തിരുവനന്തപുരം: മലബാറിൽ മുക്കാൽലക്ഷം വിദ്യാർഥികൾ സീറ്റില്ലാതെ പുറത്തുനിൽക്കുന്നതിനിടെ സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾക്ക് തിങ്കളാഴ്ച തുടക്കമാകുന്നു.
പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ കാര്യത്തിൽ മൂന്ന് അലോട്ട്മെന്റുകൾ അടങ്ങുന്ന മുഖ്യഘട്ട പ്രവേശനം പൂർത്തിയായിട്ടും തീരുമാനമെടുക്കാത്ത സർക്കാർ, മലബാർ മേഖലയിൽ ആവശ്യമായ സീറ്റുണ്ടെന്ന് കണക്ക് നിരത്താനാണ് ശ്രമിച്ചത്. മൂന്നാം അലോട്ട്മെന്റിൽ ബാക്കിയുള്ള സീറ്റിലേക്കുള്ള രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളാണ് ഇനി ശേഷിക്കുന്നത്.
ശേഷിക്കുന്ന സീറ്റുകളുടെ മൂന്നിരട്ടി വിദ്യാർഥികളാണ് മലബാറിൽ പുറത്തിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നിരത്തിയ കണക്കുകൾ പൊളിയുകയും എസ്.എഫ്.ഐ ഉൾപ്പെടെ സംഘടനകൾ സമരരംഗത്തിറങ്ങുകയും ചെയ്തതോടെ വിദ്യാർഥി സംഘടനകളെ ചർച്ചക്ക് വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റ നിർദേശപ്രകാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സെക്രട്ടേറിയറ്റ് അനക്സിലാണ് മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള ചർച്ച.
സീറ്റ് ക്ഷാമം രൂക്ഷമായ മലബാറിൽ പ്രതിസന്ധിയില്ലെന്ന കണക്കുമായി ശനിയാഴ്ച രാവിലെ മന്ത്രി രംഗത്തുവന്നിരുന്നു. മന്ത്രി പുറത്തുവിട്ട കണക്കുകൾ ഏതാനും മണിക്കൂറുകൾക്കകം പൊളിഞ്ഞു.
അപേക്ഷകരുടെ എണ്ണം കുറച്ചുകാണിച്ചും അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർഥികളുടെ എണ്ണം, സീറ്റില്ലാത്തവരുടെ എണ്ണത്തിൽനിന്ന് കുറച്ചുമുള്ള കൃത്രിമ കണക്കാണ് മന്ത്രി അവതരിപ്പിച്ചത്. വിദ്യാർഥി സംഘടനകളായ എം.എസ്.എഫ്, കെ.എസ്.യു, ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ സീറ്റ് ക്ഷാമത്തിൽ പ്രക്ഷോഭപാതയിലാണ്.
വിദ്യാർഥികളുടെ പ്രതിസന്ധി തിരിച്ചറിഞ്ഞതോടെ എസ്.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റിയും സമരം പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഇവർ മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് പ്രഖ്യാപിച്ചത് സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്ത്രി ചർച്ച വിളിച്ചത്.
മൂന്ന് അലോട്ട്മെന്റ് കഴിഞ്ഞാൽ സ്ഥിതി വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പും ലംഘിക്കപ്പെട്ടു. മതിയായ കുട്ടികളില്ലാത്ത 129 ബാച്ചുകൾ മധ്യ, തെക്കൻ കേരളത്തിലെ സ്കൂളുകളിലുണ്ടെന്ന് കണ്ടെത്തിയെങ്കിലും അതിൽ തൊടാൻ സർക്കാർ തയാറായിട്ടില്ല. ഇതിൽ 30 ബാച്ചുകളിൽ പത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.