ന്യൂഡൽഹി: എം.ബി.ബി.എസ്/ബി.ഡി.എസ് എൻട്രൻസ് പരീക്ഷയായ നീറ്റിനുള്ള 'ഡ്രസ് കോഡ്' നിർദേശങ്ങൾ സി.ബി.എസ്.ഇ പുറത്തിറക്കി. ഹിജാബ് ഉൾപ്പടെയുള്ള ധരിച്ച് പരീക്ഷക്കിരിക്കാമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വസ്ത്രം ധരിക്കുന്നവർ ഒരു മണിക്കൂർ മുമ്പ് ഹാജരാകണമെന്നും നിർദേശമുണ്ട്. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം വിവാദമുണ്ടായിരന്നു.
ഇളം നിറത്തിലുള്ള മുറിക്കയ്യൻ വസ്ത്രങ്ങൾ ധരിച്ചാണ് മറ്റ് വിദ്യാർഥികൾ പരീക്ഷക്കെത്തേണ്ടത്. ഷൂസ് ധരിക്കാൻ പാടില്ല എന്ന നിർദേശവും സി.ബി.എസ്.ഇ മുന്നോട്ട് വെച്ചിരിക്കുന്നത്.
2017ൽ പുറപ്പെടുവിച്ച് മാർഗനിർദേശങ്ങൾ തന്നെയാണ് ഈ വർഷവും പിന്തുടരുന്നത്. ശിരോവസ്ത്രത്തിെൻറ കാര്യത്തിൽ മാത്രമാണ് വ്യത്യാസം വരുത്തിയിരിക്കുന്നത്. ശിരോവസ്ത്രം ധരിച്ച് പരീക്ഷക്കെത്തിയ കുട്ടികളുടെ ശിരോവസ്ത്രം അഴിച്ചുമാറ്റിയത് കഴിഞ്ഞ തവണ രൂക്ഷമായ വിമർശനത്തിന് വഴിവെച്ച പശ്ചാത്തലത്തിലാണിത്.
വലിയ ബട്ടൺ, ബാഡ്ജ്, ബ്രൂച്ച്, പൂവ് എന്നിവയൊന്നും സാൽവാർ കമ്മീസിലോ പാന്‍റിലോ ഉണ്ടാകരുതെന്നും നിർദേശിച്ചിട്ടുണ്ട്. മെയ് 6ന് രാവിലെ 10 മുതൽ ഒരു മണി വരെയാണ് നീറ്റ് പരീക്ഷ. ആശയ വിനിമയത്തിനുള്ള ഒരു ഉപകരണവും പരീക്ഷ സെന്‍ററിലേക്ക് കൊണ്ടുവരരുത്. ഇത് സൂക്ഷിക്കുന്നതിനാവശ്യമായ ഒരു സൗകര്യവും സെന്‍ററുകളിൽ ഏർപ്പെടുത്തിയിട്ടില്ല. ജ്യോമെട്രി ബോക്സ്, പെൻസിൽ ബോക്സ്, ബെൽറ്റ്, തൊപ്പി, വാച്ച്, മറ്റ് മെറ്റാലിക് ഉപകരണങ്ങൾ തുടങ്ങിയവയൊന്നും ഹാളിൽ അനുവദിക്കില്ലെന്നും സി.ബി.എസ്.ഇ പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.