തിരുവനന്തപുരം: സംസ്ഥാനത്ത് ഒാപൺ സർവകലാശാല സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഏപ്രിൽ 15നകം സർക്കാറിന് സമർപ്പിക്കും. ഇതിനായി സർക്കാർ നിയ ോഗിച്ച സ്പെഷൽ ഒാഫിസർ ഡോ. ജെ. പ്രഭാഷ് പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. തിരുവനന്ത പുരം പി.എം.ജിയിലെ ശാസ്ത്രസാേങ്കതിക മ്യൂസിയം കെട്ടിടത്തിൽ ഒരാഴ്ചക്കകം സ്പെഷൽ ഒ ാഫിസറുടെ കാര്യാലയം പ്രവർത്തനം തുടങ്ങും. അടുത്ത അധ്യയനവർഷം തന്നെ ഒാപൺ സർവകലാശാല ആരംഭിക്കാൻ ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടികൾ.
കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസ വിഭാഗം ഏതുരീതിയിൽ പുതിയ ഒാപൺ സർവകലാശാലയിൽ ലയിപ്പിക്കുമെന്നത് സംബന്ധിച്ച് റിപ്പോർട്ടിൽ ശിപാർശയുണ്ടാകുമെന്ന് ഡോ. പ്രഭാഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. നിലവിൽ നാല് സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അവിടെ പഠനം പൂർത്തിയാക്കാനാകും. അടുത്തവർഷം മുതലുള്ള വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിദ്യാർഥിപ്രവേശനം പൂർണമായും പുതിയ സർവകലാശാലയിലേക്ക് മാറ്റാനാണ് ലക്ഷ്യം.
അഞ്ചുവർഷംകൊണ്ട് നാല് സർവകലാശാലകളിലെയും വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ഒാപൺ സർവകലാശാലയിലേക്കുള്ള ലയനം പൂർത്തിയാക്കും. സർവകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമായ നിയമത്തിെൻറ മാതൃകാ കരടും റിപ്പോർട്ടിൽ ഉൾപ്പെടുത്തും. ഇന്ദിര ഗാന്ധി നാഷനൽ ഒാപൺ യൂനിവേഴ്സിറ്റി (ഇഗ്നോ), ഡോ. അംബേദ്കർ ഒാപൺ യൂനിവേഴ്സിറ്റി എന്നിവയുടെ മാതൃകയിലുള്ള ഒാപൺ സർവകലാശാലയാണ് ലക്ഷ്യമിടുന്നത്. നാല് സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് ഒാപ്ഷൻ നൽകി ഒാപൺ സർവകലാശാലയിലേക്ക് മാറാനോ നിലവിലുള്ള സർവകലാശാലയിൽ തുടരാനോ അവസരം ഒരുക്കിയേക്കും. കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലെ സ്ഥിരം അധ്യാപകരുടെ കാര്യത്തിലും തീരുമാനം വേണ്ടിവരും.
വിദ്യാർഥി രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണംവരെ ഒാൺലൈൻ രീതിയിലാക്കുന്നതാകും പുതിയ സർവകലാശാല. ആസ്ഥാനം സംബന്ധിച്ച് സർക്കാറിെൻറ രാഷ്ട്രീയതീരുമാനം ആവശ്യമാണ്. നാല് സർവകലാശാലകളിലും പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം, ജീവനക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ച് പ്രത്യേകം കണക്കെടുപ്പ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.