ന്യൂഡൽഹി: രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിലവിലുള്ള അക്രഡിറ്റേഷൻ സംവിധാനം പൊളിച്ചെഴുതാനൊരുങ്ങി യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷനു കീഴിലെ സ്വയംഭരണ സമിതിയായ നാക്.
കഴിഞ്ഞ ദിവസം ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് നിലവിലുള്ള സംവിധാനത്തിൽ കാര്യമായ മാറ്റങ്ങൾക്ക് തീരുമാനമെടുത്തത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അക്രഡിറ്റേഷൻ ഉള്ളവയും ഇല്ലാത്തവയും എന്നിങ്ങനെ ബൈനറി അക്രഡിറ്റേഷൻ സംവിധാനത്തിലേക്ക് മാറും. സ്ഥാപനങ്ങളുടെ നിലവാരമനുസരിച്ച് ഒന്നു മുതൽ അഞ്ചു വരെ ലെവലുകൾ ഉള്ളവയായും തിരിക്കും. നാലു മാസത്തിനുള്ളിൽ പുതിയ മാറ്റങ്ങൾ നിലവിൽ വരും.
വിവിധ ഗ്രേഡുകളായി തിരിച്ച് നിലവിലുള്ള സംവിധാനത്തിന് പകരമാണ് അക്രഡിറ്റേഷൻ ഉള്ളവയും ഇല്ലാത്തവയും എന്ന ബൈനറി സംവിധാനം കൊണ്ടുവരുന്നത്.
എല്ലാ സ്ഥാപനങ്ങളും അക്രഡിറ്റേഷൻ പരിധിയിൽ വരുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ലോകത്തെ മുൻനിര രാജ്യങ്ങളിൽ പ്രയോഗത്തിലുള്ളതാണിതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു. നാലു മാസത്തിനുള്ളിൽ ഇത് നടപ്പാക്കും. ഇതുവരെയും സ്വീകരിച്ചുവരുന്ന രീതിയനുസരിച്ചുള്ള സ്ഥാപനങ്ങൾക്ക് ഇനി അക്രഡിറ്റേഷന് അപേക്ഷ നൽകാനാകില്ല. നേരത്തെ നൽകി കാത്തിരിക്കുന്നവക്ക് പഴയതു പ്രകാരം വേണോ അതോ ബൈനറി അക്രഡിറ്റേഷനിലേക്ക് മാറണോ എന്ന് തിരഞ്ഞെടുക്കാം. നിലവാരമനുസരിച്ചുള്ള അഞ്ചു ലെവലുകൾ അടുത്ത ഡിസംബറോടെയാകും നിലവിൽ വരുക.
ഓരോ സ്ഥാപനത്തിന്റെയും നിലവാരമനുസരിച്ച് ഒന്നുമുതൽ ലെവലുകളും നിലവിൽ വരും. ആദ്യ നാലു ലെവലുകൾ ദേശീയാടിസ്ഥാനത്തിലുള്ള മികവ് പരിഗണിച്ചാകും നൽകുക. ഏറ്റവും ഉയർന്ന അഞ്ചാം ലെവൽ ആഗോള മികവുള്ളവക്കാകും. സ്ഥാപനങ്ങൾ പിന്തുടരുന്ന പ്രക്രിയകൾ, സ്വാധീനം, ഫലങ്ങൾ എന്നിവയാകും പ്രധാനമായും കണക്കിലെടുക്കുക.
ഐ.എസ്.ആർ.ഒ മുൻ അധ്യക്ഷൻ കെ. രാധാകൃഷ്ണൻ അധ്യക്ഷനായി 2022 നവംബറിൽ മന്ത്രാലയം നിയമിച്ച പ്രത്യേക സമിതിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമയബന്ധിതമായ അംഗീകാരം, മൂല്യനിർണയം, അക്രഡിറ്റേഷൻ, റാങ്കിങ് എന്നിവ സംബന്ധിച്ച നിർദേശങ്ങൾ നൽകിയത്. ജനുവരി 16ന് സമർപ്പിച്ച റിപ്പോർട്ടിന് ശനിയാഴ്ച അംഗീകാരം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.