തിരുവനന്തപുരം: കോളജ് അധ്യാപകരുടെ പി.ജി ക്ലാസുകളിലെ ഒരുമണിക്കൂർ അധ്യയനം ഒന്നരമണിക്കൂറായി പരിഗണിക്കുന്നത് പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവ്. ഇത് ഉൾപ്പെടെ കോളജ് അധ്യാപകരുടെ ജോലി ഭാരം വർധിപ്പിച്ച് ഇറക്കിയ വിവിധ ഉത്തരവുകൾ റദ്ദാക്കിയാണ് പഴയരീതി പുനഃസ്ഥാപിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്. ഇതോടെ പി.ജി ക്ലാസുകളിലെ ഒരുമണിക്കൂർ അധ്യയനം ഒന്നരമണിക്കൂർ ആയി പരിഗണിക്കുന്നത് തുടരും. ഇതുപ്രകാരമായിരിക്കും കോളജ് അധ്യാപകരുടെ ജോലി ഭാരം നിശ്ചയിക്കുക. പി.ജി ക്ലാസിലെ ഒരു മണിക്കൂർ അധ്യയനം ഒന്നരമണിക്കൂർ ആയി പരിഗണിക്കുന്നത് റദ്ദാക്കിയ ഉത്തരവിനെതുടർന്ന് സംസ്ഥാനത്തെ കോളജുകളിൽ 2000ത്തോളം തസ്തികകൾ അധികമായി മാറിയിരുന്നു.
സർക്കാർ ഉത്തരവ് വൻ പ്രതിഷേധത്തിനിടയാക്കുകയും കോളജുകളിൽ പുതിയ നിയമനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സർക്കാറിന് ലഭിച്ച നിവേദനങ്ങളെതുടർന്ന് പ്രശ്നം പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിലെ ശിപാർശയെ തുടർന്നാണ് ഒന്നര മണിക്കൂർ പരിഗണന പുനഃസ്ഥാപിച്ചത്. എന്നാൽ, ഇൗ പരിഗണന പി.ജി പ്രാക്ടിക്കൽ ക്ലാസിന് ലഭിക്കില്ല. അസി.പ്രഫസർ/ അസോ. പ്രഫസർ എന്നിവരുടെ ആഴ്ചയിലെ ജോലി ഭാരം 16 മണിക്കൂർ ആയിരിക്കും. ഇതിന് പുറമെ ഒമ്പത് മണിക്കൂർ ജോലിഭാരം ഉണ്ടെങ്കിൽ ഒരു അധിക തസ്തിക കൂടി അനുവദിക്കും. നേരത്തേ 16 മണിക്കൂർ ജോലിഭാരമുണ്ടെങ്കിൽ മാത്രമേ അധിക തസ്തിക സൃഷ്ടിക്കാൻ അനുവദിച്ചിരുന്നുള്ളൂ. ഇതിൽ കുറവുള്ള ജോലിഭാരത്തിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കാനായിരുന്നു റദ്ദാക്കിയ ഉത്തരവിൽ നിർദേശിച്ചിരുന്നത്.
വകുപ്പ് മേധാവികളുടെ ജോലി ഭാരം മാറ്റമില്ലാതെ തുടരും. കോളജ് പ്രിൻസിപ്പലിന് തെൻറ വിഷയത്തിൽ കോളജിൽ ആഴ്ചയിൽ അഞ്ച് മണിക്കൂർ ജോലി ഭാരം ഉണ്ടായിരിക്കണം. ഒറ്റ അധ്യാപകൻ മാത്രമുള്ള വിഷയങ്ങൾക്ക് എട്ട് മണിക്കൂർ ജോലി ഭാരമുണ്ടെങ്കിൽ തസ്തികയാകാമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.