കോട്ടയം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രവേശനം പൂർത്തിയായപ്പോൾ ഇതുവരെ മെറിറ്റ് സീറ്റിൽ സ്ഥിര പ്രവേശനം നേടിയത് 6696 പേർ. 2900 പേർ താൽക്കാലിക പ്രവേശനം നേടി. ആകെ 10668 പേർക്കാണ് മെറിറ്റ് സീറ്റിൽ അലോട്ട്മെന്റ് ലഭിച്ചത്. സ്പോർട്സ് ക്വോട്ടയിൽ അലോട്ട്മെന്റ് ലഭിച്ച 244 പേരിൽ 133 പേർ സ്ഥിര പ്രവേശനവും 60 പേർ താൽക്കാലിക പ്രവേശനവും നേടി. എയ്ഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വോട്ടയിൽ 1047 പേരും മാനേജ്മെന്റ് ക്വോട്ടയിൽ 93 പേരും അൺ എയ്ഡഡ് സീറ്റുകളിൽ 124 പേരും പ്രവേശനം നേടി. ജനറൽ വിഭാഗത്തിലെ സീറ്റുകളിൽ ഒന്നാംഅലോട്ട്മെന്റിൽതന്നെ പ്രവേശനം പൂർത്തിയായിരുന്നു. 7424 സീറ്റുകളാണുണ്ടായിരുന്നത്. ഇ.ടി.ബി വിഭാഗത്തിലെ 408 സീറ്റുകളിലും പ്രവേശനം നടന്നു.
ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി 21986 സീറ്റുകളാണുള്ളത്. സർക്കാർ സ്കൂളുകളിൽ 5100, എയ്ഡഡ് സ്കൂളുകളിൽ 13800, അൺ-എയ്ഡഡ് സ്കൂളുകളിൽ 3,086 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. ഇത്തവണ 18813 പേരാണ് കോട്ടയത്തുനിന്ന് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചത്. ഇവർക്കെല്ലാം ഉപരിപഠനത്തിന് അവസരം ലഭിക്കും.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ പഠിച്ചവരിൽ നിശ്ചിതശതമാനത്തിനും സീറ്റ് കിട്ടും. കഴിഞ്ഞ വർഷം 21958 സീറ്റുകളിലേക്ക് 22897 അപേക്ഷകളാണ് ലഭിച്ചത്. 11286 പേർക്ക് ആദ്യ അലോട്ട്മെന്റ് ലഭിച്ചിരുന്നു. ഇത്തവണ 380 അപേക്ഷകൾ കുറവുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ പത്താംക്ലാസ് പഠിച്ചവരിൽ ഒരുവിഭാഗം സംസ്ഥാന സിലബസിലേക്ക് മാറും. ഇവർ എത്തിയാലും ജില്ലയിലെ പ്ലസ്വൺ പ്രവേശനം ക്ലേശകരമാകില്ല.
കഴിഞ്ഞ വർഷം ജനറൽ വിഭാഗത്തിൽ ആദ്യ അലോട്ട്മെന്റിൽ തന്നെ പ്രവേശനം പൂർത്തിയായിരുന്നു. പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ 5626 പ്ലസ് വൺ സീറ്റുകൾ ജില്ലയിൽ അവശേഷിച്ചു.
വിദ്യാർഥികളുടെ കുറവു കാരണം വിവിധ ഗവ. ഹയർ സക്കൻഡറി സ്കൂളുകളിൽ നിന്നായി നാല് ബാച്ചുകൾ വടക്കൻ ജില്ലകളിലേക്കു മാറ്റിയിരുന്നു. ജില്ലയിൽ മൊത്തം 133 പ്ലസ്ടു സ്കൂളുകളാണുള്ളത്. ഇതിൽ സർക്കാർ -41, എയ്ഡഡ് -71, അൺ എയ്ഡഡ് -21 എന്നിങ്ങനെയാണ് സ്കൂളുകളുടെ കണക്ക്. 19 നാണ് മൂന്നാം അലോട്ട്മെന്റ്.
24ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. മുൻ വർഷം ക്ലാസ് ആരംഭിച്ചത് ജൂലൈ അഞ്ചിനായിരുന്നു. സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.