പത്തനംതിട്ട: െറഗുലറിനും പ്രൈവറ്റിനും ഒരേ ടൈംടേബിളിൽ പരീക്ഷ നടത്തുമെന്ന വിജ്ഞാപനം എം.ജി സർവകലാശാല അട്ടിമറിച്ചു. സിൻഡിക്കേറ്റ് പരീക്ഷ ഉപസമിതിയും കൺട്രോളറും ചേർന്നാണ് വിജ്ഞാപനം അട്ടിമറിച്ചതെന്ന് ആരോപണമുണ്ട്. വിദ്യാർഥികൾ ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചെങ്കിലും കേസ് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. ഇതോടെ വ്യാഴാഴ്ച തുടങ്ങുന്ന മൂന്നാം െസമസ്റ്റർ ബിരുദ പരീക്ഷകളിൽനിന്ന് പ്രൈവറ്റ് വിദ്യാർഥികൾ പൂർണമായി തഴയപ്പെട്ടു.
2019 അഡ്മിഷൻ മുതൽ ബിരുദത്തിനും പി.ജിക്കും രണ്ടാം സെമസ്റ്റർ മുതലുള്ള പരീക്ഷകൾ െറഗുലർ, പ്രൈവറ്റ് വ്യത്യാസമില്ലാതെ ഒരേ ടൈംടേബിൾ പ്രകാരം നടത്തുമെന്നായിരുന്നു പ്രൈവറ്റ് രജിസ്ട്രേഷനുവേണ്ടി യൂനിവേഴ്സിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് വിദ്യാർഥികൾ കോഴ്സിന് ചേർന്നത്.
രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ െറഗുലറിനൊപ്പം പ്രൈവറ്റുകാർക്കും നടത്തിയിരുന്നു. മൂന്നാം സെമസ്റ്റർ പരീക്ഷ സമയമായപ്പോഴാണ് യൂനിവേഴസ്റ്റി കാലുമാറിയത്. പരീക്ഷ ഉപസമിതിയും കൺട്രോളറുമാണ് വിജ്ഞാപനം അട്ടിമറിച്ചതെന്നാണ് പാരലൽ കോളജ് അസോസിയേഷൻ ആരോപിക്കുന്നത്. പരീക്ഷകൾ വെവ്വേറെ നടത്തുന്നതിനാൽ വലിയ ബുദ്ധിമുട്ടുകളാണ് വിദ്യാർഥികൾ നേരിടുന്നത്. പ്രവേശനം എടുക്കുന്ന അക്കാദമിക വർഷങ്ങളിൽ പ്രൈവറ്റ് വിദ്യാർഥികൾക്ക് ഒരു പരീക്ഷപോലും നടത്തില്ല. കോഴ്സ് പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞുള്ള അക്കാദമിക വർഷം മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾ ഒരുമിച്ച് നടത്തുകയാണ് പതിവ്. ഫലപ്രഖ്യാപനവും തോന്നും പടിയാണ്. പി.ജി വിദ്യാർഥികൾക്ക് ഒന്നും രണ്ടും അക്കാദമിക വർഷം നഷ്ടപ്പെടുന്ന തരത്തിലാണ് പരീക്ഷകളും ഫലപ്രഖ്യാപനങ്ങളും.
കോവിഡ് ബാധയാണ് രണ്ടായി പരീക്ഷ നടത്തുന്നതിന് കാരണമായി യൂനിവേഴ്സിറ്റി ചൂണ്ടിക്കാട്ടുന്നത്. െറഗുലർ വിദ്യാർഥികൾക്കില്ലാത്ത കോവിഡ്ബാധ പ്രൈവറ്റുകാർക്ക് എങ്ങനെ പ്രതികൂലമാകും എന്ന ചോദ്യത്തിന് സർവകലാശാലക്ക് മറുപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.