തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ പുനഃക്രമീകരിക്കുന്നു. ആദ്യം പൊതുപരീക്ഷ നടക്കുന്ന 10, പന്ത്രണ്ട് ക്ലാസുകള്‍ക്ക് കൂടുതല്‍ സമയം നല്‍കിയാണ് ക്രമീകരണം. പുതിയ ടൈംടേബിള്‍ അനുസരിച്ച് തിങ്കള്‍ മുതല്‍ വെള്ളിവരെ പ്ലസ് ടുവിന് ദിവസം ഏഴു ക്ലാസും 10ന് അഞ്ചു ക്ലാസും ഉണ്ടാകും.
പ്ലസ് ടുവിന് വൈകീട്ട് നാലു മുതല്‍ ആറു വരെ നാലു ക്ലാസാണ് അധികമായി സംപ്രേഷണം ചെയ്യുന്നത്. ഇത് വിവിധ വിഷയ ഗ്രൂപ്പുകളായതുകൊണ്ട് ഒരു കുട്ടിക്ക് പരമാവധി അഞ്ചു ക്ലാസില്‍ കൂടുതല്‍ ഉണ്ടാവില്ല. പ്ലസ്വണിന് നിലവിലുള്ളതുപോലെ രാവിലെ 11 മുതല്‍ 12 വരെ രണ്ടു ക്ലാസ് ഉണ്ടാകും. 10ാം ക്ലാസിന് രാവിലെ 9.30 മുതല്‍ 11 വരെയുള്ള മൂന്ന് ക്ലാസുകള്‍ക്ക് പുറമെ വൈകീട്ട് മൂന്നു മുതല്‍ നാലു വരെ രണ്ടു ക്ലാസ് കൂടി അധികം ഉണ്ടാവും.
എട്ട്, ഒമ്പത് ക്ലാസുകള്‍ക്ക് ഉച്ചക്ക് രണ്ടിനും 2.30നുമായി ഓരോ ക്ലാസുണ്ടാകും. ചൊവ്വ ഒഴികെ ദിവസങ്ങളില്‍ ഉച്ചക്ക് 1.30നാണ് ഏഴാം ക്ലാസ്. ആറാം ക്ലാസിന് ചൊവ്വ (1.30), ബുധന്‍ (ഒരു മണി), വെള്ളി (12.30) ദിവസങ്ങളിലും അഞ്ചാം ക്ലാസിന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉച്ചക്ക് ഒന്നിനും ക്ലാസുണ്ടാകും. നാലാം ക്ലാസിന് തിങ്കള്‍ (1.00), ബുധന്‍ (12.30), വെള്ളി (12.00) ദിവസങ്ങളിലും മൂന്നാം ക്ലാസിന് തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ 12.30നും ആയിരിക്കും. ഒന്നാം ക്ലാസിന് തിങ്കളും ബുധനും രണ്ടാം ക്ലാസിന് ചൊവ്വയും വ്യാഴവും ഉച്ചക്ക് 12നും ആയിരിക്കും ക്ലാസ്.
ജനുവരിയോടെ 10നും പന്ത്രണ്ടിനും പ്രത്യേക റിവിഷന്‍ ഉള്‍പ്പെടെ നടത്തി ക്ലാസ് പൂർത്തിയാക്കാനും അതിനുശേഷം ഇതേ മാതൃകയില്‍ കൂടുതല്‍ സമയമെടുത്ത് മറ്റ് ഡിജിറ്റല്‍ ക്ലാസുകൾ സംപ്രേഷണം ചെയ്ത് തീര്‍ക്കാനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. സംപ്രേഷണസമയവും ക്രമേണ വർധിപ്പിക്കും. തമിഴ്, കന്നട മീഡിയം ക്ലാസുകള്‍ക്കും സമാന ക്രമീകരണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.