തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന നടപടികൾ അവസാന ഘട്ടത്തിലെത്തിയിട്ടും സീറ്റില്ലാതെ മൂന്ന് ജില്ലകളിൽ ആയിരക്കണക്കിന് വിദ്യാർഥികൾ. മലപ്പുറത്ത് 10,985 കുട്ടികളാണ് പ്ലസ് വൺ സീറ്റ് ലഭിക്കാതെ പുറത്തിരിക്കുന്നത്. ജില്ലയിൽ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി നിലവിൽ ഒരു സീറ്റ് പോലും ബാക്കിയില്ല. അതേസമയം, കോട്ടയത്ത് മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽകിയിട്ടും 3,144 സീറ്റ് ബാക്കി കിടക്കുകയാണ്. പത്തനംതിട്ടയിലും അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ലഭിച്ചിട്ടും 1,524 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്..
അപേക്ഷകരായ എല്ലാവർക്കും പ്ലസ് വൺ പ്രവേശനത്തിന് സൗകര്യമൊരുക്കുമെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പ്രഖ്യാപനം പാഴ്വാക്കായെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു. മലബാറിലെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് അപേക്ഷകർക്ക് മതിയായ സീറ്റില്ലാത്തത്.
മലപ്പുറം ജില്ലയിൽ 18054 പേരാണ് സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ചിരുന്നത്. അവശേഷിച്ചിരുന്നത് 6917 സീറ്റുകളായിരുന്നു. ഭിന്നശേഷിക്കാർക്കുള്ള അധിക സീറ്റ് കൂടി ചേർത്ത് ജില്ലയിൽ 7069 പേർക്കാണ് അലോട്ട്മെന്റ് നൽകിയത്. ജില്ലയിൽ ഇനിയും 10985 കുട്ടികൾക്ക് സീറ്റ് ലഭിച്ചിട്ടില്ല.
പാലക്കാട് ജില്ലയിൽ 8537 അപേക്ഷകരിൽ 4264 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. 4273 പേർക്ക് പ്രവേശനം ലഭിച്ചിട്ടില്ല. കോഴിക്കോട് ജില്ലയിൽ 8975 അപേക്ഷകരിൽ 5342 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. 3633 അപേക്ഷകർ ഇനിയും പുറത്താണ്. കണ്ണൂർ ജില്ലയിൽ 5078 അപേക്ഷകരിൽ 3556 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. തൃശൂർ ജില്ലയിലും ആയിരത്തിലധികം സീറ്റുകളുടെ കുറവുണ്ട്. മറ്റ് ജില്ലകളിൽ സപ്ലിമെന്ററി അലോട്ട്മെന്റിന് ലഭ്യമായ സീറ്റുകളും അപേക്ഷകരുടെ എണ്ണവും ഏറക്കുറെ തുല്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.