പാലക്കാട്: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറിൽ ജില്ലയിൽ സീറ്റുറപ്പായത് 20,096 പേർക്ക് മാത്രം. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച 43,010 വിദ്യാർഥികളിൽ പകുതിയലധികം പേരും സീറ്റ് കിട്ടാതെ പുറത്താണ്. ആകെയുള്ള മെറിറ്റ് സീറ്റുകൾ 24,345. ഒക്ടോബറിൽ നടക്കുന്ന രണ്ടാം അലോട്ട്മെൻറിലേക്ക് ബാക്കിയുള്ള മെറിറ്റ് സീറ്റുകൾ 4249.
സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റും എയ്ഡഡിലെ കമ്യൂണിറ്റി, മാനേജ്മെൻറ് സീറ്റുകൾ ഒഴികെയുള്ളതുമാണ് മെറിറ്റ് സീറ്റുകളായി കണക്കാക്കുന്നത്. ആനുപാതിക വർധനയിലൂടെ വരുത്തിയ സീറ്റുകൾ ഉൾപ്പെടുത്തിയാണ് ബുധനാഴ്ച അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചത്. ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിൽ ആകെ 28,267 പ്ലസ് വൺ സീറ്റുകളാണുള്ളത്. 20 ശതമാനം ആനുപാതിക വർധനയിലൂടെ 4830 സീറ്റുകളാണ് സർക്കാർ കൂട്ടിയത്. ഇതുപ്രകാരം നിലവിൽ 33,097 സീറ്റുകളുണ്ട്.
24 അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ 83 ബാച്ചുകളും 4117 സീറ്റുകളും ഉണ്ടെങ്കിലും ഇതിൽ ചേർന്ന് പഠിക്കാൻ ഉയർന്ന ഫീസ് നൽകണം.
വർഷങ്ങളായി തെക്കൻ ജില്ലകളിൽ ഹയർ സെക്കൻഡറി സീറ്റുകൾ ഒഴിഞ്ഞുകിടക്കുേമ്പാഴാണ് മലബാറിൽ സീറ്റ് ലഭിക്കാതെ വിദ്യാർഥികൾ പുറത്തിരിക്കുന്നത്. ജില്ലയിൽ 25 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 69 ബാച്ചുകളിലായി 2070 സീറ്റുണ്ട്. അത് ഒഴിച്ചുനിർത്തിയാലും എട്ടായിരത്തോളം കുട്ടികൾ ക്ലാസ്മുറിക്ക് പുറത്തിരിക്കേണ്ടിവരും. കഴിഞ്ഞ വർഷം പ്ലസ് വൺ പ്രവേശനം കിട്ടാതെപോയ ജില്ലയിലെ 6274 കുട്ടികളാണ് സ്കോൾ കേരളയിൽ ചേർന്ന് പഠിച്ചത്. ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.35 ശതമാനം കുട്ടികളാണ് ജില്ലയിൽ വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.