എൻജിനീയറിങ്​ പ്രവേശന പരീക്ഷയിലെ പരിഷ്​കാരം; റാങ്ക് പട്ടിക തയാറാക്കുന്നതിൽ പ്ലസ് ടു മാർക്ക് ഒഴിവാക്കാനും നീക്കം

തിരുവനന്തപുരം: കേരള എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നതിന് പ്ലസ് ടു/ തത്തുല്യ പരീക്ഷയുടെ മാർക്ക് പരിഗണിക്കുന്നത് ഒഴിവാക്കാൻ വീണ്ടും നീക്കം. എൻജിനീയറിങ് പ്രവേശന പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ (സി.ബി.ടി) നടത്താൻ ശിപാർശ ചെയ്ത് നൽകിയ റിപ്പോർട്ടിലാണ് റാങ്ക് പട്ടിക തയാറാക്കുന്നതിൽ നിന്ന് പ്ലസ് ടു മാർക്ക് പരിഗണിക്കുന്ന രീതി ഒഴിവാക്കിയത്.

കഴിഞ്ഞ വർഷം കോവിഡ് സാഹചര്യത്തിൽ പ്ലസ് ടു മാർക്ക് പരിഗണിക്കാതെ പ്രവേശന പരീക്ഷയിലെ സ്കോർ മാത്രം പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കാൻ പ്രവേശന പരീക്ഷ കമീഷണർ ശിപാർശ നൽകിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ ശിപാർശ സർക്കാർ തള്ളുകയും പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്ക് ലഭിച്ച മാർക്കും പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറും തുല്യ അനുപാതത്തിൽ പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കുന്ന രീതി തുടരാൻ തീരുമാനിക്കുകയുമായിരുന്നു.

പ്ലസ് ടു മാർക്ക് ഒഴിവാക്കിയുള്ള റാങ്ക് പട്ടിക തയാറാക്കൽ രീതി സ്വകാര്യ എൻട്രൻസ് സ്ഥാപനങ്ങളെ സഹായിക്കുന്നതിന് വഴിവെക്കുമെന്നായിരുന്നു പ്രധാന വിമർശനം. എൻട്രൻസ് പരിശീലനത്തിന് ചേരാൻ കഴിയാത്ത വിദ്യാർഥികൾക്ക് എൻജിനീയറിങ് പ്രവേശനം നിഷേധിക്കാനും നടപടി വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അടുത്ത വർഷം മുതൽ പേപ്പർ-പെൻ രീതിയിലുള്ള ഒ.എം.ആർ പരീക്ഷക്കുപകരം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്താനാണ് പരീക്ഷ കമീഷണർ സർക്കാറിന് നൽകിയ റിപ്പോർട്ടിലുള്ളത്. ജെ.ഇ.ഇ പരീക്ഷ മാതൃകയിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി പാർട്ടുകൾക്ക് 100 വീതം മാർക്കോടെ ആകെ 300 മാർക്കിനുള്ള പരീക്ഷ നടത്താനാണ് ശിപാർശ. റിപ്പോർട്ട് സർക്കാറിന്‍റെ പരിഗണനയിലാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതിനാൽ ഒന്നിലധികം ബാച്ചുകളും ഷിഫ്റ്റുകളുമായാണ് പരീക്ഷ നടത്താൻ ശിപാർശ ചെയ്തിരിക്കുന്നത്. ഇതിനായി ഒന്നിലേറെ ചോദ്യ സെറ്റുകൾ ഉപയോഗിക്കേണ്ടിവരുമെന്നതിനാൽ മൂല്യനിർണയത്തിന് 'സ്റ്റാന്‍റേഡ് സ്റ്റാറ്റിസ്റ്റിക്കൽ മെതേഡ്' ഉപയോഗിക്കണമെന്നും ശിപാർശയുണ്ട്.

നിലവിൽ പ്രവേശന പരീക്ഷയിലെ സ്കോറും പ്ലസ് ടു പരീക്ഷയിലെ മാർക്കും 50:50 എന്ന അനുപാതത്തിൽ പരിഗണിച്ച് സ്റ്റാന്‍റേഡൈസേഷനിലൂടെയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. പ്ലസ് ടു പരീക്ഷയിലെ മാർക്ക് കൂടി പരിഗണിക്കുന്നത് സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഗുണകരമായിരുന്നു.

Tags:    
News Summary - Reform in Engineering Entrance Examination; There is also a move to avoid plus two marks in preparing the rank list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.