തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപൺ സർവകലാശാല അപേക്ഷ നൽകിയിട്ടും അംഗീകാരം ലഭിക്കാത്ത കോഴ്സുകളുടെ കാര്യത്തിൽ അപ്പീൽ ഘട്ടംവരെ കാത്തിരിക്കാൻ സർക്കാർ തീരുമാനം. 17 കോഴ്സുകൾക്ക് അംഗീകാരം തേടിയ സർവകലാശാലക്ക് ഏഴിലാണ് കഴിഞ്ഞ ദിവസം യു.ജി.സിയുടെ വിദൂര വിദ്യാഭ്യാസ ബ്യൂറോ അംഗീകാരം നൽകിയത്. അംഗീകാരം ലഭിക്കാത്ത കോഴ്സുകളുടെ കാര്യത്തിൽ ന്യൂനതകൾ പരിഹരിച്ച് അപ്പീൽ നൽകാൻ സർവകലാശാലക്ക് അവസരമുണ്ട്. സ്ഥിരം ഹെഡ് ഓഫ് സ്കൂൾമാരുടെ കുറവുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് 10 കോഴ്സുകൾക്ക് അംഗീകാരം നൽകാതിരുന്നത്.
ഹൈകോടതി ഇടപെടലിനെ തുടർന്ന് ഓപൺ സർവകലാശാല അപേക്ഷ നൽകാത്ത കോഴ്സുകൾ നടത്താൻ കേരള, കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. വിദൂര വിദ്യാഭ്യാസ കോഴ്സുകൾ ഓപൺ സർവകലാശാലക്ക് പുറത്തുള്ള സർവകലാശാലയിലും പഠിക്കാൻ അനുമതി തേടിയുള്ള ഹരജി വ്യാഴാഴ്ച ഹൈകോടതി പരിഗണിക്കും. ഹരജിക്കാരായ വിദ്യാർഥികളെയും ഓപൺ സർവകലാശാല അധികൃതരെയും കേട്ട ശേഷം തീരുമാനമെടുക്കാൻ കോടതി നേരത്തേ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ഇതിനു ശേഷമാണ് ഓപൺ സർവകലാശാല അപേക്ഷ നൽകാത്ത കോഴ്സുകൾ കേരളയിലും കാലിക്കറ്റിലും നടത്താൻ അനുമതി നൽകിയത്. ഓപൺ സർവകലാശാല കോഴ്സുകൾക്ക് യു.ജി.സി അനുമതിയില്ലെന്നും സർക്കാർ ഉത്തരവ് കോടതിയലക്ഷ്യമാണെന്നും കാണിച്ചുള്ള ഹരജി പരിഗണനയിലിരിക്കെയാണ് ഏഴു കോഴ്സുകൾക്ക് അംഗീകാരം ലഭിച്ചത്.
ബി.എ സോഷ്യോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിലോസഫി വിത്ത് സ്പെഷലൈസേഷൻ ഇൻ ശ്രീനാരായണഗുരു സ്റ്റഡീസ്, ബി.സി.എ, ബി.ബി.എ, ബി.കോം ബിരുദ കോഴ്സുകൾക്കും എം.എ സോഷ്യോളജി, ഹിസ്റ്ററി, എം.കോം പി.ജി കോഴ്സുകൾക്കുമാണ് അംഗീകാരം ലഭിക്കാത്തത്. ബി.എ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, എം.എ മലയാളം, ഇംഗ്ലീഷ് കോഴ്സുകൾക്കാണ് അംഗീകാരം ലഭിച്ചത്.
അതേ സമയം, ഓപൺ സർവകലാശാല കോഴ്സുകളുടെ അംഗീകാര നടപടിക്കായി വിദൂര കോഴ്സുകളിലെ പ്രവേശനം വൈകിപ്പിക്കുന്നതിൽ വിദ്യാർഥികളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. ഓപൺ സർവകലാശാലക്കൊപ്പം കേരള, കാലിക്കറ്റ് സർവകലാശാലകൾക്കു കൂടി പൂർണ അനുമതി നൽകണമെന്ന ആവശ്യമാണ് ഉയരുന്നത്. സർക്കാർ അനുമതി നൽകിയ കോഴ്സുകളിലേക്ക് കേരള സർവകലാശാല പ്രവേശന വിജ്ഞാപനം പുറപ്പെടുവിച്ചു. കാലിക്കറ്റ് സർവകലാശാലയും നടപടികൾ ആരംഭിച്ചു. സർവകലാശാലകൾക്ക് വിദൂര പഠനവും സമാന്തര പഠനവും സ്ഥിരമായി നടത്താനുള്ള അനുമതി നൽകണമെന്നും കേരളയിൽ പഠന വകുപ്പിലേക്ക് മാറ്റിയ അധ്യാപകരെ വിദൂര വിദ്യാഭ്യാസ വകുപ്പിലേക്ക് തിരികെ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.