ചാത്തമംഗലം: നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ കഴിഞ്ഞ മാസം നടത്തിയ വിലയിരുത്തലിൽ കോഴിക്കോട് നാഷനൽ എൻ.ഐ.ടിക്ക് അഭിമാനാർഹമായ നേട്ടം. എൻ.ഐ.ടി നടത്തുന്ന സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ അഞ്ചു പ്രധാന ബി.ടെക് പ്രോഗ്രാമുകൾക്ക് ഏറ്റവും മികച്ച ആറു വർഷത്തെ (2022-2028) അക്രഡിറ്റേഷൻ ലഭിച്ചു.
2022 നവംബർ 11 മുതൽ 13 വരെ രാജ്യത്തെ ഉന്നത സ്ഥാപനങ്ങളിൽനിന്നുള്ള 11 മുതിർന്ന പ്രഫസർമാരടങ്ങുന്ന വിദഗ്ധ സമിതിയുടെ പരിശോധന അടിസ്ഥാനമാക്കിയാണ് കോഴിക്കോട് എൻ.ഐ.ടി നടത്തുന്ന ബിരുദ പ്രോഗ്രാമുകൾക്ക് അക്രഡിറ്റേഷൻ നൽകിയത്.
കഴിഞ്ഞ മൂന്നു വർഷ കാലയളവിലെ ഗുണനിലവാര മാനദണ്ഡങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകി ഈ അഞ്ച് പ്രോഗ്രാമുകളുടെ എല്ലാ വശങ്ങളും സമിതി വിലയിരുത്തിയശേഷമാണ് ഈ പദവി നൽകിയത്. രാജ്യത്തെ എല്ലാ അക്കാദമിക് സ്ഥാപനങ്ങളും കോവിഡ് മഹാമാരിമൂലം നിരവധി വെല്ലുവിളികൾ നേരിട്ട കാലയളവിലാണ് കോഴിക്കോട് എൻ.ഐ.ടി ഈ അപൂർവ നേട്ടം കൈവരിച്ചത്. 2021ൽ എൻ.ബി.എ അവതരിപ്പിച്ച പുതിയ ഫോർമാറ്റിനെ അടിസ്ഥാനമാക്കിയാണ് നിലവിലെ മൂല്യനിർണയം നടത്തിയത്. മുമ്പത്തെ ഫോർമാറ്റുകളെ അപേക്ഷിച്ച് ഇത് പ്രായോഗികമായി നേടിയെടുക്കാൻ പ്രയാസമാണ്.
ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ അപൂർവം സ്ഥാപനങ്ങളിലൊന്നാണ് കോഴിക്കോട് എൻ.ഐ.ടി. അധ്യാപനത്തിനും ഗവേഷണത്തിനും കോഴിക്കോട് എൻ.ഐ.ടി ഉറപ്പാക്കുന്ന മികച്ച നിലവാരം ആവർത്തിച്ചുറപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.
2010 ജനുവരി മുതൽ നിലവിൽവന്ന ഒരു സ്വതന്ത്ര സ്വയംഭരണ സ്ഥാപനമായ എൻ.ബി.എ, സാങ്കേതിക സ്ഥാപനങ്ങൾ നടത്തുന്ന പ്രോഗ്രാമുകളുടെ അക്രഡിറ്റേഷൻ ചെയ്യുന്ന ആധികാരിക സ്ഥാപനം ആണ്. യു.എസ്.എ, യു.കെ, കാനഡ, ആസ്ട്രേലിയ, ഇന്ത്യ എന്നിവയുൾപ്പെടെ 22 രാജ്യങ്ങളുടെ അക്രഡിറ്റേഷൻ ബോഡികളുടെ ആഗോള കൺസോർട്യമായ വാഷിങ്ടൺ കരാർ നിർദേശിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആണ് എൻ.ബി.എ പ്രോഗ്രാമുകളുടെ വിലയിരുത്തൽ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.