കോഴിക്കോട്: ജില്ലയിൽ ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷ പാസായത് 43,040 വിദ്യാർഥികൾ. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി ജില്ലയിൽ നിലവിലുള്ള പ്ലസ് വൺ സീറ്റുകളുടെ എണ്ണമാകട്ടെ 33,822. കൃത്യമായി പറഞ്ഞാൽ 9218 വിദ്യാർഥികൾക്ക് ഇക്കുറി പ്ലസ് വൺ പഠനത്തിന് സൗകര്യമുണ്ടാവില്ലെന്നർഥം.
മലബാറിലെ പ്ലസ് വൺ സീറ്റുകളുടെ എണ്ണവും എസ്.എസ്.എൽ.സി വിജയിക്കുന്നവരുടെ എണ്ണവും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന അന്തരം ഇക്കുറിയും കൂടുതൽ ശക്തമായിരിക്കുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ജില്ലയിൽ റെക്കോഡ് വിജയമാണ് രേഖപ്പെടുത്തിയത്. 99.86 ശതമാനമാണ് ഇത്തവണത്തെ വിജയം. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 7917 വിദ്യാർഥികളാണ്.
ഇവർക്കുപോലും ഇഷ്ടപ്പെട്ട വിഷയം പ്ലസ് വണ്ണിന് ലഭിക്കാൻ ബുദ്ധിമുട്ടാകുമെന്നാണ് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്. തെക്കൻ ജില്ലകളിലെ പല സ്കൂളുകളിലും പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ മലബാറിൽ സീറ്റ് തികയാതെ നെട്ടോട്ടമോടുന്ന ഗതികേട് സർക്കാറിനും ബോധ്യപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചത്.
മലബാറിലെ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ അധിക സീറ്റുകളല്ല അധിക ബാച്ചുകൾ തന്നെ അനുവദിക്കണമെന്നാണ് കമീഷന്റെ പ്രധാന ശിപാർശ. പ്ലസ് വൺ പ്രവേശന നടപടികൾക്ക് മുമ്പായി സർക്കാറിന് തീരുമാനമെടുക്കാൻ കഴിയുന്ന വിധത്തിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇനിയുമത് പുറത്തുവിട്ടിട്ടില്ല.
സംസ്ഥാനത്ത് മൂന്നുമേഖലകളിലായി നടത്തിയ സിറ്റിങ്ങിൽ ഏറ്റവും ശക്തമായി ഉയർന്ന പരാതി മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റുകളുടെ കാര്യമാണ്. പരാതി കനക്കുമ്പോൾ താൽക്കാലികമായി പ്രശ്നം പരിഹരിക്കാൻ അധിക സീറ്റുകൾ അനുവദിക്കുന്ന രീതിയാണ് തുടർന്നുപോരുന്നത്. ഇത് ക്ലാസ് മുറികളിൽ കുത്തിനിറച്ച അവസ്ഥ സൃഷ്ടിക്കുകയും വിദ്യാഭ്യാസാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.
റിപ്പോർട്ട് പുറത്തുവിട്ടാൽ അധിക ബാച്ചുകൾ അനുവദിക്കേണ്ടിവരുമെന്നതിനാലാണ് സർക്കാർ അനങ്ങാത്തതെന്ന് അധ്യാപക, വിദ്യാർഥി സംഘടനകൾ ആക്ഷേപമുന്നയിച്ചു തുടങ്ങിയിട്ടുണ്ട്. പ്ലസ് വൺ പ്രവേശന നടപടി തുടങ്ങുന്നതിന് മുമ്പുതന്നെ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഇക്കുറിയും നിരവധി വിദ്യാർഥികൾക്ക് ഉപരിപഠന സാധ്യതകൾ മങ്ങുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.