ന്യൂഡൽഹി: ഏഴുമുതൽ 12 വരെ ക്ലാസുകളിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളിൽ ഹൈന്ദവ പുരാണങ്ങളായ രാമായണവും മഹാഭാരതവും ഉൾപ്പെടുത്താൻ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻ.സി.ഇ.ആർ.ടി) സിലബസ് പരിഷ്കരണത്തിന് നിയോഗിച്ച ഉന്നതതല സമിതിയുടെ ശിപാർശ. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗമായ മലയാളി പ്രഫ. സി.ഐ. ഐസക് അധ്യക്ഷനായ ഏഴംഗ സമിതിയാണ് എൻ.സി.ഇ.ആർ.ടിക്ക് ശിപാർശ നൽകിയത്. ഭരണഘടന ആമുഖം ക്ലാസ് റൂം ചുവരുകളിൽ എഴുതാനും ശിപാർശ ചെയ്തിട്ടുണ്ട്.
‘ ഏഴു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് പ്രാധാന്യമർഹിക്കുന്നതാണ്. കൗമാരപ്രായത്തിലുള്ള വിദ്യാർഥികൾ സ്വന്തം രാജ്യത്തിന് വേണ്ടി അവരുടെ ആത്മാഭിമാനവും ദേശസ്നേഹവും അഭിമാനവും വളർത്തിയെടുക്കുമെന്ന് ഞങ്ങൾ കരുതുന്നു.
ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർഥികൾ രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിൽ പൗരത്വം തേടുന്നത് അവരിൽ ദേശസ്നേഹത്തിന്റെ അഭാവം മൂലമാണ്. അതിനാൽ, അവരുടെ വേരുകൾ മനസ്സിലാക്കുകയും രാജ്യത്തോടും സംസ്കാരത്തോടും സ്നേഹം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും സി.ഐ. ഐസക് പറഞ്ഞു. നിലവിൽ, ചില വിദ്യാഭ്യാസ ബോർഡുകൾ വിദ്യാർഥികൾക്ക് രാമായണം പഠിപ്പിക്കുന്നുണ്ടെങ്കിലും അത് ഒരു മിഥ്യയായിട്ടാണ് പഠിപ്പിക്കുന്നത്. ഈ ഇതിഹാസങ്ങൾ വിദ്യാർഥികളെ പഠിപ്പിച്ചില്ലെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു ലക്ഷ്യവുമില്ല, അത് രാജ്യസേവനവുമാകില്ല.
രാമായണവും മഹാഭാരതവും സിലബസിൽ ഉൾപ്പെടുത്തണമെന്ന ശിപാർശ നേരത്തെയുണ്ടായിരുന്നു. സമിതി പുതിയ ശിപാർശകളൊന്നും നൽകിയിട്ടില്ലെന്നും ഐസക് വിശദീകരിച്ചു.
12-ാം ക്ലാസ് വരെയുള്ള സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ക്കുപകരം ‘ഭാരതം’ എന്ന് ഉപയോഗിക്കാൻ എൻ.സി.ഇ.ആർ.ടിക്ക് സമിതി ശിപാർശ ചെയ്തത് നേരത്തേ പുറത്തുവന്നിരുന്നു. ചരിത്രത്തിലെ നിരവധിയായ യുദ്ധങ്ങളെക്കുറിച്ച പാഠഭാഗങ്ങളിൽ ‘ഹിന്ദു വിജയ’ങ്ങൾ ഉയർത്തിക്കാട്ടണമെന്നാണ് മറ്റൊരു ശിപാർശ. ശിപാർശകൾ കരിക്കുലം കമ്മിറ്റി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചാണ് എൻ.സി.ഇ.ആർ.ടി സ്കൂൾ പാഠപുസ്തകങ്ങളിലെ പാഠ്യക്രമം പുതുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.