തിരുവനന്തപുരം: ഗ്രേസ് മാർക്ക് സമ്പ്രദായം ഉടച്ചുവാർക്കുന്ന ഉത്തരവോടെ അടുത്ത അധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിൽ അക്കാദമിക മികവിനെ അക്കാദമികേതര മികവ് മറികടക്കുന്ന രീതി പരിധിവരെ തടയിടാനാകും. ഗ്രേസ് മാർക്ക് പരമാവധി 30ൽ പരിമിതപ്പെടുത്തിയപ്പോൾ ഇരട്ട ആനുകൂല്യം നിർത്തലാക്കിയതും ഇതിന് വഴിയൊരുക്കും.
നേരത്തേ പരിധിയില്ലാതെ ഗ്രേസ് മാർക്കും അതിന് പുറമെ ഗ്രേസ് മാർക്ക് നേട്ടത്തിന് ആധാരമായ നേട്ടത്തിന് പ്ലസ് വൺ പ്രവേശനത്തിൽ ബോണസ് പോയൻറ് കൂടി നൽകുന്നതായിരുന്നു രീതി. ഇതുവഴി പഠന മികവിന്റെ ബലത്തിൽ മാത്രം എ പ്ലസ് നേടിയ വിദ്യാർഥികളെ ബോണസ് പോയൻറിന്റെ പേരിൽ മറികടന്ന് പ്രവേശനം നേടാൻ കഴിയുമായിരുന്നു.സർക്കാർ ഉത്തരവിലൂടെ ഗ്രേസ് മാർക്ക് ആനുകൂല്യം ലഭിച്ചവർക്ക് പിന്നീട് അതേ നേട്ടത്തിന്റെ പേരിൽ പ്ലസ് വൺ പ്രവേശനത്തിൽ ബോണസ് ലഭിക്കില്ല.
അക്കാദമികേതര മികവിൽ നേടുന്ന ഗ്രേസ് മാർക്ക് പരമാവധി 90 ശതമാനത്തിനപ്പുറം കടന്നുപോകാതെ പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്ലസ് വൺ പ്രവേശനത്തിൽ വിവിധയിനങ്ങളിലെ നേട്ടത്തിന് വെവ്വേറെ ബോണസ് പോയൻറ് നൽകുന്ന രീതിയുമുണ്ടായിരുന്നു. സർക്കാർ ഉത്തരവോടെ അതും ഇല്ലാതാകും. പ്ലസ് വൺ പ്രവേശനത്തിന് സാധ്യത നിശ്ചയിച്ചിരുന്നത് എസ്.എസ്.എൽ.സി പരീക്ഷയിലെ ഗ്രേഡിനൊപ്പം അക്കാദമികേതര നേട്ടങ്ങൾക്ക് നൽകിയിരുന്ന ബോണസ് പോയൻറ് കൂടിയായിരുന്നു.
പരീക്ഷയിൽ എ പ്ലസ് നേട്ടത്തോടെ ജയിക്കുന്നവർക്ക് ബോണസ് പോയൻറ് ഇല്ലെങ്കിൽ പ്രവേശനത്തിന് ബുദ്ധിമുട്ടുന്നതായിരുന്നു അവസ്ഥ. പരിശോധനയൊന്നുമില്ലാതെ നൽകിയിരുന്ന നീന്തൽ അറിവ് സർട്ടിഫിക്കറ്റിന് രണ്ട് ബോണസ് പോയൻറ് നൽകുന്ന രീതി കഴിഞ്ഞ വർഷത്തോടെ അവസാനിപ്പിച്ചിരുന്നു. ഈ വർഷം കൂടുതൽ ബോണസ് പോയൻറുകൾ നിർത്തലാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.