തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻ.ഐ.ആർ.എഫ്) കേരളത്തിലെ സർവകലാശാലകൾക്കും കോളജുകൾക്കും വൻനേട്ടം. ഇത്തവണ ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാന പൊതുസർവകലാശാല (സ്റ്റേറ്റ് പബ്ലിക് യൂനിവേഴ്സിറ്റി) കാറ്റഗറിയിൽ കേരള സർവകലാശാല ഒമ്പതാം റാങ്കും കുസാറ്റ് പത്താം റാങ്കും കോട്ടയം എം.ജി സർവകലാശാല 11ാം റാങ്കും കാലിക്കറ്റ് സർവകലാശാല 43ാം റാങ്കും നേടി.
രാജ്യത്തെ മൊത്തം സർവകലാശാലകളുടെ റാങ്കിങ്ങിൽ കേരള സർവകലാശാല കഴിഞ്ഞ വർഷം നേടിയ 24ാം റാങ്ക് മെച്ചപ്പെടുത്തി ഇത്തവണ 21ൽ എത്തി. കുസാറ്റ് 37ാം റാങ്കിൽനിന്ന് ഇത്തവണ 34ാം റാങ്കിലെത്തി. എം.ജി സർവകലാശാല 37ാം റാങ്കിലും കാലിക്കറ്റ് സർവകലാശാല 89ാം റാങ്കിലുമെത്തി. ഐ.ഐ.ടികൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൊത്തം റാങ്കിങ്ങിൽ കേരള സർവകലാശാല കഴിഞ്ഞ വർഷമുണ്ടായിരുന്ന 47ാം റാങ്കിൽ നിന്ന് ഇത്തവണ 38ാം റാങ്കിലെത്തി.
ഈ വിഭാഗത്തിൽ കുസാറ്റിന് 51ാം റാങ്കുണ്ട്. കേന്ദ്രസർക്കാറിന് കീഴിലുള്ള കോഴിക്കോട് എൻ.ഐ.ടിക്ക് 54ാം റാങ്കാണ്. എം.ജി സർവകലാശാലക്ക് 67ാം റാങ്കും ലഭിച്ചു. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ എറണാകുളം രാജഗിരി ദേശീയതലത്തിൽ 20ാം റാങ്ക് നേടി സംസ്ഥാനത്ത് ഒന്നാമതെത്തി. 22ാം റാങ്കുള്ള തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് സംസ്ഥാനത്ത് രണ്ടാമതും 46ാം റാങ്കുള്ള എറണാകുളം സെന്റ് തെരേസാസ് കോളജ് മൂന്നാമതും 48ാം റാങ്കുള്ള തേവര എസ്.എച്ച് കോളജ് നാലാം സ്ഥാനത്തുമെത്തി.
തിരുവനന്തപുരം ഗവ. വിമൻസ് കോളജ് 49ാം റാങ്കും എറണാകുളം മഹാരാജാസ് കോളജ് 53ാം റാങ്കും നേടി. കോളജുകളുടെ ദേശീയ റാങ്കിങ്ങിൽ ആദ്യ നൂറിൽ കേരളത്തിൽനിന്ന് 16 കോളജുകളും 101 മുതൽ 150 വരെയുള്ളതിൽ 10 കോളജുകളും 151 മുതൽ 200 വരെ റാങ്കിങ്ങിൽ 16 കോളജുകളും 201 മുതൽ 300 വരെ റാങ്കിങ്ങിൽ 29 കോളജുകളും ഇടംപിടിച്ചു. എൻജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോഴിക്കോട് എൻ.ഐ.ടിക്ക് 25ാം റാങ്കും തിരുവനന്തപുരം ഐ.ഐ.എസ്.ടിക്ക് 51ാം റാങ്കും പാലക്കാട് ഐ.ഐ.ടിക്ക് 64ാം റാങ്കും ലഭിച്ചു. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിന് 108ാം റാങ്കും തൃശൂർ ഗവ. എൻജി. കോളജിന് 228ാം റാങ്കും ലഭിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് 13ാം റാങ്കും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് 42ാം റാങ്കും നേടി. ഗവേഷണ സ്ഥാപനങ്ങൾ, ഫാർമസി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നീ കാറ്റഗറിയിൽനിന്ന് കേരളത്തിൽനിന്ന് സ്ഥാപനങ്ങൾ ഒന്നും പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. കേരളത്തിന്റേത് അഭിമാനകരമായ നേട്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. ആർക്കിടെക്ചർ, ലോ, കാർഷിക അനുബന്ധ സ്ഥാപനങ്ങൾ, മാനേജ്മെന്റ്, ഡെന്റൽ സ്ഥാപനങ്ങളുടെ കാറ്റഗറിയിൽ കേരളത്തിൽനിന്നുള്ള സ്ഥാപനങ്ങൾക്ക് റാങ്കിങ് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.