കൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാലയുടെ ഒമ്പത് കോഴ്സുകൾക്കുകൂടി യു.ജി.സി അംഗീകാരം ലഭിച്ചു. ബിരുദതലത്തിൽ ബി.കോം, ബി.ബി.എ, അഫ്ദലുൽ ഉലമ, ബിരുദാനന്തരതലത്തിൽ എം.കോം, എം.എ ഇക്കണോമിക്സ്, സംസ്കൃതം, ഫിലോസഫി, അറബിക്, ഹിന്ദി കോഴ്സുകൾ നടത്താനുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് വൈസ് ചാൻസലർ ഡോ. പി.എം. മുബാറക് പാഷ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ 13 കോഴ്സുകളിലാണ് സർവകലാശാലയിൽ പഠനസൗകര്യം ഉണ്ടായിരുന്നത്. 2023-24 അധ്യയനവർഷം പുതിയ പാഠ്യപദ്ധതികൾ ആരംഭിക്കാൻ സമർപ്പിച്ച അപേക്ഷയിൽ ഒമ്പതെണ്ണത്തിന് കൂടി അനുമതി ലഭിച്ചതോടെ ഈ വർഷം നടത്താനുദ്ദേശിക്കുന്ന അഫ്ദലുൽ ഉലമ പ്രിലിമിനറി അടക്കം കോഴ്സുകളുടെ എണ്ണം 23 ആയി.
കോഴ്സുകളെല്ലാം കേരളത്തിലെ മറ്റ് സർവകലാശാലകൾ വിദൂരവിദ്യാഭ്യാസ വിഭാഗം വഴി നടത്തുന്നതാണ്. യു.ജി.സി അംഗീകാരം ലഭിച്ചതോടെ ഓപൺ സർവകലാശാലക്ക് മാത്രമാവും ഈ കോഴ്സുകളിൽ ഇനി വിദ്യാർഥികളെ പ്രവേശിപ്പിക്കാനാകുക.
എല്ലാ കോഴ്സുകളിലേക്കും ജൂലൈ ഒന്നിന് ആരംഭിക്കുന്ന പ്രവേശന നടപടികൾ ആഗസ്റ്റ് 31 വരെ തുടരും. 23 കോഴ്സുകളുടെയും പഠനസാമഗ്രികളുടെ രൂപകൽപന പൂർത്തിയായി. 39 ഓളം പഠനകേന്ദ്രങ്ങൾ കേരളത്തിലെ അഫിലിയേറ്റഡ് കോളജുകളിൽ ആരംഭിച്ച് വിദ്യാർഥികൾക്ക് കൗൺസലിങ് നൽകാനുള്ള തയാറെടുപ്പുകളും നടന്നുവരുന്നു.
വാർത്തസമ്മേളനത്തിൽ പ്രോ വൈസ് ചാൻസിലർ ഡോ. എസ്.വി. സുധീർ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ബിജു കെ. മാത്യു, ഡോ. കെ. ശ്രീവത്സൻ, എ. നിസാമുദ്ദീൻ, ഡോ. എ. പസിലത്തിൽ, ഡോ. സി. ഉദയകല, രജിസ്ട്രാർ ഡോ. ഡിംപി വി. ദിവാകരൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.