തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ച് വയസ്സ് തന്നെ തുടരുമെന്ന് വ്യക്തമാക്കി കരട് സ്കൂൾ മാന്വൽ പ്രസിദ്ധീകരിച്ചു. ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സിൽ നടത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. സംസ്ഥാനത്ത് നിലവിലെ രീതി തുടരുമെന്ന് വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതിനനുസൃതമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച മാന്വലിൽ അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് ഒന്നാം ക്ലാസ് പ്രവേശനം വ്യവസ്ഥ ചെയ്യുന്നത്.
ഒന്ന് മുതൽ ഒമ്പതുവരെ ക്ലാസുകളിലെ പ്രവേശനത്തിന് മൂന്ന് മാസത്തെയും പത്താം ക്ലാസിൽ ആറ് മാസത്തെയും വയസ്സിളവ് ജില്ല/ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് അനുവദിക്കാം. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലേക്ക് ഒരു ഡിവിഷനിൽ 30 കുട്ടികൾക്കും ആറുമുതൽ എട്ടുവരെ ക്ലാസുകളിലെ ഡിവിഷനിൽ 35 കുട്ടികൾക്കും ഒമ്പത്, പത്ത് ക്ലാസുകളുടെ കാര്യത്തിൽ ആദ്യ ഡിവിഷനിൽ 50 കുട്ടികൾക്കും പ്രവേശനം നൽകാം. 50ൽ അധികം കുട്ടികൾ വന്നാൽ 45 കുട്ടികൾക്ക് ഓരോ ഡിവിഷൻ എന്ന രീതിയിൽ പ്രവേശനം നൽകാം. കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന രീതിയിൽ അധ്യാപകർ രക്ഷാകർത്താക്കളോട് പരാതി പറയരുതെന്നും മാന്വൽ വ്യവസ്ഥ ചെയ്യുന്നു.
ടി.സി ലഭിക്കാൻ വൈകിയെന്ന കാരണത്താൽ പ്രവേശനം നിഷേധിക്കാൻ പാടില്ല. ടി.സിയില്ലാതെ പ്രവേശനം നൽകുമ്പോൾ പ്രധാന അധ്യാപകൻ വിദ്യാർഥി മുമ്പ് പഠിച്ചിരുന്ന സ്കൂളിൽ ഇക്കാര്യം അറിയിക്കുകയും 'സമ്പൂർണ' സോഫ്റ്റ്വെയർ വഴി ടി.സി ട്രാൻസ്ഫർ ചെയ്യേണ്ടതുമാണ്. കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും പരസ്യപ്പെടുത്താതിരിക്കലും ക്ലാസ് അധ്യാപകന്‍റെ ചുമതലകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂൾ കെട്ടിടവും കാമ്പസും ഉപയോഗിക്കാൻ പാടില്ല.
പ്ലാസ്റ്റിക് കുപ്പികളും ക്യാരി ബാഗുകളും ഗ്ലാസും ഉപയോഗിക്കാൻ പാടില്ല. സ്കൂൾ അസംബ്ലി 15 മിനിറ്റിൽ കവിയരുത്. സ്കൂളിൽ കുറഞ്ഞത് ഒരു മലയാളം ഡിവിഷൻ ഉണ്ടായിരിക്കണം. 30 കുട്ടികൾ ഉണ്ടെങ്കിലേ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കാവൂ.
സ്കൂൾ പി.ടി.എ എക്സിക്യൂട്ടിവിൽ രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും പ്രതിനിധികളിൽ പകുതി സ്ത്രീകളായിരിക്കണം. പി.ടി.എ പ്രസിഡന്‍റിന്‍റെ പരമാവധി കാലാവധി മൂന്ന് വർഷമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.