തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം മതിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ ഒരു ലക്ഷത്തിൽ താഴെ അപേക്ഷകർ സീറ്റ് ലഭിക്കാത്തവരായുണ്ടെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ യോഗത്തിൽ അറിയിച്ചത്. മൂന്ന് അലോട്ട്മെന്റുകൾ അടങ്ങുന്ന മുഖ്യഘട്ട അലോട്ട്മെന്റിന് ശേഷം സീറ്റ് ക്ഷാമം സംബന്ധിച്ച് സ്ഥിതി വിലയിരുത്തി നടപടിയെടുക്കുമെന്നായിരുന്നു മന്ത്രി നേരത്തേ അറിയിച്ചത്. തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം സ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ അധിക താൽക്കാലിക ബാച്ചുകൾ അനുവദിക്കാമെന്ന നിലപാടിലേക്ക് വിദ്യാഭ്യാസ വകുപ്പ് മാറിയത്.
ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിക്കുന്നതോടെ എത്ര അപേക്ഷകർക്ക് സീറ്റ് ലഭിച്ചില്ലെന്ന് വ്യക്തമാകും. ഈ ഘട്ടത്തിൽതന്നെ സീറ്റ് വർധനക്കുള്ള നടപടി തുടങ്ങാവുന്നതാണ്. എന്നാൽ, സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമുള്ള പ്രവേശനം പൂർത്തിയാക്കി വീണ്ടും സ്ഥിതി വിലയിരുത്തി നടപടിയെടുത്താൽ മതിയെന്നാണ് മന്ത്രിതല യോഗത്തിലെ തീരുമാനം. 2021ലും താൽക്കാലിക ബാച്ചുകൾ അനുവദിച്ചത് ഒന്നാം സപ്ലിമെന്ററി ബാച്ച് പ്രകാരമുള്ള പ്രവേശനം പൂർത്തിയാക്കിയ ശേഷമാണെന്ന് യോഗത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. സീറ്റ് വർധനക്കായി അധിക ബാച്ച് അനുവദിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ ആഴ്ചകളെടുക്കും. സീറ്റ് ലഭിക്കാത്ത വിദ്യാർഥികൾ അപ്പോഴേക്കും ഓപൺ സ്കൂൾ ഉൾപ്പെടെ സമാന്തര പഠന മാർഗങ്ങളിലേക്ക് നീങ്ങും. ജില്ല, താലൂക്ക്, പഞ്ചായത്ത്/മുനിസിപ്പൽ തലങ്ങളിൽ അപേക്ഷകരുടെ എണ്ണവും അലോട്ട്മെന്റും വിലയിരുത്തിയിരുന്നു.
താലൂക്ക്, പഞ്ചായത്ത്/ മുനിസിപ്പൽ തലങ്ങളിലുള്ള വിലയിരുത്തലിലാണ് ഒരു ലക്ഷത്തിൽ താഴെ അപേക്ഷകർ സീറ്റ് ലഭിക്കാത്തവരായുണ്ടെന്ന് കണ്ടെത്തിയത്. മൂന്നാം അലോട്ട്മെന്റിൽ അവശേഷിക്കുന്ന സീറ്റുകളും സ്പോർട്സ് ക്വോട്ടയിലെ അവശേഷിക്കുന്ന സീറ്റുകളും മെറിറ്റിലേക്ക് മാറ്റിയായിരിക്കും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ഇതിനു ശേഷം എത്ര അപേക്ഷകർക്ക് സീറ്റ് ലഭിച്ചില്ലെന്ന് വീണ്ടും പരിശോധന നടത്തി ആവശ്യമെങ്കിൽ താൽക്കാലിക ബാച്ച് അനുവദിക്കാമെന്ന ധാരണയിലാണ് യോഗം അവസാനിച്ചത്.
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ലഭ്യത സംബന്ധിച്ച വ്യാജ പ്രചാരണങ്ങളും സമരങ്ങളും രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ളതാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ ആരംഭിക്കുന്നതോടൊപ്പം താലൂക്ക് അടിസ്ഥാനത്തില്‍ അഡ്മിഷന് ലഭിക്കാത്ത കുട്ടികളുടെ എണ്ണവും സീറ്റ് കുറവും പരിശോധിച്ച് ഉപരിപഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് സാഹചര്യം ഒരുക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടെ നടത്തുന്ന പ്രചാരണങ്ങളും സമരങ്ങളും ഒഴിവാക്കുന്നതാകും ഗുണകരമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.