തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന് ബദൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച കേരളത്തിൽ നയപ്രകാരമുള്ള കേന്ദ്ര നിർദേശങ്ങൾ നടപ്പാക്കിയതിന്റെ പുരോഗതി റിപ്പോർട്ട് തേടി കോളജ് വിദ്യാഭ്യാസ ഡയറക്ടർ. മുഴുവൻ പ്രിൻസിപ്പൽമാരോടും ഗൂഗിൾ ഫോം വഴി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
വിദ്യാഭ്യാസ മേഖലയുടെ കമ്പോളവത്കരണവും കാവിവത്കരണവും ലക്ഷ്യമിടുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് ബദൽ നടപ്പാക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപനം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കൊളോക്കിയത്തിൽ അടക്കം ഉന്നത വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ ഇത് ആവർത്തിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള പദ്ധതികളുടെ പുരോഗതി റിപ്പോർട്ട് ചോദിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർ പ്രിൻസിപ്പൽമാർക്ക് സന്ദേശം നൽകിയത്. നയം നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്താൻ കേന്ദ്രം വിളിച്ച ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ അവതരിപ്പിക്കുന്നതിനാണ് റിപ്പോർട്ട് തേടിയത്.
ഇലക്ടീവ് കോഴ്സ് സമ്പ്രദായം നടപ്പാക്കൽ, നാഷനൽ ഹയർ എജുക്കേഷൻ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക്, ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ്, മൂക്സ് ഉൾപ്പെടെയുള്ള ഓൺലൈൻ പഠന രീതികൾ, ഇന്റേൺഷിപ്/ അപ്രന്റീസ്ഷിപ്, ഇന്റേൺഷിപ്/ഗവേഷണം/അപ്രന്റീസ്ഷിപ് എന്നിവയിലെ ധാരണപത്രം, വ്യവസായ മേഖല സ്പോൺസർ ചെയ്ത പ്രൊജക്ടുകൾ തുടങ്ങിയ വിവരങ്ങളാണ് കോളജുകളോട് ആവശ്യപ്പെട്ടത്.
ദേശീയ വിദ്യാഭ്യാസ നയത്തിന് ബദലെന്ന രീതിയിൽ നാലുവർഷ ബിരുദ കോഴ്സും അതിനനുസൃതമായ പാഠ്യപദ്ധതി പരിഷ്കരണ നടപടികളുമാണ് സംസ്ഥാന സർക്കാർ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.