ന്യൂഡൽഹി: മേയിൽ തുടങ്ങാനിരിക്കുന്ന 10, 12 ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷകൾ ഒാഫ് ലൈനായി തന്നെ നിശ്ചയിച്ച തീയതികളിൽ നടത്തുമെന്ന് സി.ബി.എസ്.ഇ. വിദ്യാർഥികൾ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കി സുഗമമായി പരീക്ഷ നടത്തുന്നതിനായി ഇന്ത്യയിലും മറ്റു രാജ്യങ്ങളിലുമായി 2,500 പരീക്ഷ കേന്ദ്രങ്ങൾ കൂടി തയാറാക്കും. 7,500 പരീക്ഷ കേന്ദ്രങ്ങളിലായി 3,40,000 വിദ്യാർഥികളാണ് പരീക്ഷ എഴുതുക.
കഴിഞ്ഞ വർഷം 5000 കേന്ദ്രങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും സി.ബി.എസ്.ഇ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, പരീക്ഷ നടത്താനുള്ള തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തുവന്നു. കോവിഡ് രാജ്യത്തെ വീണ്ടും നശിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, പരീക്ഷകളുടെ അധികസമ്മർദം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികളോടുള്ള അനുകമ്പ പ്രതിഫലിപ്പിക്കുന്ന മാറ്റം വേണം. നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികളെ പരീക്ഷക്ക് ഹാജരാക്കുന്നത് സി.ബി.എസ്.ഇ. പോലുള്ള ബോർഡുകളുടെ നിരുത്തരവാദിത്തമാണ്. പരീക്ഷകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യണം. അല്ലെങ്കിൽ തിരക്കേറിയ പരീക്ഷാ കേന്ദ്രങ്ങളിൽ കുട്ടികൾ നേരിട്ട് വരേണ്ടതില്ലാത്ത രീതിയിൽ ക്രമീകരിക്കണെമന്നും അവർ ട്വിറ്ററിൽ കുറിച്ചു. പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷത്തോളം വിദ്യാർഥികൾ ഒപ്പിട്ട ഓൺലൈൻ അപേക്ഷ സർക്കാറിന് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.