പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോൾ മലബാറിൽ സീറ്റ് ക്ഷാമം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോൾ മലബാറിലെ ജില്ലകളിൽ സീറ്റ് ക്ഷാമം. പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളിൽനിന്ന് 2,42,978 പേരാണ് ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചത്. ഇത് സംസ്ഥാനത്തെ മൊത്തം അപേക്ഷകരുടെ 51.5 ശതമാനമാണ്. ഇവർക്ക് ലഭ്യമായ മെറിറ്റ് സീറ്റുകൾ 1,53,759 ആണ്. ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോൾ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ 1,16,536 പേർക്ക് അലോട്ട്മെന്‍റ് ലഭിച്ചു. ഈ ആറ് ജില്ലകളിൽ ഇനി അവശേഷിക്കുന്ന മെറിറ്റ് സീറ്റ് 37,223 എണ്ണം മാത്രം. അലോട്ട്മെന്‍റ് ലഭിക്കാനുള്ളത് 1,26,442 പേർക്കും. അവശേഷിക്കുന്ന സീറ്റുകൾകൂടി പരിഗണിച്ചാൽ 89,219 അപേക്ഷകർക്ക് ഏകജാലക രീതിയിൽ പ്രവേശനം ലഭിക്കില്ല.

ഈ ജില്ലകളിൽ മാനേജ്മെന്‍റ് ക്വോട്ടയിൽ 15,408 ഉം കമ്യൂണിറ്റി ക്വോട്ടയിൽ 12450 ഉം സീറ്റാണുള്ളത്. ഇതുകൂടി പരിഗണിച്ചാൽ 61,361 അപേക്ഷകർക്ക് സീറ്റുണ്ടാകില്ല. ഫീസ് നൽകി പഠിക്കേണ്ട 25,265 അൺ എയ്ഡഡ് സീറ്റുമുണ്ട്. ഇവ പരിഗണിച്ചാൽപോലും 36,096 സീറ്റിന്‍റെ കുറവുണ്ടാകും. ഫീസ് നൽകി പഠിക്കേണ്ടതിനാൽ അൺ എയ്ഡഡ് സ്കൂളുകളിൽ പകുതി സീറ്റും ഒഴിഞ്ഞുകിടക്കുകയാണ് പതിവ്.

സീറ്റ് ക്ഷാമം കൂടുതൽ മലപ്പുറം ജില്ലയിലാണ്. ഇവിടെ 80,100 അപേക്ഷകർക്ക് ആകെയുള്ളത് 46256 മെറിറ്റ് സീറ്റാണ്. ഇതിൽ 34,103 സീറ്റിലേക്കാണ് അലോട്ട്മെന്‍റ് നടന്നത്. 45,997 പേർക്ക് അവശേഷിക്കുന്ന മെറിറ്റ് സീറ്റ് 12,153 ആണ്. ജില്ലയിൽ മാനേജ്മെന്‍റ്, കമ്യൂണിറ്റി ക്വോട്ടകളിൽ 8670 സീറ്റുണ്ട്. ഇതുകൂടി പരിഗണിച്ചാലും 25,174 അപേക്ഷകർക്ക് സീറ്റില്ല. 11,275 അൺ എയ്ഡഡ് സീറ്റുണ്ടെങ്കിലും ഫീസ് നൽകി പഠിക്കേണ്ടതിനാൽ പകുതിയോളം ഒഴിഞ്ഞുകിടക്കാറാണ് പതിവ്. അതേസമയം, സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം ജില്ലയിൽ മുന്നാക്ക സംവരണത്തിനായി നൽകിയ 3240 സീറ്റുകളിൽ 2644 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്.

സംസ്ഥാനത്താകെ മുന്നാക്ക സംവരണത്തിന് നീക്കിവെച്ച 18,449 സീറ്റുകളിൽ 8374 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു. രണ്ടാം അലോട്ട്മെന്‍റിന് ശേഷവും ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകൾ മൂന്നാം അലോട്ട്മെന്‍റിൽ ജനറൽ മെറിറ്റിൽ ലയിപ്പിച്ച് അലോട്ട്മെന്‍റ് നടത്തും. കോടതി വിധിയെതുടർന്ന് 307 എയ്ഡഡ് സ്കൂളുകളിലെ പത്ത് ശതമാനം കമ്യൂണിറ്റി/ മാനേജ്മെന്‍റ് ക്വോട്ടയിൽ 6705 സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. കോടതിവിധിക്കനുസൃതമായേ ഈ സീറ്റുകളിലേക്ക് അലോട്ട്മെന്‍റ് നടത്തൂ.

Tags:    
News Summary - Plus One Admission: Shortage of seats in Malabar when the first allotment was published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.