തിരുവനന്തപുരം: സംസ്ഥാന സിലബസിൽ ഹയർ സെക്കൻഡറി പഠനത്തിനെത്തുന്ന സി.ബി.എസ്.ഇ വിദ്യാർഥികളുടെ എണ്ണം അഞ്ചു വർഷത്തിനിടെ പകുതിയായി കുറഞ്ഞു. പത്താംതരം വരെ സി.ബി.എസ്.ഇ സ്കൂളിൽ പഠിച്ചശേഷം ഹയർസെക്കൻഡറി പഠനത്തിന് ഏകജാലക സംവിധാനത്തിന് കീഴിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലാണ് വൻ ഇടിവ്.
2018ൽ 51,643 പേരാണ് സി.ബി.എസ്.ഇയിൽനിന്ന് ഹയർസെക്കൻഡറിയിലേക്ക് അപേക്ഷിച്ചതെങ്കിൽ ഈ വർഷം അത് 23,699 ആണ്. അഞ്ചു വർഷത്തിനിടെ 55 ശതമാനത്തിന്റെ കുറവ്. സംസ്ഥാന സിലബസിലെ വിദ്യാർഥികൾ നീറ്റ്, ജെ.ഇ.ഇ ഉൾപ്പെടെ മത്സര പരീക്ഷകളിൽ പിന്നാക്കം പോകുന്നെന്ന കണക്കുകൾ പുറത്തുവന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത വർഷം മുതൽ പൊതുപരീക്ഷ മൂല്യനിർണയ രീതിയിൽ മാറ്റം വരുത്തുന്നതു പഠിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു.
കഴിഞ്ഞ വർഷം (2023ൽ) സി.ബി.എസ്.ഇ അപേക്ഷകരുടെ എണ്ണം 25,421 ആയിരുന്നെങ്കിൽ 2022ൽ 31,615ഉം 2021ൽ 30,757ഉം 2020ൽ 39,335 ഉം ആയിരുന്നു. ഐ.സി.എസ്.ഇ സിലബസിൽനിന്ന് വരുന്ന കുട്ടികളുടെ എണ്ണത്തിലും കുറവ് പ്രകടമാണ്. ഈ വർഷം കേരളത്തിൽനിന്ന് സി.ബി.എസ്.ഇ പത്താംതരം ജയിച്ചത് 59,857 കുട്ടികളാണ്. ഇതിൽനിന്ന് 23,699 പേർ മാത്രമാണ് സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറികളിൽ പ്രവേശനത്തിന് അപേക്ഷിച്ചത്.
നേരത്തേ എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് കേരള സിലബസിനെ ആശ്രയിച്ചത് സി.ബി.എസ്.ഇ വിദ്യാർഥികളെ ആകർഷിക്കാൻ ഘടകമായിരുന്നു. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഹയർസെക്കൻഡറി ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളിലെ മാർക്ക് കൂടി പരിഗണിക്കുന്നതും ഇതിന് ആക്കം കൂട്ടി.
എന്നാൽ, മെഡിക്കൽ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തിൽ നീറ്റ് -യു.ജിയും കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് സി.യു.ഇ.ടിയും തുടങ്ങിയതോടെയാണ് സി.ബി.എസ്.ഇ വിദ്യാർഥികൾ സംസ്ഥാന സിലബസ് കൈവിട്ടുതുടങ്ങിയത്.
സി.ബി.എസ്.ഇയിലും സംസ്ഥാന സിലബസിലും എൻ.സി.ഇ.ആർ.ടി സയൻസ് പാഠപുസ്തകങ്ങളായാണെങ്കിലും അയഞ്ഞ പഠന, മൂല്യനിർണയ രീതികളാണ് സംസ്ഥാന സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നത്. ഇതു ദേശീയ മത്സരപരീക്ഷകൾക്ക് ഒരുങ്ങാൻ വിദ്യാർഥികൾക്ക് സഹായകമല്ലെന്ന വിമർശനം നേരത്തേയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.