മലപ്പുറം: ജില്ലയിൽ പ്ലസ് വൺ പ്രവേശനം നേടിയവരുടെ കണക്ക് പറയുമ്പോഴും പ്രവേശനം കിട്ടാത്തവരുടെ യഥാർഥ കണക്ക് പറയാതെ വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസം 62,000ത്തോളം പേർ ജില്ലയിൽ പ്ലസ്വണ്ണിന് പ്രവേശനം ലഭിച്ചുവെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവകാശപ്പെട്ടത്. ചരിത്രത്തിൽ കൂടുതൽ പേർ പ്രവേശനം നേടിയത് ഈ വർഷമാണെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഈ കണക്കുകളുടെ അവകാശവാദങ്ങൾക്കപ്പുറമാണ് യാഥാർഥ്യമെന്ന് കണക്കുകൾ തന്നെ പറയുന്നു.
ഈ വർഷം 80,022 പേരാണ് ജില്ലയിൽ പ്രവേശന നടപടികൾ ആരംഭിച്ചപ്പോൾ അപേക്ഷിച്ചത്. സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷകരുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടായി. വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞദിവസം പുറത്ത് വിട്ട കണക്ക് പ്രകാരം 62,729 പേർക്കാണ് മലപ്പുറത്ത് പ്രവേശനം ലഭിച്ചത്. ഇങ്ങനെ പരിശോധിക്കുമ്പോൾ തന്നെ ആദ്യഘട്ട അപേക്ഷകളിൽനിന്ന് തന്നെ 17,293 കുട്ടികൾ പ്രവേശനം നേടാൻ കഴിയാതെ പുറത്ത് പോയിട്ടുണ്ട്.
സപ്ലിമെന്ററി ഘട്ടം പരിഗണിച്ചാൽ പുറത്തായവരുടെ എണ്ണം ഇനിയും ഉയരും. ആദ്യഘട്ടത്തിൽ 80,022 അപേക്ഷകരിൽ 76,444 പേർ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ 2,351, എ.സി.എസ്.ഇ 25 എന്നിങ്ങനെയായിരുന്നു. സപ്ലിമെന്റററി ഘട്ടത്തിൽ ആകെ അപേക്ഷകരുടെ എണ്ണം പറയാതെ പുതിയ അപേക്ഷകരുടെ കണക്കാണ് പുറത്ത് വിട്ടത്. ഇതിൽ ആദ്യഘട്ട സപ്ലിമെന്ററി അലോട്ട്മെന്റില്‍ 18,054 അപേക്ഷകരുണ്ടായിരുന്നു. രണ്ടാംഘട്ട സപ്ലിമെന്ററിയിൽ 5,366 അപേക്ഷകരുമുണ്ട്. പ്ലസ് വണിന് സീറ്റ് കിട്ടാതെ വന്നതോടെ വിദ്യാർഥികൾ മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു.
ജില്ലയിലെ വിദ്യാർഥി സംഘടനകൾ അടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇവയെല്ലാം പരിഗണിക്കാതെയാണ് വിദ്യാഭ്യാസ വകുപ്പ് ജില്ലയിൽ കൂടുതൽ പ്രവേശനം നേടി എന്ന് അവകാശ വാദം ഉന്നയിക്കുന്നത്. ജില്ലയിൽ മൂന്ന് അലോട്ട്മെന്റിലായി അനുവദിച്ചത് ആകെ 45,997 മെറിറ്റ് സീറ്റുകളാണ്. ബാക്കിയുള്ളവർ സീറ്റ് പണം മുടക്കി നേടിയവരാണ്. ഇതും സർക്കാറിന്റെ അവകാശവാദമായിട്ടാണ് മന്ത്രി അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.