തിരുവനന്തപുരം: പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി തുടരുമ്പോഴും 20ൽ താഴെ വിദ്യാർഥികളുമായി 90 ഹയർസെക്കൻഡറി ബാച്ചുകൾ. ഇതിൽ 20 ബാച്ചുകളിൽ 10ൽ താഴെ കുട്ടികളാണുള്ളത്. 50 വിദ്യാർഥികളാണ് ഒരു ഹയർസെക്കൻഡറി ബാച്ചിൽ വേണ്ടത്. ബാച്ച് നിലനിർത്താൻ 25 കുട്ടികളെങ്കിലും വേണമെന്നാണ് ചട്ടം. എന്നാൽ, 25ൽ താഴെ കുട്ടികളുമായി സർക്കാർ ശമ്പളം കൊടുത്ത് സ്ഥിരം അധ്യാപകരുമായി പ്രവർത്തിക്കുന്നത് 129 ബാച്ചുകളാണ്.
ഇതിൽ 105 എണ്ണം സർക്കാർ സ്കൂളുകളിലാണ്. പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളിൽ ഈ വർഷം സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ ലഭ്യമായ പ്ലസ് വൺ സീറ്റിനെക്കാൾ 40,840 വിദ്യാർഥികൾ അധികമായി എസ്.എസ്.എൽ.സി വിജയിച്ചിട്ടുണ്ട്. ഇതിൽ 20,040 വിദ്യാർഥികൾ മലപ്പുറം ജില്ലയിലാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെ ഇതര സിലബസിലുള്ള അപേക്ഷകർകൂടി വരുന്നതോടെ ഈ ജില്ലകളിൽ അരലക്ഷത്തോളം പേർക്കെങ്കിലും സീറ്റുണ്ടാകില്ല.
പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ ഇത്രയധികം സീറ്റ് അന്തരം നിലനിൽക്കുമ്പോഴാണ് കുട്ടികളില്ലാത്ത ബാച്ചുകളിൽ തൊടാൻ സർക്കാർ മടിക്കുന്നത്. ഈ ബാച്ചുകൾ സീറ്റില്ലാത്ത മേഖലകളിലേക്ക് മാറ്റിയാൽ സീറ്റ് ക്ഷാമത്തിന് അൽപമെങ്കിലും കുറവുവരുത്താൻ കഴിയും. മുൻവർഷങ്ങളിലും നൂറോളം ബാച്ചുകളിൽ കുട്ടികളില്ലാതെവന്നിട്ടുണ്ടെങ്കിലും സർക്കാർ നടപടി തുച്ഛമായ ബാച്ചുകളുടെ കാര്യത്തിലാണ്. ബാച്ച് മാറ്റുന്നിടത്തെ ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും സമ്മർദം മുറുക്കുന്നതോടെയാണ് ഈ നീക്കത്തിൽനിന്ന് സർക്കാർ പിന്മാറുന്നത്. പത്തനംതിട്ടയിൽ മാത്രം 31 ബാച്ചുകളിൽ മതിയായ കുട്ടികളില്ല. എറണാകുളത്ത് 21ഉം ആലപ്പുഴയിൽ 17ഉം ബാച്ചുകളിൽ മതിയായ കുട്ടികളില്ല.
പരിസരത്തെ സ്കൂളുകളിലെ ബാച്ചുകളിലേക്ക് ഈ സ്കൂളുകളിൽ പ്രവേശനത്തിന് സാധ്യതയുള്ള കുട്ടികളെ ക്രമീകരിച്ചാൽ കുട്ടികളില്ലാത്ത ബാച്ചുകൾ സീറ്റ് ക്ഷാമമുള്ള മേഖലകളിലേക്ക് മാറ്റാൻ കഴിയും. കഴിഞ്ഞ വർഷങ്ങളിൽ കുട്ടികളില്ലാത്ത ബാച്ചുകളുടെ എണ്ണം പുറത്തുവന്നതോടെ ചുരുക്കം എണ്ണം മാത്രമാണ് മാറ്റാൻ സർക്കാർ തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.