തിരുവനന്തപുരം: ഭിന്നശേഷി സംവരണ പ്രശ്നത്തിൽ എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗീകാരം തടയപ്പെട്ടവർക്ക് വ്യവസ്ഥകളോടെ താൽക്കാലിക നിയമനാംഗീകാരത്തിന് സർക്കാർ ഉത്തരവ്. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മാർഗനിർദേശം പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. മുൻകാല നിയമനങ്ങളിലെ ഭിന്നശേഷി സംവരണക്കുറവ് വ്യക്തമാക്കി ‘സമന്വയ’ പോർട്ടൽ വഴി തയാറാക്കിയ റോസ്റ്റർ പ്രകാരം എയ്ഡഡ് സ്കൂളുകൾ ഭിന്നശേഷി നിയമനത്തിനാവശ്യമായ ഒഴിവുകൾ മാറ്റിവെക്കണം. യോഗ്യരായ ഭിന്നശേഷിക്കാരെ ലഭിക്കുന്ന മുറക്ക് ഈ ഒഴിവുകളിൽ നിയമിക്കണം.
2018 നവംബർ 18 മുതലുള്ള ഒഴിവുകളിൽ നിയമനാംഗീകാരമില്ലാതെ തുടരുന്നവരെ മാറ്റിയാണ് ഭിന്നശേഷിക്കാർക്ക് നിയമനം നൽകേണ്ടത്. ഭിന്നശേഷിക്കാർ ജോലിയിൽ പ്രവേശിക്കുന്നതുവരെ അവർക്കുള്ള ഒഴിവിൽ തുടരുന്ന അധ്യാപകർക്ക് മറ്റ് യോഗ്യതകളുണ്ടെങ്കിൽ താൽക്കാലിക ഒഴിവായി കണക്കാക്കി ശമ്പള സ്കെയിലിൽ അലവൻസ് സഹിതം നിയമനാംഗീകാരം നൽകണം. ഇവരുടെ പ്രബേഷൻ പ്രഖ്യാപിക്കാനോ വാർഷിക ഇൻക്രിമെൻറ് അനുവദിക്കാനോ പാടില്ല. ഇവരുടെ നിയമനാംഗീകാരത്തിന് ഭിന്നശേഷി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല.
ഭിന്നശേഷി ഉദ്യോഗാർഥിയെ ആവശ്യപ്പെട്ട് മാനേജർ എംപ്ലോയ്മെൻറ് ഓഫിസർക്ക് അയച്ച അപേക്ഷ ഫോറത്തിന്റെ പകർപ്പ് ലഭ്യമായാൽ താൽക്കാലിക ഒഴിവിൽ നിയമിക്കപ്പെട്ടവർക്ക് നിയമനാംഗീകാരം നൽകാം. ഭിന്നശേഷി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുന്ന തീയതിവരെയായിരിക്കണം ഇവർക്ക് നിയമനാംഗീകാരം.
ഭിന്നശേഷി സംവരണത്തിന് സാമൂഹികനീതി വകുപ്പ് ഉത്തരവിറക്കിയ 2018 നവംബർ 18 മുതൽ സംവരണം നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയ 2021 നവംബർ ഏഴു വരെയുണ്ടായ ഒഴിവുകളിൽ, ഈ തീയതിക്കുശേഷം നിയമിക്കപ്പെട്ടവരാണെങ്കിലും താൽക്കാലിക നിയമനാംഗീകാരത്തിന് അർഹരായിരിക്കും. ഭിന്നശേഷി ഉദ്യോഗാർഥിയെ ആവശ്യപ്പെട്ട് മാനേജർ എംപ്ലോയ്മെൻറ് ഓഫിസർക്ക് നൽകിയ ഫോറത്തിന്റെ പകർപ്പും മാറ്റിവെച്ച ഒഴിവിന്റെ വിവരങ്ങളുമടങ്ങിയ റിപ്പോർട്ടും വിദ്യാഭ്യാസ ഓഫിസർക്ക് സമർപ്പിക്കണം.
എംപ്ലോയ്മെൻറ് ഓഫിസർക്ക് ഒഴിവ് റിപ്പോർട്ട് ചെയ്ത സ്കൂളുകളിൽ മാത്രമേ താൽക്കാലിക നിയമനാംഗീകാരം നൽകൂ. താൽക്കാലിക നിയമനാംഗീകാരം ലഭിച്ചവരിൽ ഭിന്നശേഷിക്കാർ വരുന്നതുവഴി പുറത്തുപോകുന്നവർക്ക് അതേ സ്കൂളിൽ/അതേ മാനേജ്മെൻറ് കീഴിലെ മറ്റ് സ്കൂളുകളിൽ പിന്നീടുള്ള ഒഴിവിൽ പുനർനിയമനത്തിന് കെ.ഇ.ആർ പ്രകാരം അവകാശമുണ്ടാകും.റോസ്റ്റർ പ്രകാരം ഭിന്നശേഷി നിയമനത്തിന് ഒഴിവുകൾ മാറ്റിവെച്ച് മാനേജർ ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ, നിജസ്ഥിതി ഉറപ്പുവരുത്തി 2018 നവംബർ 18 മുതൽ നടത്തിയ മറ്റ് നിയമനങ്ങൾ നിയമന തീയതി മുതൽ താൽക്കാലികമായി അംഗീകരിച്ച് ശമ്പളവും ആനുകൂല്യങ്ങളും നൽകണം.
ഭിന്നശേഷി സംവരണക്കുറവ് പരിഹരിച്ച് മാനേജർ നിയമനം നൽകിയാൽ അംഗീകാരം ലഭിക്കുന്ന മുറക്ക് ഈ കാറ്റഗറിയിൽ താൽക്കാലികമായി തുടരുന്ന മറ്റ് നിയമനങ്ങൾ പരിശോധിച്ച് നിയമന തീയതി മുതൽ വിദ്യാഭ്യാസ ഓഫിസർക്ക് സ്ഥിരപ്പെടുത്താം. സർക്കാർ ഉത്തരവിലെ നടപടികൾ പാലിച്ചിട്ടും സംവരണ നിയമനത്തിന് ഭിന്നശേഷിക്കാരെ ലഭിക്കുന്നില്ലെങ്കിൽ താൽക്കാലിക നിയമനാംഗീകാരത്തിൽ തുടരുന്നയാളെ 2018 നവംബർ 18ന് ശേഷമുള്ള നിയമന തീയതി മുതൽ സ്ഥിരപ്പെടുത്താം.ഭിന്നശേഷി സംവരണക്കുറവ് (ബാക്ക്ലോഗ്) വ്യക്തമാക്കുന്ന റോസ്റ്റർ സമർപ്പിക്കാത്ത മാനേജ്മെൻറുകളുടെ നിയമനത്തിന് അംഗീകാരം നൽകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.