ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷ വർഷത്തിൽ രണ്ടുതവണ നടത്തണമെന്ന ദേശീയ വിദ്യാഭ്യാസ ചട്ടക്കൂടിലെ ശിപാർശ നടപ്പാക്കുന്ന കാര്യത്തിൽ സി.ബി.എസ്.ഇ ആശയക്കുഴപ്പത്തിൽ. രണ്ടുതവണ പരീക്ഷ നടത്തുന്നതിനുള്ള സാങ്കേതിക തടസ്സങ്ങളും ഭാരിച്ച ക്രമീകരണങ്ങളുമാണ് സി.ബി.എസ്.ഇയെ വലക്കുന്നത്. ജനുവരി -ഫെബ്രുവരി, മാർച്ച് -ഏപ്രിൽ, ജൂൺ മാസങ്ങളിലായി പരീക്ഷ നടത്തുന്നതിനുള്ള സാധ്യതയാണ് ബോർഡിന് മുന്നിലുള്ളത്.
സെമസ്റ്റർ സമ്പ്രദായം നടപ്പാക്കുകയാണ് ബോർഡിന് മുന്നിലുള്ള മറ്റൊരു വഴി. അങ്ങനെയായാൽ വർഷത്തിൽ രണ്ടുതവണ പരീക്ഷ നടത്താനാകും. നിലവിൽ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ ഫെബ്രുവരി -മാർച്ച് മാസങ്ങളിലാണ് നടക്കുന്നത്. ഏത് രീതി നടപ്പാക്കണമെന്നത് സംബന്ധിച്ച് ചർച്ച നടക്കുകയാണെന്നും ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ലെന്നും സി.ബി.എസ്.ഇ അധികൃതർ പറഞ്ഞു.
സെമസ്റ്റർ രീതി നടപ്പാക്കുകയാണെങ്കിൽ ആദ്യ പരീക്ഷ ജനുവരി -ഫെബ്രുവരി മാസങ്ങളിലും രണ്ടാമത്തെ പരീക്ഷ മാർച്ച് -ഏപ്രിൽ മാസങ്ങളിലും നടത്തേണ്ടിവരും. രണ്ടാമത്തെ പരീക്ഷ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കൊപ്പം ജൂണിൽ നടത്തുകയാണ് മറ്റൊരു സാധ്യത.
സി.ബി.എസ്.ഇ സ്കൂളുകൾ രാജ്യത്തുടനീളവും വിദേശത്തും വ്യാപിച്ചുകിടക്കുന്നതിനാൽ സെമസ്റ്റർ സമ്പ്രദായം പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിലയിരുത്തലുണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഇതിന് ഒരു കാരണം. നിലവിലെ രീതിയിൽ 10, 12 ക്ലാസുകളിലെ പരീക്ഷ നടത്തുന്നതിന് 150ലധികം കടമ്പകൾ കടക്കേണ്ടതുണ്ടെന്ന് ബോർഡ് അധികൃതർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്. പരീക്ഷാർഥികളുടെ പട്ടിക തയാറാക്കൽ, പരീക്ഷ കേന്ദ്രങ്ങൾ വിജ്ഞാപനം ചെയ്യൽ, റോൾ നമ്പറുകൾ പ്രസിദ്ധീകരിക്കൽ, പ്രാക്ടിക്കൽ -തിയറി പരീക്ഷകൾ നടത്തൽ, ഫലപ്രഖ്യാപനം, പുനർമൂല്യനിർണയം തുടങ്ങിയ ചുരുങ്ങിയത് 310 ദിവസങ്ങൾ ഇതിന് ആവശ്യമാണ്. ഈ പ്രക്രിയ മുഴുവൻ രണ്ടാമത്തെ പരീക്ഷക്കും ആവർത്തിക്കേണ്ടിവരുന്നത് ഭാരിച്ച അധ്വാനമാണുണ്ടാക്കുക. ഫെബ്രുവരിക്ക് മുമ്പ് പരീക്ഷ നടത്തുകയെന്നതും വെല്ലുവിളിയാണ്. ചില സംസ്ഥാനങ്ങളിൽ ഈ സമയങ്ങളിൽ കടുത്ത ശൈത്യകാലമായിരിക്കും എന്നതാണ് കാരണം.
നടപ്പ് അക്കാദമിക് വർഷം മുതൽ പുതിയ രീതി നടപ്പാക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ ലക്ഷ്യമിട്ടത്. പിന്നീട് ഇത് അടുത്ത വർഷത്തേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് വിദ്യാഭ്യാസ മന്ത്രാലയം ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട് പുറത്തുവിട്ടത്. എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ പോലെ 10, 12 ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ എഴുതാനുള്ള അവസരമാണ് സർക്കാർ വിഭാവനം ചെയ്തത്. രണ്ട് പരീക്ഷകളിൽ ഏറ്റവും മികച്ച സ്കോർ വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാം. അതേസമയം, ഇത് നിർബന്ധമല്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തേ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.