130 ബാച്ചുകളിൽ മതിയായ കുട്ടികളില്ല; മൈനസാണ് പ്ലസ് ടു; കുട്ടികളില്ലാത്ത ഹയർ സെക്കൻഡറി ബാച്ചുകൾ കൂടുന്നു

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിൽ മതിയായ കുട്ടികളില്ലാത്ത ബാച്ചുകളുടെ എണ്ണം വർധിക്കുന്നു. ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികളും പ്രത്യേക ഉത്തരവ് വഴിയുള്ള സ്കൂൾ മാറ്റവുമെല്ലാം പൂർത്തിയായപ്പോൾ 130 സ്കൂളുകളിലായി 130 ബാച്ചുകളിൽ മതിയായ കുട്ടികളില്ല.കുട്ടികളില്ലാത്ത ബാച്ചുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 എണ്ണം വർധിച്ചിട്ടുണ്ട്. 2021ൽ ഇത് 53 ആയിരുന്നു. ഇത്തവണ കുട്ടികളില്ലാത്ത ബാച്ചുകളിൽ 99 ബാച്ചുകൾ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ്.

ഏറ്റവും കൂടുതൽ കുട്ടികളില്ലാത്ത ബാച്ചുകളുള്ളത് പത്തനംതിട്ടയിലാണ്; 32. എറണാകുളത്ത് 19ഉം ആലപ്പുഴയിൽ 18ഉം ഇടുക്കിയിൽ പത്തും ബാച്ചുകളിൽ മതിയായ കുട്ടികളില്ല. കുട്ടികളില്ലാത്ത 132 ബാച്ചുകളിൽ 104 സർക്കാർ സ്കൂളുകളിലും 26 എണ്ണം എയ്ഡഡ് സ്കൂളുകളിലുമാണ്. കുട്ടികളില്ലാത്ത ബാച്ചുകളിൽ കൂടുതൽ ഹ്യുമാനിറ്റീസ് വിഷയ കോമ്പിനേഷനിലാണ്; 52. കൊമേഴ്സിൽ 47ഉം സയൻസിൽ 31ഉം കുട്ടികളില്ലാത്ത ബാച്ചുകളുണ്ട്.

50 വിദ്യാർഥികൾക്ക് പ്രവേശനം നൽകേണ്ട ബാച്ചിൽ ചുരുങ്ങിയത് 25 വിദ്യാർഥികളെങ്കിലും ഉണ്ടായിരിക്കണം. 25ൽ താഴെ വിദ്യാർഥികൾ പ്രവേശനം നേടിയ ബാച്ചുകളാണ് മതിയായ കുട്ടികളില്ലാത്ത ബാച്ചുകളായി പരിഗണിക്കുന്നത്. കഴിഞ്ഞ വർഷം 105 ബാച്ചുകളാണ് മതിയായ കുട്ടികളില്ലാത്തത്. ഇതിൽ 14 ബാച്ചുകൾ മതിയായ സീറ്റുകളില്ലാത്ത മലപ്പുറത്തേക്ക് മാറ്റിയിരുന്നു. 2021ൽ കുട്ടികളില്ലാത്ത ബാച്ചുകളുടെ എണ്ണം 53 ആയിരുന്നു. ഇതാണ് രണ്ട് വർഷത്തിന് ശേഷം 130ൽ എത്തിയത്. പത്താം ക്ലാസ് പരീക്ഷ എഴുതുന്നവരുടെ കുറവാണ് പ്ലസ് വൺ പ്രവേശനത്തിലും കുറവ് വരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ ജനന നിരക്കിലുള്ള കുറവും കാരണമായി.

അധ്യാപകർക്ക് ഭീഷണി

കുട്ടികളില്ലാത്ത ബാച്ചുകൾ വർധിക്കുന്നത് അധ്യാപകരുടെ ജോലിക്കും ഭീഷണിയാകും. പ്രൈമറി, ഹൈസ്കൂൾ തലങ്ങളിൽ കുട്ടികളില്ലാതെ തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരിൽ നിശ്ചിത വർഷം സർവീസുള്ളവർക്ക് സംരക്ഷണം നൽകുന്ന രീതി നിലവിലുണ്ട്. എന്നാൽ ഹയർസെക്കൻഡറിയിൽ ഈ രീതിയില്ല. കുട്ടികളില്ലാത്ത ബാച്ചുകൾ പ്ലസ് വൺ സീറ്റ് ക്ഷാമമുള്ള മേഖലകളിലേക്ക് മാറ്റിയാൽ ഈ ഭീഷണി പരിധിവരെ പരിഹരിക്കാനാകും. എന്നാൽ അധ്യാപകരും മാനേജ്മെന്‍റുകളും സമ്മർദം ചെലുത്തി ബാച്ച് മാറ്റം തടയാനും ശ്രമിക്കാറുണ്ട്.

Tags:    
News Summary - Not enough children in 130 batches;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.