തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിന് കേരളത്തിൽനിന്ന് നീറ്റ് എഴുതിയ വിദ്യാർഥികളുടെ മാർക്ക് വിവരങ്ങൾ പ്രവേശന പരീക്ഷ കമീഷണറുടെ ഒാഫിസിൽ ലഭ്യമായി. ചൊവ്വാഴ്ച രാത്രിയോടെയാണ് ഫലം ലഭിച്ചത്. ഇതോടെ, നീറ്റ് ഫലം അടിസ്ഥാനപ്പെടുത്തി മെഡിക്കൽ, ഡെൻറൽ, അനുബന്ധ കോഴ്സ് പ്രവേശനത്തിന് കേരള റാങ്ക് പട്ടിക തയാറാക്കുന്ന നടപടി കമീഷണറേറ്റ് ആരംഭിച്ചു. www.cee.kerala.gov.in വെബ്സൈറ്റിൽ വിദ്യാർഥികൾക്ക് നീറ്റ് മാർക്ക് സമർപ്പണം ബുധനാഴ്ച മുതൽ ആരംഭിച്ചു. ഇൗ മാസം 24ന് വൈകീട്ട് അഞ്ചിനകം സമർപ്പണം പൂർത്തിയാക്കണം.
നിശ്ചിത സമയത്തിനകം നീറ്റ് ഫലം സമർപ്പിക്കാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തില്ല. കാൻഡിഡേറ്റ് പോർട്ടൽ വഴി ലോഗിൻ ചെയ്താണ് മാർക്ക് സമർപ്പിക്കേണ്ടത്. NEET Result Submission എന്ന മെനു െഎറ്റത്തിൽ ക്ലിക് ചെയ്ത് പേര്, നീറ്റ് സ്കോർ, മാതാപിതാക്കളുടെ പേര്, ഫലം, പെർസൈൻറൽ, ഒാൾ ഇന്ത്യ റാങ്ക് എന്നിവ പരിശോധിക്കാം. പരിേശാധിച്ച് ശരിയെന്ന് ഉറപ്പുവരുത്തി 'Verified and Submitt' ബട്ടൺ ക്ലിക് ചെയ്യണം. ശേഷം 'NEET Result Submission Report' ലിങ്കിൽ ക്ലിക് ചെയ്ത് സബ്മിഷൻ റിേപ്പാർട്ട് പ്രിൻറൗട്ട് എടുക്കാം. 24ന് വിവരങ്ങൾ സമർപ്പിച്ചാൽ ഒരാഴ്ചക്കകം റാങ്ക് പട്ടികയും കാറ്റഗറി പട്ടികയും പ്രസിദ്ധീകരിക്കും. തൊട്ടുപിന്നാലെ, പ്രവേശനത്തിന് ഒാപ്ഷൻ ക്ഷണിക്കും.
കേരളത്തിലെ സർക്കാർ മെഡിക്കൽ/ഡെൻറൽ കോളജുകളിലെ സംസ്ഥാന േക്വാട്ട സീറ്റുകളിലെയും സ്വാശ്രയ മെഡിക്കൽ/ ഡെൻറൽ കോളജുകളിലെ എൻ.ആർ.ഐ േക്വാട്ട/മൈനോറിറ്റി േക്വാട്ട ഉൾപ്പെടെ മുഴുവൻ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലെയും ജനനസ്ഥലം പരിഗണിക്കാതെ മെഡിക്കൽ അലോട്ട്മെൻറിനായി നീക്കിെവച്ച സീറ്റുകളിലെയും പ്രവേശനം ഈ പട്ടികയിൽനിന്ന് ആയിരിക്കും. ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ് മെഡിക്കൽ കോഴ്സുകളിലെയും, അഗ്രികൾച്ചർ (ബി.എസ്സി (ഹോണേഴ്സ്) അഗ്രികൾച്ചർ, ഫോറസ്ട്രി (ബി.എസ്സി (ഹോണേഴ്സ്) ഫോറസ്ട്രി), വെറ്ററിനറി (ബി.വി.എസ്സി എ.എച്ച്), ഫിഷറീസ് (ബി.എഫ്.എസ്സി), ബി.എസ്സി കോഒാപറേഷൻ ബാങ്കിങ്, ബി.എസ്സി ൈക്ലമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെൻറൽ സയൻസ്, ബി.ടെക് ബയോടെക്നോളജി (അഗ്രികൾച്ചർ യൂനിവേഴ്സിറ്റി) എന്നീ കോഴ്സുകളിലെയും പ്രവേശനം കമീഷണർ തയാറാക്കുന്ന പട്ടികയിൽ നിന്നുമായിരിക്കും. നീറ്റ് സ്കോർ സമർപ്പിക്കാത്തവരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തില്ല. വിജ്ഞാപനം കമീഷണറുടെ വെബ്സൈറ്റിൽ. ഹെൽപ്ലൈൻ നമ്പർ: 0471 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.