ല. 2020 ജൂലൈ 31ന് മുമ്പ് ഇവരുടെ ഫലം വരേണ്ടതായിരുന്നു. എന്നാൽ, 2022 ജനുവരിവരെ പരീക്ഷ നീണ്ടു.
റഗുലർ വിദ്യാർഥികൾക്ക് യഥാസമയം പരീക്ഷ നടത്തുമ്പോൾ പ്രൈവറ്റ് വിദ്യാർഥികളെ അവഗണിക്കുകയാണെന്ന് പാരലൽ കോളജ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ആർ. അശോക് കുമാർ ആരോപിക്കുന്നു. മൂല്യനിർണയത്തിലെ അപാകതയും സമയബന്ധിതമായി നടത്താത്ത സെമസ്റ്റർ പരീക്ഷകളും വിദ്യാർഥികളുടെ ഫലത്തെ ദോഷമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.