മലപ്പുറം: എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ ഇറക്കിയ 2021ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തതയുമായി സംസ്ഥാന സർക്കാർ. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവിൽ വ്യക്തത വരുത്തിയിരിക്കുന്നത്. മുൻകാല പ്രാബല്യത്തിൽ നിയമനം നടത്തുന്നവരെ ഉൾപ്പെടുത്തി തയാറാക്കുന്ന ബാക്ക് ലോഗിലെ ആദ്യത്തെ ഒഴിവിൽ ഭിന്നശേഷിക്കാരെ നിയമിക്കാനാണ് നിർദേശം. ഇതിനകം അംഗീകാരം നൽകിയ നിയമനങ്ങൾ പുനഃപരിശോധിക്കില്ലെന്ന് മറുപടിയിൽ വ്യക്തമാക്കുന്നു. ഹൈകോടതി വിധിപ്രകാരം ഇതിനകം അംഗീകാരം നൽകിയവർക്ക് ശമ്പളം നൽകാൻ തടസ്സമില്ല. ഭിന്നശേഷി സംവരണ ക്വോട്ട പൂർത്തിയാക്കിയാൽ മാത്രമേ 2018 മുതൽ അതത് സ്കൂളുകളിൽ മാനേജ്മെന്റ് നിയമിച്ചവർക്ക് അംഗീകാരം ലഭിക്കൂ. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറിയിലെ ബൈ ട്രാൻസ്ഫർ നിയമനങ്ങളും അംഗീകരിക്കും. ഓപൺ വേക്കൻസികളിലാണ് ഭിന്നശേഷി സംവരണം നടത്തേണ്ടത്.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് 1996 -2017 വരെ മൂന്നു ശതമാനമായിരുന്നു ഭിന്നശേഷി സംവരണം. 2017 മുതൽ 2021 വരെ നാലു ശതമാനം സംവരണം നൽകാനാണ് ഹൈകോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ 2021ൽ ഭിന്നശേഷി സംവരണം സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. സംവരണം പാലിക്കാൻ സ്കൂൾ മാനേജ്മെന്റ് പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി (സീനിയർ), ഹയർ സെക്കൻഡറി (ജൂനിയർ), വൊക്കേഷനൽ ഹയർ സെക്കൻഡറി (സീനിയർ), വൊക്കേഷനൽ ഹയർ സെക്കൻഡറി (ജൂനിയർ), നോൺ ടീച്ചിങ് ഒഴിവുകളുടെ ബാക്ക് ലോഗ് തയാറാക്കണം. 2018 നവംബർ 18 മുതലുള്ള ഒഴിവുകൾ സ്കൂളുകൾ തരംതിരിച്ച് സ്റ്റേറ്റ്മെന്റും സാക്ഷ്യപത്രവും വിദ്യാഭ്യാസ ഓഫിസർമാർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും സമർപ്പിക്കണം.
ഒരു മാനേജ്മെന്റിന്റെ സ്കൂളുകൾ ഒരു ഉപജില്ല/ വിദ്യാഭ്യാസ ജില്ലക്കുള്ളിലാണ് നിലനിൽക്കുന്നതെങ്കിൽ ഒഴിവുകളുടെ സ്റ്റേറ്റ്മെന്റ്, സാക്ഷ്യപത്രം എന്നിവ ഉപജില്ല/ ജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് സമർപ്പിക്കണം. ഒരു റവന്യൂ ജില്ലക്കുള്ളിലാണെങ്കിൽ അവ വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും ഒന്നിലധികം റവന്യൂ ജില്ലകളിൽ സ്കൂളുകളുള്ള മാനേജുമെന്റുകൾ സ്കൂളുകൾ ഒറ്റ യൂനിറ്റായി പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും സമർപ്പിക്കണം.
ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒഴിവുകൾ മാനേജർമാർ ആർ.ഡി.ഡി/ എ.ഡി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് സമർപ്പിക്കണം. ഭിന്നശേഷി സംവരണം പാലിച്ച് നിയമനം നടത്തുന്നതുവരെ ജോലി ചെയ്യുന്നവർക്കും ദിവസവേതനം നൽകാം. ഭിന്നശേഷി സംവരണത്തിനായി തസ്തിക വിട്ടുനൽകുന്നത് കാരണം പുറത്തുപോകേണ്ടിവരുന്നവരുടെ നിയമന തീയതി മുതൽ ഭിന്നശേഷി സംവരണം പാലിച്ച് നിയമനം നടത്തുന്നതുവരെയുള്ള കാലയളവ് മറ്റുവിധത്തിൽ യോഗ്യമെങ്കിൽ അപ്പലേറ്റ് ഉത്തരവ് കൂടാതെ നിലവിലെ ചട്ടങ്ങൾ പ്രകാരം അംഗീകരിക്കാം. ഇവർക്ക് ഭിന്നശേഷി സംവരണത്തിനായി മാറ്റിവെക്കുന്ന തസ്തികകളൊഴികെ മാനേജ്മെന്റിൽ പിന്നീടുണ്ടാകുന്ന ഒഴിവുകളിലേക്ക് മുൻഗണന നൽകാമെന്നും ജോയന്റ് സെക്രട്ടറി അയച്ച മറുപടിയിൽ പറയുന്നു.
അതേസമയം, ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന് മാനേജ്മെന്റ് എതിരല്ലെന്ന് പ്രൈവറ്റ് എയ്ഡഡ് സ്കൂള്‍ മാനേജേഴ്സ് അസോ. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് നാസർ എടരിക്കോട് പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച് കേരള വിദ്യാഭ്യാസ ചട്ടത്തിൽ വ്യക്തത വരുത്തണം. മാനേജ്മെന്റുമായി ചർച്ച നടത്താതെയാണ് നടപ്പാക്കുന്നത്. ഒരാളെയും പിരിച്ചുവിടില്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.