ദുബൈ: അന്താരാഷ്ട്ര വിദ്യാഭ്യാസ മേളയുടെ ഭാഗമായി നടക്കുന്ന 'ഗൾഫ് മാധ്യമം' എജുകഫേ വേദിയിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ച പാനൽ ചർച്ച ശ്രദ്ധേയമായി. യു.എ.ഇയിലെ പ്രമുഖ സ്കൂൾ പ്രിൻസിപ്പൽമാർ അണിനിരന്ന ചർച്ചയിൽ കോവിഡാനന്തരം വിദ്യാഭ്യാസ മേഖലയിൽ രൂപപ്പെടുന്ന പുതിയ സാധ്യതകൾ ചർച്ചയായി. തൊഴിൽ സാധ്യതകൾ ഓരോ വർഷം കഴിയുമ്പോഴും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് പുതിയ കഴിവുകൾ വേഗത്തിൽ കരസ്ഥമാക്കാനും അവരെ മാറ്റത്തോടൊപ്പം വേഗത്തിൽ സഞ്ചരിക്കാനും പ്രാപ്തരാക്കുകയാണ് ചെയ്യേണ്ടതെന്ന് സെഷനിൽ സംസാരിച്ച പ്രമുഖർ അഭിപ്രായപ്പെട്ടു.
കോവിഡ് ധാരാളം പ്രതിസന്ധികൾ സൃഷ്ടിച്ചപ്പോഴും വിദ്യാഭ്യാസ മേഖലയിൽ പുതിയ ആലോചനകൾക്കും പുതിയ സംവിധാനങ്ങൾക്കും വേഗത പകരാനും ഇത് കാരണമായി. പുതിയ കാലത്ത് ഏറ്റവും ആവശ്യമായ സാങ്കേതിക വിജ്ഞാനങ്ങളെ കുട്ടികൾക്ക് പകർന്നു കൊടുക്കാൻ സ്കൂളുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാവി നിർണയിക്കുക ഭാവി സാങ്കേതികവിദ്യകൾ കൂടിയാണ്. ഏറ്റവും വേഗത്തിൽ മുന്നേറുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ്, മെറ്റാവേഴ്സ് പോലുള്ള നവീന സംവിധാനങ്ങൾ കൂടി വിദ്യാഭ്യാസ മേഖലയിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇവയുടെ സാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്താനും കഴിയേണ്ടതുണ്ട് -പ്രിൻസിപ്പൽമാർ അഭിപ്രായപ്പെട്ടു. തൊഴിൽ കേന്ദ്രീകൃതമല്ലാത്ത സ്കിൽ കേന്ദ്രീകൃത വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നും പാനൽ ചർച്ചയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഷാർജ ഇന്ത്യൻ സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ ഡോ. പ്രമോദ് മഹാജൻ ചർച്ചക്ക് നേതൃത്വം നൽകി. ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസ വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, ജെംസ് ഔവറോൺ ഇംഗ്ലീഷ് ഹൈസ്കൂൾ പ്രിൻസിപ്പലും സി.ഇ.ഒയുമായ ശ്രീവൽസൻ മുരുകൻ, ഫെയ്സ് ഇൻറർനാഷനൽ സ്കൂൾ ഷാർജ പ്രിൻസിപ്പൽ മുഹ്സിൻ കട്ടയാട്ട്, ഷാർജ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മിനി മേനോൻ, റയാൻ ഇൻറർനാഷനൽ സ്കൂൾ ഷാർജ പ്രിൻസിപ്പൽ ഡെയ്സി പോൾ എന്നിവർ ചർച്ചയിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.