തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഒാപൺ സർവകലാശാല തുടങ്ങുന്നത് യു.ജി.സി ചട്ടം അട്ടിമറിച്ച്. ഒാപൺ സർവകലാശാലയോ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളോ തുടങ്ങാൻ മുൻകൂർ അനുമതി വേണമെന്നാണ് 2017ലെ ഒാപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് സംബന്ധിച്ച യു.ജി.സി ചട്ടം. എന്നാൽ യു.ജി.സിയിൽനിന്ന് അനുമതിയൊന്നും തേടാതെയാണ് ഒക്ടോബർ രണ്ടിന് ഒാപൺ സർവകലാശാല തുടങ്ങുന്നതും കോഴ്സുകൾ ആരംഭിക്കുന്നതും.
2019 ജൂണിൽ സ്പെഷൽ ഒാഫിസർ ഡോ. ജെ. പ്രഭാഷ് സമർപ്പിച്ച റിപ്പോർട്ടിൽ മുൻകൂർ അനുമതിയടക്കം വാങ്ങി ഒാപൺ സർവകലാശാല തുടങ്ങാനാണ് ശിപാർശ ചെയ്തത്.
അംഗീകാരം അടക്കമുള്ള നടപടികൾക്ക് ഒരുവർഷം ആവശ്യമാണെന്നും 2020 ജൂണിൽ സർവകലാശാല തുടങ്ങാനുമായിരുന്നു ശിപാർശ. എന്നാൽ ഒരുവർഷം റിപ്പോർട്ടിൽ നടപടിയെടുക്കാതെയാണ് ധൃതിപ്പെട്ട് ഒാർഡിനൻസ് ഇറക്കി സർവകലാശാല ആരംഭിക്കുന്നത്.
യു.ജി.സി വ്യവസ്ഥകൾക്ക് വിരുദ്ധമായി ഉന്നത തസ്തികകളിലേക്കുള്ള നിയമനം നടത്താനാണ് അംഗീകാരം വാങ്ങാത്തതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഒാർഡിനൻസിലൂടെ ഇതര സർവകലാശാലകളിലെ വിദൂര/ പ്രൈവറ്റ് പഠനത്തിന് നിരോധനം വന്നതോടെ യു.ജി.സി അംഗീകാരമില്ലാത്ത ഒാപൺ സർവകലാശാലയിൽ കോഴ്സ് ചെയ്യാൻ വിദ്യാർഥികൾ നിർബന്ധിതരാകും. അല്ലെങ്കിൽ ഇൗ വിദ്യാർഥികൾ കൂട്ടത്തോടെ ഇതര സംസ്ഥാനങ്ങളിലെ സർവകലാശാലകളിലെ വിദൂരപഠന കേന്ദ്രങ്ങളിലേക്ക് മാറും.
അതേസമയം, ഇൗ അധ്യയനവർഷം കൂടെ വിദൂരപഠന കേന്ദ്രത്തിൽ വിദ്യാർഥി പ്രവേശനത്തിന് അനുമതി വേണമെന്ന് കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കാലിക്കറ്റ് സർവകലാശാലയുടെ സിൻഡിക്കേറ്റ് ആവശ്യപ്പെട്ടിട്ടുമുണ്ട്.
യു.ജി.സി അംഗീകാരവും കോഴ്സ് ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ ഈ വർഷം ഓപൺ യൂനിവേഴ്സിറ്റിയിൽ കോഴ്സുകൾ ആരംഭിക്കരുതെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും സർക്കാറിനും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.