തിരുവനന്തപുരം: മെഡിക്കൽ/ എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള റവന്യൂ സർട്ടിഫിക്കറ്റുകൾ പിന്നീട് നൽകുന്നതിൽ പ്രവേശന പരീക്ഷ കമീഷണറേറ്റ് പ്രേയാഗിക ബുദ്ധിമുട്ട് അറിയിച്ചു. ഇതുസംബന്ധിച്ച പ്രശ്നം പഠിക്കാൻ മന്ത്രിസഭ യോഗം ചുമതലപ്പെടുത്തിയ ചീഫ് സെക്രട്ടറി പോൾ ആൻറണിയെയാണ് പ്രവേശന പരീക്ഷ കമീഷണർ ഇക്കാര്യം അറിയിച്ചത്.
റവന്യൂ അധികാരികളിൽനിന്ന് ലഭ്യമാക്കേണ്ട സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് സാധുത ഉറപ്പാക്കാൻ സമയമെടുക്കും. പരീക്ഷഫലം വന്ന ശേഷം ഇതിന് ആവശ്യമായ സമയം ലഭിക്കാതെ വരും. മാത്രവുമല്ല, സംവരണ വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് യോഗ്യത നേടാൻ സർട്ടിഫിക്കറ്റുകളുടെ ലഭ്യതയും ഘടകമാണ്. ഫലം പ്രസിദ്ധീകരിച്ച ശേഷം ഇവ ലഭ്യമാക്കി പരിശോധന നടത്തിയാൽ റാങ്ക് പട്ടികയും അതുവഴി അലോട്ട്മെൻറ് നടപടികളും വൈകുമെന്നാണ് പ്രവേശന പരീക്ഷ കമീഷണറേറ്റിെൻറ നിലപാട്. പട്ടികജാതി-വർഗ വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ ജാതി സർട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് കിർതാഡ്സ് ആണ്. ഇതിന് രണ്ടു മാസത്തെ സമയം ആണ് കിർതാഡ്സ് ആവശ്യപ്പെട്ടതെന്നും പ്രവേശന പരീക്ഷ കമീഷണർ ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
സമയബന്ധിതമായി പൂർത്തിയാക്കേണ്ട നടപടിയായതിനാൽ സർട്ടിഫിക്കറ്റ് വൈകുന്നത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. കഴിഞ്ഞ വർഷം ഫെബ്രുവരി 28 വരെയായിരുന്നു അപേക്ഷ സമയം. അതിനോടൊപ്പംതന്നെ സർട്ടിഫിക്കറ്റുകളും സമർപ്പിക്കണമായിരുന്നു. എന്നാൽ, ഇത്തവണ മാർച്ച് 31വരെ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സമയം നൽകിയിട്ടുണ്ടെന്നും കമീഷണറേറ്റ് വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാർ എടുക്കുന്ന തീരുമാന പ്രകാരം തുടർനടപടികൾ സ്വീകരിക്കും.
പ്രഫഷനൽ കോഴ്സ് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനായി വിദ്യാർഥികളും രക്ഷാകർത്താക്കളും ഒന്നടങ്കം വില്ലേജ് ഒാഫിസുകളിൽ എത്തുന്നത് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നവർ മാത്രം സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചാൽ മതിയെന്ന നിർദേശമാണ് പകരം ഉയർന്നുവന്നത്. യോഗ്യത നേടാത്തവർക്കും പ്രവേശനം ആഗ്രഹിക്കാത്തവർക്കും സർട്ടിഫിക്കറ്റ് നൽകുന്നത് ഒഴിവാക്കാനും ഇതു സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രശ്നം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ യോഗം ചുമതലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.