തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. രണ്ടാം ഘട്ടത്തിൽ 19545 പേർക്കുകൂടി പുതുതായി അലോട്ട്മെൻറ് ലഭിച്ചു. ഇതോടെ ആദ്യ രണ്ട് അലോട്ട്മെൻറുകളിൽ പ്രവേശനം ലഭിക്കുന്നവരുടെ എണ്ണം 235315 പേരായി. രണ്ടാം അലോട്ട്മെൻറിലൂടെ 17649 പേർക്ക് ഉയർന്ന ഓപ്ഷൻ ലഭിച്ചു. ഒന്നാം അലോട്ട്മെൻറിൽ അവശേഷിച്ചിരുന്ന സംവരണ സീറ്റുകൾ ഉൾപ്പെടെ ഇനി അവശേഷിക്കുന്നത് 68094 സീറ്റുകളാണ്.
സംവരണ സീറ്റുകൾ മെറിറ്റിലേക്ക് മാറ്റി അവശേഷിക്കുന്ന മുഴുവൻ സീറ്റും മൂന്നാം അലോട്ട്മെൻറിലൂടെ നികത്തും. സംവരണ സീറ്റുകൾ മെറിറ്റ് സീറ്റുകളാക്കുന്നതോടെ രണ്ടാം അലോട്ട്മെൻറിനെ അപേക്ഷിച്ച് മൂന്നാം അലോട്ട്മെൻറിൽ പ്രവേശനം ലഭിക്കുന്നവരുടെ എണ്ണം വർധിക്കും.
രണ്ട് അലോട്ട്മെൻറ് പൂർത്തിയായപ്പോൾ ആകെയുള്ള 150154 ജനറൽ സീറ്റുകളിൽ ഇനി അവശേഷിക്കുന്നത് അഞ്ച് സീറ്റുകൾ മാത്രമാണ്. എസ്.ടി സംവരണ സീറ്റിൽ 26227 സീറ്റും എസ്.ടി സംവരണ സീറ്റിൽ 14582 എണ്ണവും അവശേഷിക്കുന്നുണ്ട്.
സാമ്പത്തിക പിന്നാക്ക വിഭാഗത്തിന്റെ (ഇ.ഡബ്ല്യു.എസ്) 10395ഉം ലത്തീൻ വിഭാഗത്തിന്റെ 3574ഉം സീറ്റുകൾ ബാക്കിയാണ്. ഈഴവ 155, മുസ്ലിം 250, പിന്നാക്ക ക്രിസ്ത്യൻ 1240, പിന്നാക്ക ഹിന്ദു 744, ഭിന്നശേഷി 4054, കാഴ്ച പരിമിതർ 909, ഭാഷ ന്യൂനപക്ഷങ്ങൾ 78, ധീവര 2232, വിശ്വകർമ 68, കുശവൻ 1557, കുടുംബി 2024 എന്നിങ്ങനെയാണ് ഒഴിവുള്ള മറ്റ് സംവരണ സീറ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.