തിരുവനന്തപുരം: നിർബന്ധപൂർവം പാലിക്കേണ്ട സമയക്രമമല്ല പ്രീസ്കൂളിൽ വേണ്ടതെന്നും ദിവസം നാലു മുതൽ നാലര വരെ മണിക്കൂർ പ്രയോജനപ്പെടുത്താമെന്നും കരട് പാഠ്യപദ്ധതി ചട്ടക്കൂട്. ക്ലാസ് സമയത്തിന്റെ കാര്യത്തിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് വഴക്കമുള്ള സമീപനം സ്വീകരിക്കാൻ അധ്യാപകർക്ക് സ്വാതന്ത്ര്യം നൽകണം. തദ്ദേശ ഭരണ അനുമതിയോടെയാകണം സമയക്രമം തീരുമാനിക്കേണ്ടത്.
മൂന്നുമുതൽ നാലുവരെ പ്രായക്കാർക്ക് ഉച്ചഭക്ഷണശേഷം വീട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കണം. ഗ്രാമീണമേഖലയിലടക്കം തൊഴിലെടുക്കുന്ന മാതാപിതാക്കളുടെ എണ്ണം കേരളത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ തൊഴിലിന് പോകുന്നതിന് മുമ്പും തൊഴിൽ കഴിഞ്ഞുവരുന്നതുവരെയും കുട്ടികളുടെ സുരക്ഷിത ഇടമായി പ്രീസ്കൂളുകളും അംഗൻവാടികളും മാറണം. മുതിർന്നവരുടെ ചെറുപതിപ്പുകളാണ് കുഞ്ഞുങ്ങൾ എന്ന ധാരണ തിരുത്തണം. കുട്ടികൾക്ക് അവരുടേതായ വീക്ഷണഗതിയുണ്ട്. വീട്, പരിസരം, പ്രകൃതി, പ്രതിഭാസങ്ങൾ, സസ്യങ്ങൾ, മൃഗങ്ങൾ, പുഷ്പങ്ങൾ, ഗ്രാമം, ആഘോഷങ്ങൾ തുടങ്ങി കുട്ടിയുടെ ചുറ്റുമുള്ള കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാകണം പാഠ്യപദ്ധതിയിൽ ഭാഗങ്ങൾ ഉൾപ്പെടുത്തേണ്ടതെന്നും കരടിൽ പറയുന്നു.
ഔപചാരിക പരീക്ഷകൾ വേണ്ട
ഔപചാരിക രീതിയിലുള്ള പരീക്ഷകൾ സ്കൂളിൽ അഭികാമ്യമല്ല. വിലയിരുത്തപ്പെടുന്നുവെന്ന തോന്നൽ പോലും കുട്ടിയിൽ ഉണ്ടാകരുത്. ശാരീരികവും മാനസികവും ആരോഗ്യപരവുമടക്കം സമഗ്രമായും തുടർച്ചയുള്ളതുമാകണം കുട്ടിയുടെ വിലയിരുത്തൽ. കുട്ടികൾ ഇടപെടുന്ന എല്ലാ സന്ദർഭത്തിലും നിരന്തര നിരീക്ഷണം വഴിയാണ് വിലയിരുത്തേണ്ടത്. ഇത് അനൗപചാരികവും പൂർണമായും ശിശുസൗഹൃദവുമായിരിക്കണം. സ്കൂളിൽ അധ്യാപികയും വീട്ടിൽ രക്ഷാകർത്താക്കളും വിലയിരുത്തണം. ഭക്ഷണം കഴിക്കുന്ന അനൗപചാരിക വേളകൾ പോലും വിലയിരുത്തലിന് പ്രയോജനപ്പെടുത്താം. കർക്കശമായ രേഖപ്പെടുത്തൽ രീതി പാടില്ല.
കഥകളിലും കളിപ്പാട്ടങ്ങളിലും പോലും ലിംഗവിവേചനം പാടില്ല
പാഠ്യപദ്ധതിയിലെ കഥകളിലും പാട്ടുകളിലും ലിംഗവിവേചനത്തിന്റെ സാന്നിധ്യം കടന്നുവരാൻ പാടില്ല. കളിപ്പാട്ടങ്ങൾ നൽകുമ്പോൾ പോലും അബോധപൂർവമായെങ്കിലും ലിംഗവിവേചനം കടന്നുവരുന്നുണ്ട്. പാചകവും ശുചീകരണവും പെൺകുട്ടികളുടെ ചുമതലയാണെന്ന സന്ദേശം നൽകുന്ന ചിത്രങ്ങളും കഥകളും പാട്ടുകളുമൊന്നും കടന്നുവരാതെ നോക്കണം. കുട്ടികൾക്കുവേണ്ടി തയാറാക്കുന്ന കഥകളും സാമഗ്രികളും ജൻഡർ ഓഡിറ്റിന് വിധേയമാക്കിയേ പ്രസിദ്ധീകരിക്കാവൂ. ക്ലാസ്മുറികളിലെ അധ്യാപകരുടെ പെരുമാറ്റങ്ങളിലും ബോധപൂർവം ജെൻഡർ ന്യൂട്രലായ സമീപനം ഉറപ്പുവരുത്തണം.
ക്ലാസ്മുറിയിലെ ഇതര ഭാഷ കുട്ടിയെ സമ്മർദത്തിലാക്കും
കുഞ്ഞുങ്ങൾക്ക് ചിന്തകളും വികാരങ്ങളും വേഗത്തിൽ പ്രകടിപ്പിക്കാനാകുന്നത് മാതൃഭാഷയിലാണ്. മറ്റൊരു ഭാഷയിലൂടെ ആശയവിനിമയം നടത്താൻ നിർബന്ധിക്കുന്നത് സമ്മർദം സൃഷ്ടിക്കും. ഇതിനാവശ്യമായ പദസമ്പത്തോ വാക്യഘടനയോ കുഞ്ഞ് സ്വായത്തമാക്കിയിട്ടുണ്ടാവില്ല. ഇതരഭാഷയാകുമ്പോൾ ശരിയായ രീതിയിൽ ആശയഗ്രഹണം നടത്താതെ കേവലം മനഃപാഠമാക്കുന്നതിൽ കലാശിക്കും. ആശയവിനിമയം നടക്കാതെ വരുമ്പോൾ ഭാഷ പ്രയോഗിക്കുന്നതിൽ നിന്നുതന്നെ പതുക്കെ പിൻവാങ്ങുന്നതിലേക്കാകും എത്തുക. വ്യത്യസ്ത സന്ദർഭങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഭാഷ പ്രയോഗിക്കാൻ കുട്ടിക്ക് കഴിയാതെ വരും.
ആയമാർ എസ്.എസ്.എൽ.സി പാസായവരാകണം
പ്രീസ്കൂൾ അധ്യാപകരുടെ അടിസ്ഥാനയോഗ്യത ഹയർ സെക്കൻഡറി വിദ്യാഭ്യാസവും അംഗീകൃത പ്രീപ്രൈമറി അധ്യാപകപഠനവുമാണ്. ആയമാർക്കുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സിയാകണം. ഒപ്പം ശിശുപരിചരണവുമായി ബന്ധപ്പെട്ട അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് പാസാവുകയും വേണം. അധ്യാപകയോഗ്യത കാലാനുസൃതമായി മാറിയിട്ടില്ലെന്നും കരടിൽ വിമർശനമുണ്ട്.
ക്രഷുകളിൽ ഗൃഹാന്തരീക്ഷം ഉറപ്പുവരുത്തണം
അണുകുടുംബങ്ങൾ വ്യാപകമായതും തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചതും ശിശുപരിപാലനത്തിനായി ക്രഷുകളെ ആശ്രയിക്കുന്നത് വർധിപ്പിച്ചിട്ടുണ്ട്. ഇത്തരം ശിശുപരിപാലന കേന്ദ്രങ്ങളിൽ ഗൃഹാന്തരീക്ഷം ഉറപ്പുവരുത്തണം. സമയക്രമം നിശ്ചയിക്കേണ്ടത് ക്രഷുകൾ പ്രവർത്തിക്കുന്ന സാമൂഹികസാഹചര്യങ്ങൾ പരിഗണിച്ചായിരിക്കണം. ക്രഷിലെ കെയർടേക്കർമാരുടെയും കുട്ടികളുടെയും അനുപാതം നിർണയിക്കണം.
സ്ക്രീനുകളാകാം, സമയം നിയന്ത്രിക്കണം
സാങ്കേതിക ഉപകരണങ്ങൾ കണ്ടും സ്പർശിച്ചും അനുഭവിച്ചും വളരുന്നവരാണ് കുട്ടികളെന്നതിനാൽ ഇവ അവഗണിച്ചോ നിരാകരിച്ചോ മുന്നോട്ട് പോകാൻ കഴിയില്ല. രസകരമായ പഠനസാഹചര്യമൊരുക്കുന്നതിന് ഓഡിയോ-വിഡിയോ ഇൻപുട്ടുകൾ, ദൃശ്യങ്ങൾ, ഉപകരണങ്ങൾ, നിർമിതികൾ എന്നിവ ഉപയോഗിക്കാം. പ്രായത്തിന് അനുയോജ്യമായ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളാണ് പരിഗണിക്കേണ്ടത്. സാങ്കേതികവിദ്യ ഉപയോഗത്തിൽ അധ്യാപകർക്ക് മതിയായ പ്രാവീണ്യമുണ്ടാകണം. ഇതോടൊപ്പം വീട്ടിലും സ്കൂളിലും കുട്ടികൾക്കുള്ള സ്ക്രീൻനോട്ട സമയം നിശ്ചയിക്കുകയും പരിധി കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. സ്വതന്ത്രമായ കളികളും ചലനങ്ങളും പരിമിതപ്പെടുത്തുന്ന തരത്തിലും പൊതുവിജ്ഞാനം അടിച്ചേൽപ്പിക്കുന്ന തരത്തിലുമുള്ള സാങ്കേതികവിദ്യാ ഉപയോഗം നിരുത്സാഹപ്പെടുത്തണം.
സുരക്ഷിതമായി എത്താൻ കഴിയണം
സുരക്ഷിതമായും എളുപ്പത്തിലും എത്തിച്ചേരാൻ കഴിയുന്നതവകണം പ്രീ സ്കൂളുകൾ. മലയോര-തീരദേശ-വനമേഖലകളിലുള്ള കുട്ടികൾ, അന്തർസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ എന്നിവർക്ക് എത്തിച്ചേരാൻ കഴിയുംവിധമാകണം ഇവ സ്ഥാപിക്കേണ്ടത്. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സർവേ നടത്തി പ്രീസ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്തവരില്ല എന്ന് ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.