തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രവേശനവിഭാഗത്തിന് വിദ്യാര്‍ഥി സൗഹൃദവും സമഗ്രവുമായ പുതിയ പോര്‍ട്ടല്‍ നിലവിൽ വന്നു. ബിരുദം, പി.ജി, പിഎച്ച്.ഡി എന്നിവയുള്‍പ്പെടെ മുഴുവന്‍ കോഴ്സുകളുടേയും പ്രവേശന രജിസ്ട്രേഷന്‍ ഇനി ഇതുവഴിയാകും. ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു.
സര്‍വകലാശാലക്ക് കീഴിലെ മുഴുവന്‍ കോളജുകളുടെയും കോഴ്സുകളുടെയും വിവരങ്ങള്‍ അനുയോജ്യമായ രീതിയില്‍ തെരഞ്ഞെടുക്കുന്നതിന് ഒന്നിലധികം ഫില്‍റ്ററുകള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഡ്മിഷന്‍ സംബന്ധിച്ച മുഴുവന്‍ ഫീസുകളും ഓണ്‍ലൈന്‍ വഴി അടക്കാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ട്.
കോളജുകളുടെയും നോഡല്‍ ഓഫിസര്‍മാരുടെയും ഇ-മെയില്‍, ഫോണ്‍ നമ്പര്‍ ഉപയോഗപ്പെടുത്തി കോളജില്‍ നേരിട്ടുവരാതെ തന്നെ പ്രവേശനാവശ്യങ്ങള്‍ നിറവേറ്റാനാവും. പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എം. മനോഹരന്‍, ഡോ. കെ.പി. വിനോദ്കുമാര്‍, പ്രവേശന വിഭാഗം ഡയറക്ടര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍, കമ്പ്യൂട്ടര്‍ സെൻറര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജീഷ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. രജീഷ്, സിസ്റ്റം അനലിസ്റ്റ് രഞ്ജിമ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പോര്‍ട്ടല്‍ തയാറാക്കിയ പ്രോഗ്രാമര്‍മാരായ പി.ടി. രഞ്ജിത്ത്, കെ. ജിതേഷ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. https://admission.uoc.ac.in എന്നതാണ് വിലാസം.
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലെ ബിരുദ പ്രവേശനത്തിന് ഒ.ടി.പി നിര്‍ബന്ധമാണെന്ന് അധികൃതർ. പ്രവേശന പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ തുടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്വന്തം മൊബൈല്‍ നമ്പറോ രക്ഷിതാക്കളുടെ നമ്പറോ നല്‍കണം. ഇതിലേക്ക് വരുന്ന ഒ.ടി.പി നല്‍കിയാല്‍ മാത്രമേ ക്യാപ് ഐഡിയും പാസ്വേഡും ലഭിക്കൂ.
ഒരു മൊബൈല്‍ നമ്പറില്‍ ഒരു വിദ്യാര്‍ഥിക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. മൊബൈല്‍ നമ്പര്‍ തെറ്റുകയോ മറ്റാരുടേതെങ്കിലും ഉപയോഗിക്കുകയോ ചെയ്യുന്നത് രജിസ്ട്രേഷനെ ബാധിക്കാനിടയുണ്ടെന്ന് പ്രവേശന ഡയറക്‌ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.